1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2017

സ്വന്ത ലേഖകന്‍: കുവൈറ്റ് ജയിലില്‍ കുടുങ്ങിയ മലയാളി യുവാവിന് മോചനത്തിന് വഴി തെളിയുന്നു. ജോലിയുടെ ഭാഗമായി രക്ത സാമ്പിള്‍ മാറ്റി എന്നാരോപിക്കപ്പെട്ടു കുവൈറ്റ് ജയിലില്‍ അടയ്ക്കപ്പെട്ടിരുന്ന കരിങ്കുന്നം മറ്റത്തിപ്പാറ മുണ്ടോലിപുത്തന്‍പുരയില്‍ എബിന്‍ തോമസിനാണ് മോചനത്തിനുള്ള സാധ്യത തെളിഞ്ഞിരരിക്കുന്നത്. എബിന് കുവൈറ്റ് കോടതി ഒരു മാസത്തെ ജാമ്യം അനുവദിച്ചതോടെയാണിത്.

കഴിഞ്ഞ ഫെബ്രുവരി 22 മുതല്‍ ചെയ്യാത്ത കുറ്റത്തിനു കുവൈറ്റ് ജയിലില്‍ വിചാരണത്തടവുകാരനായി കഴിയുകയായിരുന്നു എബിന്‍ തോമസ്. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ ഫഹാഹില്‍ ക്ലിനിക്കില്‍ 2015 മാര്‍ച്ച് മുതല്‍ ജോലി ചെയ്യുന്നതിനിടയിലാണ് എബിനെ രക്ത സാമ്പിള്‍ മാറ്റിയതായി ആരോപിച്ചു കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. ജാമ്യത്തിനു ശ്രമിച്ചെങ്കിലും അനന്തമായി നീണ്ടുപോകുകയായിരുന്നു. ഒക്ടോബര്‍ ഒന്നിനാണ് കേസില്‍ അന്തിമ വിധി പറയുക.

ക്ലിനിക്കില്‍ രക്തപരിശോധനയ്ക്കായി സാമ്പിള്‍ എടുക്കാനെത്തിയ ബംഗ്ലാദേശ് സ്വദേശിയായ യുവാവിന്റെ രക്ത സാമ്പിള്‍ മാറ്റി നല്‍കിയെന്നാണ് എബിന്റെ പേരിലുള്ള കുറ്റം. കുവൈറ്റില്‍ ജോലിക്കായുള്ള ഇക്കാമയ്ക്കായുള്ള രക്ത പരിശോധനയ്ക്കായാണു സാമ്പിള്‍ ശേഖരിച്ചത്. ക്ലിനിക്കില്‍ സാമ്പിള്‍ എടുത്തു ലാബിലേക്കു പരിശോധനയ്ക്കായി കൊണ്ടു പോകുകയായിരുന്നു രീതി. രക്ത സാമ്പിള്‍ എടുത്തു ലേബല്‍ ഒട്ടിച്ചു ലാബിലേക്ക് അയക്കേണ്ടത് എബിനായിരുന്നു.

മഞ്ഞപ്പിത്ത രോഗമുള്ള യുവാവ് ഇതു മറച്ചുവച്ചാണ് ബംഗ്ലാദേശില്‍നിന്നു കുവൈറ്റിലെത്തിയത്. രക്ത പരിശോധനയില്‍ ഇതു പുറത്തു വരാതിരിക്കാന്‍ ഇയാള്‍ സാമ്പിള്‍ മാറ്റുകയായിരുന്നു. എന്നാല്‍, പണം വാങ്ങി സാമ്പിള്‍ മാറ്റാന്‍ കൂട്ടു നിന്നുവെന്നായിരുന്നു എബിനെതിരെ ഉയര്‍ന്ന ആരോപണം. തുടര്‍ന്നു പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് കസ്റ്റഡിയില്‍ കഴിയവെ കുറ്റമേല്‍ക്കാന്‍ ആവശ്യപ്പെട്ട് എബിനു ക്രൂര മര്‍ദനമേറ്റതായി ബന്ധുക്കള്‍ പറയുന്നു.

കുവൈറ്റില്‍ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന എബിന്റെ സുഹൃത്തുക്കള്‍ കേസ് നടത്തിപ്പിനാവശ്യമായ പണവും സഹായങ്ങളും നല്‍കിയതോടെയാണു കേസ് മുന്നോട്ടു നീങ്ങിയത്. വക്കീല്‍ ഫീസിനത്തില്‍ മാത്രം 15 ലക്ഷം ചെലവായി. മലയാളി വൈദികനായ ഫാ.ജോണ്‍സണും കേസ് നടത്തിപ്പിനു സഹായിച്ചു. മൂന്നുതവണ വിധി പറയാന്‍ മാറ്റിവച്ചെങ്കിലും എബിനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.