1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 4, 2015

സ്വന്തം ലേഖകന്‍: തീവ്രവാദത്തിന് എതിരെ ജിസിസി രാഷ്ട്രങ്ങള്‍ക്ക് സമ്പൂര്‍ണ പിന്തുണയെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി. ഇറാന്‍ ആണവകരാര്‍ വിഷയത്തില്‍ അറബ് രാഷ്ട്രങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ദോഹയില്‍ ജി.സി.സി രാഷ്ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ജോണ്‍ കെറി പറഞ്ഞു.

ഇറാന്‍ ആണവ കരാറിനെ ഗള്‍ഫ് രാഷ്ട്രങ്ങള്‍ സ്വാഗതം ചെയ്തിരുന്നുവെങ്കിലും കരാര്‍ ഗള്‍ഫ് മേഖലക്ക് ഭീഷണി സൃഷ്ടിക്കുമോയെന്ന് ജി.സി.സി ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലായിരുന്നു ജോണ്‍ കെറിയുടെ ദോഹ സന്ദര്‍ശനം. ഖത്തര്‍ അമീറുമായും മറ്റു ജി.സി.സി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും ജോണ്‍ കെറി കൂടിക്കാഴ്ച നടത്തി. ആണവകരാര്‍ വിഷയത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമായി ആണവോര്‍ജ്ജം ഉപയോഗിക്കില്ലെന്നും കെറി ജി.സി.സി മന്ത്രിമാര്‍ക്ക് ഉറപ്പ് നല്‍കി.

ഇറാന്റെ ആണവ പരീക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ കരാറിലൂടെ സാധിക്കുമെന്നും അതിനായി അമേരിക്ക നടത്തിയ ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി ഖാലിദ് അല്‍ അത്തിയ പറഞ്ഞു. ഗള്‍ഫ് രാഷ്ട്രങ്ങളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ ശ്രമിക്കുമെന്നും തീവ്രവാദ വിരുദ്ധ പോരാട്ടങ്ങളില്‍ അമേരിക്കയുടെയും റഷ്യയുടെയും പൂര്‍ണ പിന്തുണ ഉറപ്പാക്കുമെന്നും കെറി പറഞ്ഞു. യമനിലെ സംഘര്‍ഷവും ഫലസ്തീന്‍ സ്വതന്ത്ര രാഷ്ട്രപദവി നല്‍കുന്ന വിഷയവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.