1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 28, 2017

സ്വന്തം ലേഖകന്‍: ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് തട്ടിക്കൊണ്ടു പോയ 39 ഇന്ത്യക്കാരുടെ മോചനം, സുഷമ സ്വരാജ് ഇറാഖ് സര്‍ക്കാരിന്റെ സഹായം തേടി. മൂസിലില്‍ നിന്ന് ഐഎസ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരെ കണ്ടെത്തി നാട്ടിലെത്തിക്കാന്‍ സഹമന്ത്രി വി.കെ. സിങ്ങിന് വേണ്ട സഹായം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബന്ദികളാക്കപ്പെട്ട ഇന്ത്യക്കാര്‍ ബദുഷിലെ ജയിലില്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്.

തീവ്രവാദത്തിനെതിരായ പോരാട്ടത്തിലും രാജ്യത്തിന്റെ അഖണ്ഡത ഉറപ്പിക്കാനുള്ള ശ്രമത്തിലും ഇറാഖിലെ സര്‍ക്കാറിനും ജനങ്ങള്‍ക്കും ഇന്ത്യയുടെ പിന്തുണ സുഷമ അറിയിച്ചതായും വിദേശകാര്യ മന്ത്രാലയ വക്താവ് ഗോപാല്‍ ബഗ്‌ലായ് അറിയിച്ചു. ഇറാഖ് വിദേശകാര്യ മന്ത്രി ഇബ്രാഹീം അല്‍ ജാഫരിയുടെ ഇന്ത്യ സന്ദര്‍ശനം സംബന്ധിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു ബഗ്‌ലായ്.

ഉഭയകക്ഷി, പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങള്‍ ഇരു മന്ത്രിമാരും ചര്‍ച്ച ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെക്കുറിച്ച് ഇറാഖ് സര്‍ക്കാറിന് കൂടുതല്‍ വിവരം ലഭിക്കുമ്പോള്‍ വി.കെ. സിങ്ങിന്റെ സന്ദര്‍ശനത്തിന് സഹായം ചെയ്യണമെന്ന് സുഷമ ജാഫരിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ ഊര്‍ജ മേഖലയ്ക്ക് ഇറാഖ് നല്‍കുന്ന സംഭാവനക്ക് മന്ത്രിയോട് സുഷമ നന്ദി അറിയിച്ചതായും വക്താവ് വ്യക്തമാക്കി.

ഇറാഖില്‍ ഐഎസ് ഭീകരരുടെ പിടിയിലായ 39 ഇന്ത്യക്കാര്‍ ജീവിച്ചിരിപ്പില്ലെന്നു കൃത്യമായ വിവരം ലഭിക്കാത്തിടത്തോളം കാലം അവര്‍ക്കായി തിരച്ചില്‍ തുടരുമെന്നു സുഷമ സ്വരാജ് രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഭീകരരുടെ പിടിയിലായ ഫാ.ടോം ഉഴുന്നാലിലിനെ കണ്ടെത്തുന്നതിനു മുന്‍ഗണന നല്‍കണമെന്ന് യെമന്റെ ഉപപ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.