1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2019

സ്വന്തം ലേഖകന്‍: ജിബ്രാള്‍ട്ടര്‍ കോടതി മോചിപ്പിച്ച എണ്ണക്കപ്പല്‍ വീണ്ടും പിടിച്ചെടുക്കാന്‍ ഉത്തരവിട്ട യുഎസ് നടപടിക്കെതിരെ ഇറാന്റെ താക്കീത്. ടെഹ്‌റാനിലെ സ്വിസ് എംബസി വഴിയാണ് താക്കീത് നല്‍കിയതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ബാസ് മൗസവി പറഞ്ഞു. ഇത്തരം തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കരുത്. ഗുരുതര പ്രത്യാഘാതങ്ങള്‍ക്കു കാരണമാകും. ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നും മൗസവി പറഞ്ഞു.

ഇറാന്‍ കപ്പല്‍ പിടിച്ചെടുത്തതും ബ്രിട്ടിഷ് കപ്പല്‍ സ്റ്റെന ഇംപറോ പിടിച്ചെടുത്തതും തമ്മില്‍ ബന്ധമില്ലെന്ന് അബ്ബാസ് മൗസവി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഇവ രണ്ടും വ്യത്യസ്ത സംഭവങ്ങളാണ്. രണ്ടു മൂന്നു തവണ സമുദ്രാതിര്‍ത്തി ലംഘിച്ചതു കൊണ്ടാണ് സ്റ്റെന ഇംപറോ പിടിച്ചെടുത്തത്. കപ്പല്‍ വിട്ടുകൊടുക്കുന്നതു സംബന്ധിച്ച നടപടിക്രമങ്ങള്‍ കോടതിയുടെ പരിഗണനയിലാണ് – മൗസവി പറഞ്ഞു.

ഇറാന്‍ എണ്ണക്കപ്പല്‍ പിടിച്ചെടുത്തതിനു പിന്നാലെ ജൂലൈ 19നാണ് ഗള്‍ഫിലെ ഹോര്‍മുസ് കടലിടുക്കില്‍ ബ്രിട്ടിഷ് കപ്പല്‍ ‘സ്റ്റെന ഇംപറോ’ ഇസ്‌ലാമിക് റെവല്യൂഷനറി ഗാര്‍ഡ്‌സ് പിടിച്ചെടുത്ത്. എന്നാല്‍ ഇതു പ്രതികാര നടപടിയല്ലെന്ന് ഇറാന്‍ വാദിക്കുന്നു. ഇറാന്‍ കപ്പല്‍ വിട്ടയ്ക്കാനുള്ള ജിബ്രാള്‍ട്ടര്‍ കോടിയുടെ ഉത്തരവ് യുഎസിന്റെ ഏകധിപത്യത്തിനേറ്റ തിരിച്ചടിയാണ്.

നിയമപരമായി യാതൊരു സാധുതയുമില്ലാതെ ഏകപക്ഷീയമായി യുഎസ് ഏര്‍പ്പെടുത്തുന്ന ഉപരോധത്തില്‍ അവര്‍ ഇതുവരെയും വിജയിച്ചിട്ടില്ല. ഭീഷണികള്‍ക്കും ഏകധിപത്യത്തിനും ലോകത്ത് എവിടെയും അംഗീകാരം ലഭിക്കില്ലെന്ന് അവര്‍ മനസ്സിലാക്കണം. ഇറാനു മേല്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം മറ്റു രാജ്യങ്ങള്‍ അംഗീകരിക്കരുതെന്നും മൗസവി പറഞ്ഞു.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.