1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 6, 2015

ഇന്ത്യയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് വിവാദ ബിബിസി ഡോക്യുമെന്ററി ഇന്ത്യയുടെ മകള്‍ യൂട്യൂബ് പിന്‍വലിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഡോക്യുമെന്ററി പിന്‍വലിക്കാന്‍ യൂ ട്യൂബ് തയ്യാറായത്.

ഡല്‍ഹി കൂട്ട ബലാത്സംഗ കേസിന്റെ നാള്‍വഴികള്‍ അന്വേഷിക്കുന്ന ഇന്ത്യയുടെ മകള്‍ ബിബിസിക്കു വേണ്ടി സംവിധാനം ചെയ്തത് മാധ്യമ പ്രവര്‍ത്തകയായ ലെസ്ലി ഉദ്‌വിനാണ്. കേസില്‍ വധശിക്ഷ കാത്തു കഴിയുന്ന പ്രതികളുടെ അഭിമുഖം ഡോക്യുമെന്ററിക്കു വേണ്ടി ലെസ്ലി ജയിലില്‍ വച്ച് ചിത്രീ നേരത്തെ ചിത്രീകരിച്ചിരുന്നു.

ഞായറാഴ്ച ലോക വനിതാ ദിനത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്യാനായിരുന്നു ബിബിസിയുടെ പരിപാടി. അതിനു മുന്നോടിയായി പ്രതികളുടെ അഭിമുഖങ്ങളുടെ ഏതാനും ഭാഗം ചാനല്‍ പുറത്തു വിട്ടു. ഇതാണ് ഇന്ത്യയില്‍ വന്‍ വിവാദത്തിന് തിരി കൊളുത്തിയത്.

അഭിമുഖത്തിലെ പ്രതികളുടെ കൊല്ലപ്പെട്ട പെണ്‍കുട്ടിയെക്കുറിച്ചുള്ള പ്രകോപനപരമായ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയിലും മറ്റും വൈറല്‍ ആകുകയും ജനരോഷത്തിന് കാരണമാകുകയും ചെയ്തു. കേസ് ഇപ്പോഴും അപ്പീലിന് പരിഗണിച്ചിട്ടില്ലാത്തതിനാല്‍ പ്രതികളുടെ അഭിമുഖം ചിത്രീകരിക്കുകയും സംപ്രേക്ഷണം ചെയ്യുകയും ചെയ്തത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം ഡോക്യുമെന്ററി നിരോധിക്കുകയും സംവിധായികക്കെതിരെ കേസെടുക്കുകയും ചെയ്തു.

നിരോധനത്തെ തുടര്‍ന്ന് ബിബിസി ഡോക്യുമെന്ററി യൂട്യൂബിലൂടെ റിലീസ് ചെയ്യുകയായിരുന്നു. നിമിഷങ്ങള്‍ക്കകം ഡോക്യുമെന്ററി വൈറലാകുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം പ്രശ്‌നത്തില്‍ ഇടപെട്ടത്.

അതേസമയം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ചിത്രത്തിന് അനുകൂലമായി രംഗത്ത് വന്നു. ചിത്രം ഇന്ത്യക്ക് നേരെ പിടിച്ച കണ്ണാടിയാണെന്ന് ഒരു അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. എല്ലാം ഇന്ത്യക്കാരോടും ചിത്രം കാണണമെന്നും അവര്‍ ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.