1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 22, 2016

സ്വന്തം ലേഖകന്‍: ആണവദാതാക്കളുടെ സംഘത്തില്‍ അംഗത്വം, ഇന്ത്യക്ക് ഇളവുകള്‍ നല്‍കിയാല്‍ പാക്കിസ്ഥാനും നല്‍കണമെന്ന് ചൈന. ആണവ നിര്‍വ്യാപന കരാറില്‍ പാക്കിസ്ഥാന്‍ ഒപ്പുവയ്ക്കാത്തതു മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞന്‍ എ.ക്യു. ഖാന്റെ നിലപാടു മൂലമാണെന്നും പാക്കിസ്ഥാന്റെ ഔദ്യോഗിക നയം അതല്ലെന്നും ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് വിശദീകരിക്കുന്നത്.

ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കാത്ത ഇന്ത്യക്ക് എന്‍എസ്ജി അംഗത്വം നല്കിയാല്‍ എന്തുകൊണ്ടു പാക്കിസ്ഥാനും നല്കിക്കൂടാ എന്നു ചൈന നേരിട്ടു ചോദിക്കുന്നത് ഇതാദ്യമായാണ്. ആണവദാതാക്കളുടെ സംഘത്തില്‍ ആര്‍ക്കെങ്കിലും അംഗത്വം നല്കുന്നുവെങ്കില്‍ അതു പൊതുസമ്മതപ്രകാരം ആകണം. പാക്കിസ്ഥാന് അംഗത്വം നല്കാതെ ഇന്ത്യയ്ക്കു മാത്രം അംഗത്വം നല്കുന്നതിലൂടെ ഇന്ത്യയുടെ പ്രശ്‌നം പരിഹരിക്കുമായിരിക്കും. എന്നാല്‍, അതു വലിയൊരു പ്രശ്‌നത്തിനു വഴിവയ്ക്കും. ഇന്ത്യ പാക്കിസ്ഥാന് അംഗത്വം വേണമെന്ന് ആവശ്യപ്പെടുകയാണെങ്കില്‍ പ്രശ്‌നങ്ങളുടെ സങ്കീര്‍ണത കുറയുമെന്നും ലേഖനത്തില്‍ പറയുന്നു.

ഇന്ത്യയും പാക്കിസ്ഥാനും 1998 ല്‍ ആണവപരീക്ഷണം നടത്തിയതിനെ അന്താരാഷ്ട്ര സമൂഹം അപലപിച്ചിരുന്നു. അമേരിക്കയും യൂറോപ്യന്‍ യൂണിയനും ജപ്പാനും ഇരു രാജ്യങ്ങള്‍ക്കും മേല്‍ ഉപരോധവുമായി മുന്നോട്ടുവന്നു. എന്നാല്‍, 2001 സെപ്റ്റംബര്‍ 11ലെ അമേരിക്കയിലെ ഭീകരാക്രമണത്തിനു ശേഷം ഉപരോധം എടുത്തുകളഞ്ഞു.

അതിനുശേഷം അമേരിക്ക ഇന്ത്യയുമായി ആണവകരാറില്‍ ഒപ്പുവച്ചു. ഇന്ത്യയെ ആണവദാതാക്കളുടെ സംഘത്തില്‍ ചേര്‍ക്കാന്‍ അമേരിക്ക പരസ്യപിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, ഇവയൊന്നും എന്‍എസ്ജി അംഗത്വത്തിനു പകരമായില്ല. ആണവ നിര്‍വ്യാപന കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുമ്പോള്‍ മാത്രമേ എന്‍എസ്ജി അംഗത്വത്തിന് അര്‍ഹരാകുകയുള്ളൂ.

ഇറാന്‍, ഇസ്രയേല്‍, ഉത്തരകൊറിയ എന്നീ രാഷ്ട്രങ്ങള്‍ ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങിയാല്‍ സ്ഥിതി എന്താകുമെന്നും ലേഖനം ചോദിക്കുന്നു. ഈ മാസം 24ന് സിയൂളില്‍ ചേരുന്ന ആണവദാതാക്കളുടെ യോഗത്തിനു മുന്നോടിയായാണ് ചൈന നിലപാടു വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയുടെ അംഗത്വം എന്‍എസ്ജിയില്‍ ചര്‍ച്ചാ വിഷയമല്ലെന്നു കഴിഞ്ഞ ദിവസം ചൈനയുടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.