1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2015


ക്രിക്കറ്റ് താരം ശ്രീശാന്ത്, അങ്കിത് ചവാന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ഐപിഎല്‍ വാതുവെപ്പ് കേസില്‍ വിധി പറയുന്നത് കോടതി വീണ്ടും മാറ്റി വെച്ചു. കേസില്‍ ഇന്ന് വിധി പറയുമെന്നായിരുന്നു കോടതി പറഞ്ഞിരുന്നതെങ്കിലും ഇന്ന് പറഞ്ഞത് ജൂവൈ 25ലേക്ക് കേസ് മാറ്റി വെയ്ക്കുകയാണെന്നാണ്. ഡല്‍ഹിയിലെ പട്യാല ഹൗസ് പ്രത്യേക കോടതിയാണ് വിധി പറയുന്നത് വീണ്ടും മാറ്റി വെച്ചത്.

നിലവില്‍ ബിസിസിയുടെ ആജീവനാന്ത വിലക്ക് നേരിടുന്ന ശ്രീശാന്തിന് ഈ കേസിലെ വിധി ഏറെ നിര്‍ണായകമാണ്. കഴിഞ്ഞ മാസം 23നു വിധി പറയുന്നതു മാറ്റിവച്ച ജഡ്ജി പ്രതിസ്ഥാനത്തുള്ളവര്‍ക്കു ബോധിപ്പിക്കാനുള്ള കാര്യങ്ങള്‍ എഴുതി നല്‍കാന്‍ ഈ മാസം ആറുവരെ സമയം അനുവദിച്ചിരുന്നു. കേസില്‍ താന്‍ കുറ്റമുക്തനാകുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീശാന്ത് പറഞ്ഞു.

ശ്രീശാന്തിനു പുറമേ ക്രിക്കറ്റ് താരങ്ങളായ അങ്കിത് ചവാന്‍, അജിത് ചാന്ദില, ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉടമ എന്‍. ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍, നടന്‍ വിന്ദു ധാരാസിങ്, അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം, കുട്ടാളി ഛോട്ടാ ഷക്കീല്‍ എന്നിവരുള്‍പ്പെടെ 42 പേരാണു പ്രതിപ്പട്ടികയിലുള്ളത്. കേസ് ചുമത്തി രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് പ്രത്യേക കോടതി കേസില്‍ വിധി പറയുന്നത്.

ഐപിഎല്‍ വാതുവെപ്പ് കേസില്‍ 2013 മെയ് 16നാണ് ശ്രീശാന്ത് ഉള്‍പ്പെടെയുള്ള പ്രതികളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. മെയ് ഒമ്പതിന് മൊഹാലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ രാജസ്ഥാന്‍ റോയല്‍സിന്റെ മത്സരത്തിന് കോഴ കൈപറ്റി ഒത്തുകളിച്ചെന്നാണ് ആരോപണം. ഐപിഎല്‍ കോഴ കേസില്‍ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യനിരോധന നിയമമായ മക്കോക്ക ഉള്‍പ്പെടെ കടുത്ത വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് ശ്രീശാന്ത് ഉള്‍പ്പെടെയുളളവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.