1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2020

സ്വന്തം ലേഖകൻ: ഇറാന്‍ – അമേരിക്ക സംഘര്‍ഷം ഒഴിവാക്കാന്‍ നയതന്ത്ര നീക്കങ്ങൾ ശക്തമാക്കി ഖത്തർ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾ. പ്രകോപനം ഒഴിവാക്കണമെന്ന് ഗൾഫ് രാജ്യങ്ങൾ ഇറാനോട് ആവശ്യപ്പെട്ടു. ഗൾഫിലെ ഇറാൻ അനുകൂല മിലീഷ്യ വിഭാഗങ്ങളുടെ ഏകോപനം ഉറപ്പാക്കാൻ ഇറാൻ സൈന്യവും ഖുദ്സ് സേനയും നീക്കം തുടങ്ങി.

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയുമായി ടെലിഫോണിൽ സംസാരിച്ചു. നയതന്ത്ര നീക്കത്തിലൂടെ പ്രശ്നപരിഹാരത്തിന് തയ്യാറാകണമെന്നാണ് ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ആവശ്യം. യു.എസ് സൈനികരെയല്ല, സൈനിക സംവിധാനങ്ങളെ ഇനിയും ലക്ഷ്യമിടുമെന്ന് ഇറാൻ വ്യോമ കമാൻഡർ ബ്രിഗേഡിയർ ജനറൽ ആമിർ അലി ഹാജിസാദെ മുന്നറിയിപ്പ് നൽകിയിരുന്നു. ഗൾഫിൽ തമ്പടിച്ച നൂറുകണക്കിന് അമേരിക്കൻ സൈനികരെ കൊന്നൊടുക്കാൻ ഇറാൻ മിസൈലുകൾക്ക് എളുപ്പമാണെന്ന ഇറാൻ കമാൻഡറുടെ പ്രസ്താവനയും സ്ഥിതിഗതികൾ വഷളാക്കി.

ഇന്നലെ രാത്രി ഇറാഖിലെ ബലദ് സൈനിക താവളത്തിനു സമീപം മിസൈൽ പതിച്ചെങ്കിലും ആളപായമില്ല. ഇറാനു മേൽ സൈനിക നടപടി സ്വീകരിക്കുന്നതിൽ നിന്ന് വിലക്കുന്ന യുദ്ധാധികാര പ്രമേയം യു.എസ് പ്രതിനിധി സഭ പാസാക്കിയത് ഡൊണാൾഡ് ട്രംപിന് തിരിച്ചടിയായി.

പ്രമേയത്തിന് നിയമ പ്രാബല്യമില്ലെങ്കിൽ തന്നെയും കോൺഗ്രസ് അനുമതി കൂടാതെ ഇറാനു മേൽ തുടർ സൈനിക നടപടി സ്വീകരിക്കാൻ ട്രംപിന് എളുപ്പമാകില്ല. അതിനിടെ നാറ്റോ രാജ്യങ്ങളുടെ പിന്തുണയോടെ ഗൾഫ് സുരക്ഷ ഉറപ്പാക്കാൻ പുതിയ പദ്ധതികൾക്ക് ട്രംപ് ഭരണകൂടം നീക്കം ആരംഭിച്ചതായും റിപ്പോർട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.