1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2017

സ്വന്തം അതിര്‍ത്തി കടന്നുള്ള ഭീകരവാദം, പാകിസ്താനെതിരെ ഇറാന്‍ പീരങ്കി ആക്രമണം തുടങ്ങി, യുദ്ധ ഭീതിയില്‍ പാക് ഇറാന്‍ അതിര്‍ത്തി പ്രദേശങ്ങള്‍. അതിര്‍ത്തിയില്‍ അടുത്തിടെയായി പാക് സൈന്യം സൃഷ്ടിക്കുന്ന പ്രകോപനത്തിനും അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിനും മറുപടിയായാണ് പാകിസ്താന്‍ പ്രദേശങ്ങളിലേക്കും സൈനികര്‍ക്ക് നേരെയും ഇറാന്‍ മോര്‍ട്ടാര്‍ ഷെല്‍ ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം പാകിസ്താനില്‍ നിന്നുണ്ടായ ആക്രമണത്തില്‍ നിരവധി ഇറാന്‍ ഗാര്‍ഡുകള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള തിരിച്ചടിയുടെ ഭാഗമായാണ് ഇറാന്റെ മോര്‍ട്ടാര്‍ ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാകിസ്താന്‍ പ്രകോപനം തുടര്‍ന്നാല്‍ ശക്തമായ തിരിച്ചടി ഇനിയും ഉണ്ടാകുമെന്ന് ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കി. പാകിസ്താന് നേരെയുണ്ടായ ആക്രമണം സംബന്ധിച്ച് സംആ ടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്. കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ പാകിസ്താന്‍ ആക്രമണം തുടരുന്നതിനിടെയാണ് ഇറാന്‍ അതിര്‍ത്തിയിലും പാകിസ്താന്‍ പ്രകോപനം സൃഷ്ടിച്ചത്.

പാകിസ്താനും ഇറാനും തമ്മിലുള്ള 900 കിലോ മീറ്റര്‍ ദൂരം അതിര്‍ത്തി മേഖല കൊള്ള സംഘങ്ങളുടെയും തീവ്രവാദി സംഘങ്ങളുടെയും വിഹാര കേന്ദ്രമാണ്. മേഖലയില്‍ സുരക്ഷ ശക്തമാക്കാന്‍ ഇരുരാജ്യങ്ങളും 2014ല്‍ തീരുമാനിച്ചിരുന്നു. പക്ഷേ ഇപ്പോഴും ഈ മേഖലയില്‍ മയക്കുമരുന്ന് കടത്തുസംഘങ്ങള്‍ സജീവമാണ്. ഇരുരാജ്യങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാകാന്‍ ഈ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപണമുണ്ടായിരുന്നു. അതിനിടെയാണ് ഇറാന്റെ ഗാര്‍ഡുകള്‍ കൊല്ലപ്പെടുന്നത്.

തീവ്രവാദി സംഘങ്ങളെ കുറിച്ച് പരസ്പരം വിവരങ്ങള്‍ കൈമാറാന്‍ ഇറാനും പാകിസ്താനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതോടെ ഇതും നിലച്ചിരിക്കുകയാണ്. രണ്ട് കോടി രൂപ ചെലവിട്ട് അതിര്‍ത്തിയിലെ തഫ്താനില്‍ പാകിസ്താന്‍ ഗേറ്റ് സ്ഥാപിച്ചിരുന്നു. 2016ലാണ് ഈ ഗേറ്റിന്റെ നിര്‍മാണം പൂര്‍ത്തിയായത്. അക്രമി സംഘങ്ങളെ നിയന്ത്രിക്കാനും മയക്കുമരുന്ന് കടത്ത് തടയാനുമായിരുന്നു ഇത്.

അടുത്തിടെ ഇറാനിലെ മിര്‍ജാവയില്‍ പാകിസ്താനില്‍ നിന്നുള്ള ആക്രമണത്തില്‍ നിരവധി ഇറാന്‍ ഗാര്‍ഡുകളാണ് കൊല്ലപ്പെട്ടത്. പാകിസ്താന്‍ സൈന്യത്തിന്റെ അറിവോടെയാണ് ആക്രമണമെന്ന് ഇറാന്‍ ആരോപിക്കുന്നു. സിസ്താന്‍ബലൂചിസ്താന്‍ പ്രവിശ്യയിലാണ് ആക്രമണമുണ്ടായത്. വിഘടനവാദി സംഘങ്ങള്‍ക്കും മയക്കുമരുന്ന് മാഫിയകള്‍ക്കും സ്വാധീനമുള്ള അതിര്‍ത്തി മേഖലയാണിത്.

ജെയ്ശുല്‍ ആദില്‍ എന്ന സംഘടനയാണ് ഗാര്‍ഡുകളെ ആക്രമിച്ചതെന്ന് പാകിസ്താന്‍ സംശയിക്കുന്നു. ഇന്ത്യ, ചൈന, പാകിസ്താന്‍ അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങള്‍ക്ക് ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും പോകാനുള്ള പുരാതന വഴിയാണ് ഇറാന്‍ അതിര്‍ത്തി. ഇറാനിലൂടെ റോഡ് മാര്‍ഗം ഇപ്പോഴും ആയിരക്കണക്കിന് ആളുകള്‍ യൂറോപ്പിലേക്ക് കടക്കുന്നുണ്ട്. ഈ വഴിയും ഇതോടെ യുദ്ധത്തിന്റെ നിഴലിലായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.