1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2017

സ്വന്തം ലേഖകന്‍: സഹപ്രവര്‍ത്തകരുടെ വെടിയേറ്റിട്ടും അയല്‍രാജ്യമായ ദക്ഷിണ കൊറിയയിലേക്ക് ഓടി രക്ഷപെടുന്ന ഉത്തര കൊറിയന്‍ സൈനികന്റെ വീഡിയോ വൈറല്‍, നാണംകെട്ട് ഉത്തര കൊറിയന്‍ സൈന്യം. ഈ മാസം 13ന് വൈകിട്ട് മൂന്നോടെയാണ് ദക്ഷിണകൊറിയന്‍ സൈനികന്‍ ജീവനുംകൊണ്ട് അയല്‍രാജ്യത്തേക്ക് പാഞ്ഞത്. യുഎസ് നേതൃത്വം നല്‍കുന്ന യുണൈറ്റഡ് നേഷന്‍സ് കമാന്‍ഡ് (യുഎന്‍സി) ആണ് വീഡിയോ പുറത്തുവിട്ടത്. ഗുരുതരാവസ്ഥയില്‍ കഴിയുന്ന സൈനികനെപ്പറ്റി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന 6.57 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ.

വിനോദ സഞ്ചാരകേന്ദ്രമായ പന്‍മുന്‍ജം ട്രൂസ് ഗ്രാമത്തിലായിരുന്നു സംഭവം. ഉത്തര, ദക്ഷിണ കൊറിയന്‍ സൈനികര്‍ അതിര്‍ത്തിയില്‍ മുഖാമുഖം നില്‍ക്കുന്ന മേഖലയാണിത്. നിരീക്ഷണത്തിനായി യുഎന്‍സി കമാന്റിന്റെ സാന്നിധ്യവും ഇവിടെയുണ്ട്. സൈനിക വാഹനത്തില്‍ അതിവേഗം പാഞ്ഞെത്തുന്ന സൈനികന്‍ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സ്വന്തം സഹപ്രവര്‍ത്തകരെ കബളിപ്പിച്ച് ദക്ഷിണകൊറിയന്‍ അതിര്‍ത്തിയിലേക്ക് വാഹനം ഓടിച്ചുകൊണ്ടുപോകുകയായിരുന്നു. തങ്ങളെ വഞ്ചിച്ച് രക്ഷപെടുന്ന സൈനികനെ മറ്റ് സൈനികര്‍ പിന്തുടര്‍ന്ന് ആക്രമിക്കുന്നുണ്ടെങ്കിലും വാഹനം നിര്‍ത്തി സഹസൈനികരുടെ ബുള്ളറ്റുകളെ തോല്‍പ്പിച്ച് ഓടിയ സൈനികന്‍ ദക്ഷിണകൊറിയന്‍ അതിര്‍ത്തിയിലെത്തിയ ശേഷം കുഴഞ്ഞു വീഴുകയായിരുന്നു.

ദക്ഷിണ കൊറിയന്‍ അതിര്‍ത്തിയില്‍വച്ച് വാഹനത്തില്‍ നിന്ന് ഇറങ്ങിയോടുന്ന സൈനികനെ തൊട്ടുപിന്നില്‍ നിന്ന് വെടിവച്ചിട്ടും വീഴ്ത്താനാവാതെ നിസഹായരായി നില്‍ക്കുന്ന ഉത്തര കൊറിയന്‍ സൈന്യത്തിന്റെ കഴിവില്ലായ്മയേയും ഇവര്‍ ഉപയോഗിക്കുന്ന പഴഞ്ചന്‍ ആയുധങ്ങളെയും കുറിച്ച് ഇതിനകംതന്നെ ഏറെ പഴി കേള്‍ക്കേണ്ടി വന്നിരിക്കുകയാണ് ഉത്തര കൊറിയയ്ക്ക്. അടുത്ത് നിന്ന് വെടിവച്ചിട്ടും ഒരാളെ വീഴ്ത്താന്‍ പറ്റിയ ഉന്നം പോലുമില്ലാത്ത സൈനികരെയും പഴഞ്ചന്‍ ആയുധങ്ങളും വച്ചാണ് ഉത്തര കൊറിയ, അമേരിക്കയെ യുദ്ധത്തിന് വെല്ലുവിളിക്കുന്നതെന്നാണ് ഉയരുന്ന വിമര്‍ശനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.