1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 25, 2015


ഐപിഎല്‍ വാതുവെപ്പ് കേസില്‍ മുന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെ കോടതി കുറ്റവിമുക്തനാക്കി. ഐപിഎല്‍ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് തയാറാക്കിയ കുറ്റപത്രം കോടതി റദ്ദാക്കി. കേസിലെ എല്ലാ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കിയിട്ടുണ്ട്. മക്കോക്കയടക്കമുള്ള ഒരു കുറ്റവും നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. ഡല്‍ഹി പാട്യാലഹൗസ് പ്രത്യേക കോടതിയില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി നീനാ ബന്‍സാല്‍ കൃഷ്ണയാണ് കേസില്‍ വിധി പറഞ്ഞത്. നിലവില്‍ ബിസിസിയുടെ ആജീവനാന്ത വിലക്ക് നേരിടുന്ന ശ്രീശാന്തിന് ഈ വിധി ആശ്വാസമാകും. വിധിയില്‍ അതീവ സന്തോഷമുണ്ടെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും ശ്രീശാന്ത് പ്രതികരിച്ചു.

ശ്രീശാന്തിനെ കൂടാതെ കുറ്റപത്രത്തില്‍ പേരുണ്ടായിരുന്ന അജയ് ചാന്ദില, അങ്കിത് ചവാന്‍ എന്നിവരെയും കോടതി കുറ്റമുക്തരാക്കി. മക്കോക്കയടക്കമുള്ള കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ നിലനില്‍ക്കില്ലെന്നും അവയൊന്നും തെളിയിക്കാന്‍ ഡല്‍ഹി പൊലീസിന് ആയില്ലെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ തുടരന്വേഷണം വേണമെന്ന വാദവും കോടതി പരിഗണിച്ചില്ല. വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുന്നത് പരിഗണിക്കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച ശ്രീശാന്ത് എല്ലാവരോടും നന്ദിയുണ്ടെന്ന് പറഞ്ഞു. എല്ലാം ഈശ്വരാനുഗ്രഹമാണെന്നായിരുന്നു ശ്രീശാന്തിന്റെ അച്ഛന്‍ ശാന്തകുമാരന്‍ നായര്‍ വിധിയെ കുറിച്ച് പ്രതികരിച്ചത്. വിധിയെ കൈയ്യടിയോട് കൂടിയാണ് കോടതിയിലെത്തിയവര്‍ സ്വീകരിച്ചത്. ശ്രീശാന്തിനൊപ്പം ഭാര്യ ഭുവനേശ്വരി കുമാരിയും പിതാവ് ശാന്തകുമാരന്‍ നായരും കോടതിയില്‍ വിധി കേള്‍ക്കാനെത്തിയിരുന്നു.

ഐപിഎല്‍ കേസില്‍ ശ്രീശാന്ത കുറ്റവിമുക്തനാക്കപ്പെട്ടതോടെ ഇന്ത്യന്‍ ടീമിലേക്കുള്ള ശ്രീശാന്തിന്റെ മടങ്ങി വരവിന്റെ ദൂരം കുറഞ്ഞിരിക്കുകയാണ്. ബിസിസിഐ നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കുകയാണെങ്കില്‍ ശ്രീക്ക് സെലക്ഷനില്‍ പങ്കെടുക്കാനും ടീമില്‍ തിരിച്ചെത്താനുമൊക്കെ സാധിച്ചേക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.