1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 11, 2016

സ്വന്തം ലേഖകന്‍: എണ്ണയുല്പാദന രംഗത്ത് പുത്തന്‍ ശക്തിയായി ഇറാന്‍, ഒപെക് രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടി. പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ പതിറ്റാണ്ടുകള്‍ നീണ്ട ഉപരോധം നീങ്ങിയതിനെ തുടര്‍ന്നാണ് ഇറാന്‍ എണ്ണയുല്‍പാദന രംഗത്തെ പുതു ശക്തിയാകുന്നത്. ആഗോള വിപണിയില്‍ ഇറാന്റെ എണ്ണ എത്തുന്നതോടെ എണ്ണ വില കീഴ്‌മേല്‍ മറിയുമെന്ന ഭീഷണിയിലാണ് മേഖലയിലെ എണ്ണയുല്‍പാദകരായ സൗദിയടക്കമുള്ള ഒപെക് രാജ്യങ്ങള്‍.

എന്നാല്‍ എണ്ണ വിലയില്‍ ഉണ്ടാകുന്ന മലക്കം മറിച്ചിലുകള്‍ ഒപെക്കുമായി ചര്‍ച്ച ചെയ്യാന്‍ തങ്ങള്‍ തയാറാണെന്ന് ഇറാന്‍ എണ്ണ മന്ത്രി ബൈജാന്‍ സനഗെ അറിയിച്ചു. പ്രതിദിനം അഞ്ചു ലക്ഷം ബാരല്‍ എണ്ണയുല്‍പാദിപ്പിക്കാനാണ് ഇറാന്‍ പദ്ധതിയിടുന്നത്.

ചില രാജ്യങ്ങളുടെ അമിത എണ്ണ ഉല്‍പാദനം രാഷ്ട്രീയ താല്‍പര്യങ്ങള്‍ മുന്‍ നിര്‍ത്തിയുള്ളതാണെന്നും കരുത്തുറ്റ രാഷ്ട്രീയ ഇഛാശക്തിയുണ്ടെങ്കില്‍ ഒരാഴ്ചക്കകം എണ്ണ വിലയില്‍ സ്ഥിരത കൈവരിക്കാന്‍ സാധിക്കുമെന്നും ബൈജാന്‍ സനഗെ പറഞ്ഞു. എണ്ണയുല്‍പാദകര്‍ ഒന്നും തന്നെ നിലവിലെ വിലയില്‍ സംതൃപ്തരല്ല. ദീര്‍ഘ കാലത്തേക്ക് ഇത് അവരെ ദോഷകരമായി ബാധിക്കും. രാജ്യത്തെ എണ്ണ വ്യവസായം തിരിച്ചുപിടിക്കണമെങ്കില്‍ 20000 കോടി ഡോളര്‍ ഇറക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗോള എണ്ണ വിപണിക്ക് വന്‍ തിരിച്ചടിയേകി 2014 മുതല്‍ ക്രൂഡോയില്‍ വില ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതുവരെയായി 70 ശതമാനം വിലയിടിവ് സംഭവിച്ചുകഴിഞ്ഞു. ഉല്‍പാദനത്തിലെ വേലിയേറ്റത്തിനിടയില്‍ അത് കുറച്ച് വിപണിക്കു വഴങ്ങാന്‍ ഒപക് രാജ്യങ്ങള്‍ കൂട്ടാക്കുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.

മൂന്നു കോടി ബാരല്‍ എണ്ണയാണ് ഒപക് രാജ്യങ്ങള്‍ എല്ലാം ചേര്‍ന്ന് പ്രതിദിനം ഉല്‍പാദിപ്പിക്കുന്നത്. 2014 ല്‍ ബാരലിന് 100 ഡോളര്‍ ഉണ്ടായിരുന്ന ക്രൂഡ് ഓയില്‍ വില ഇപ്പോള്‍ 30 ഡോളറില്‍ എത്തി നില്‍ക്കുകയാണ്. അമിതോല്‍പാദനവും അമിത വിതരണവും ആണ് ആഗോള വിപണിയിലെ വിലത്തകര്‍ച്ചക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

എണ്ണ സമ്പദ് വ്യവസ്ഥയിലധിഷ്ഠിതമായ രാജ്യങ്ങള്‍ ചേര്‍ന്നുള്ള ഗള്‍ഫ് കോപറേഷന്‍ കൗണ്‍സില്‍ (ജി.സി.സി) പറയുന്നതനുസരിച്ച് 2020 തോടെ ഈ രാജ്യങ്ങളുടെ പൊതു കടം ഇരട്ടിയായി വര്‍ധിക്കുമെന്നും ആസ്തി മൂന്നില്‍ ഒന്നായി ചുരുങ്ങുമെന്നുമാണ്. ഇതോടെ ഇവര്‍ ധനക്കമ്മിയെ അഭിമുഖീകരിക്കും. ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക രംഗം തകര്‍ന്നാല്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ തിരിച്ചൊഴുക്കിനും ഗള്‍ഫ് സാക്ഷ്യം വഹിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.