1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2016

സ്വന്തം ലേഖകന്‍: ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം, കടുത്ത എതിര്‍പ്പുമായി ചൈനീസ് മാധ്യമങ്ങള്‍, ഇന്ത്യ ഒറ്റക്കു ചേരരുതെന്ന് പാകിസ്താന്‍. ആണവ ക്ലബ്ബില്‍ ഇന്ത്യ ഇടംപിടിക്കുന്നത് ചൈനീസ് താത്പര്യത്തിനു വിരുദ്ധമാണെന്നുമാത്രമല്ല മേഖലയില്‍ ആയുധമത്സരത്തിനു വഴിതെളിക്കുമെന്നും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

ആണവശക്തികളായ ഇരുരാജ്യങ്ങളും തമ്മില്‍ സംശയങ്ങള്‍ ശക്തിപ്പെടും. ഈ വിഷയത്തില്‍ ഇന്ത്യയോടു മത്സരിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുമെന്നും ലേഖനത്തില്‍ വാദിക്കുന്നു. എന്‍എസ്ജി അംഗത്വ പ്രശ്‌നത്തില്‍ ഇന്ത്യയെ പിന്തുണക്കുന്ന അമേരിക്കന്‍ നിലപാടിനെക്കുറിച്ചും ലേഖനം പറയുന്നുണ്ട്. ഇതുവഴി ഏറ്റവും വലിയ ആണവശക്തിയായ യുഎസിന് വ്യാപാരനേട്ടങ്ങള്‍ ഏറെയാണ്. ആണവസാങ്കേതികവിദ്യ ഇന്ത്യക്കു കൈമാറുന്നത് ഇതിലൊന്നാണ്.

യുഎസിലെ ഒരു കമ്പനി ഇന്ത്യക്ക് ആറ് ആണവറിയാക്ടറുകള്‍ വില്‍ക്കാന്‍ തയാറായിരിക്കുകയാണെന്ന കാര്യവും എടുത്തുപറഞ്ഞിട്ടുണ്ട്.ആണവ നിര്‍വ്യാപന ഉടമ്പടിയിലും സമഗ്ര ആണവ പരീക്ഷണ നിരോധന ഉടമ്പടിയിലും ഇന്ത്യ ഒപ്പുവച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് എന്‍എസ്ജി അംഗത്വം നല്‍കരുതെന്നും ലേഖനത്തില്‍ പറയുന്നു.

അതേസമയം എന്‍എസ്ജിയില്‍ ഒറ്റയ്ക്കു ചേരാന്‍ ഇന്ത്യ ശ്രമിക്കേണ്ടെ ന്നു പാക്കിസ്ഥാന്‍. പാക്കിസ്ഥാനും ഇന്ത്യയും ഒരുമിച്ച് അംഗത്വം എടുക്കുകയാണു വേണ്ടത്. എന്‍എസ്ജിയില്‍ ചേരാന്‍ ഇന്ത്യ നടത്തിയ നീക്കം പരാജയപ്പെടുത്തുന്നതില്‍ പാക്കിസ്ഥാന്‍ വിജയിച്ചെന്ന് സെനറ്റിലെ ചര്‍ച്ചയ്ക്കു മറുപടിയായി പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍ത്താജ് അസീസ് പറഞ്ഞു.

ഇന്ത്യയോടു ചായ്‌വുള്ള നയം അമേരിക്ക സ്വീകരിക്കുന്നത് ചൈനയെ ഒതുക്കാനാണ്. ഇതു പെട്ടെന്നുണ്ടായ നിലപാടു മാറ്റമല്ലെന്നും സെപ്റ്റംബര്‍ 11 ആക്രമണത്തിനുശേഷം ആരംഭിച്ചതാണെന്നും അസീസ് ചൂണ്ടിക്കാട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.