1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2017

സ്വന്തം ലേഖകന്‍: മൂന്നു വര്‍ഷം മുമ്പ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ ആറു വയസുള്ള ക്രിസ്ത്യന്‍ പെണ്‍കുട്ടി തിരിച്ചെത്തി, വിശ്വസിക്കാനാകാതെ കുടുംബം. ഇറാഖിന്റെ വടക്കന്‍ നഗരമായ അര്‍ബിലിലെ ആഷ്ടി ക്യാമ്പിലാണ് അത്ഭുതകരമായ സംഭവം നടന്നത്. നഷ്ടപ്പെട്ടുവെന്ന് ഉറപ്പിച്ച ആറു വയസ്സുകാരി ക്രിസ്ത്യാനാ എസ്സോയെ തിരികെ കിട്ടിയതിന്റെ സന്തോഷത്തിലും അത്ഭുതത്തിലുമാണ് എസ്സോ ഒബാഡാ കുടുംബം.

2014 ന്റെ പകുതിയില്‍ ഐഎസ് ഗ്രൂപ്പ് മൊസൂളും അര്‍ബിലുമെല്ലാം കീഴടക്കിയപ്പോള്‍ പേടിച്ചോടുകയും പിന്നീട് കൂട്ടം തെറ്റിപ്പോകുകയും ചെയ്ത അനേകം കുട്ടികളില്‍ ഒരാളായിരുന്നു ക്രിസ്റ്റ്യാന എസ്സോയും. മകളെ വീണ്ടും കാണാന്‍ കഴിഞ്ഞത് അത്ഭുതമാണെന്ന് 46 കാരിയായ അമ്മ അയ്ഡ പറയുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം മകള്‍ ഏറെ മാറിയിരിക്കുന്നെന്നും ആദ്യ കാഴ്ചയില്‍ ഞെട്ടിപ്പോയെന്നും കണ്ടിട്ട് താന്‍ തിരിച്ചറിഞ്ഞില്ലെന്നും അയ്ഡ് വ്യക്തമാക്കി.

2014 ആഗസ്റ്റില്‍ തീവ്രവാദികളെ പേടിച്ച് ഒരു ബസില്‍ കയറി രക്ഷപ്പെടുമ്പോളാണ് ക്രിസ്റ്റ്യാന തീവ്രവാദികളുടെ പിടിയിലായത്. അഞ്ചു മാസം കഴിഞ്ഞപ്പോള്‍ പടിഞ്ഞാറന്‍ മൊസൂളിന്റെ അയല്‍ പ്രദേശമായ ടെനെക്കില്‍ 12 അംഗ കുടുംബത്തിനൊപ്പം ക്രിസ്റ്റ്യാനയുണ്ടെന്ന് ഒരു ബന്ധുവഴി അയ്ഡ അറിഞ്ഞു. 2017 ആദ്യം കനത്ത പോരാട്ടത്തിലൂടെ മൊസൂള്‍ ഇറാഖി സേന തിരിച്ചു പിടിച്ചതോടെയാണ് പുനഃസമാഗമത്തിന് വേദിയൊരുങ്ങിയത്.

സന്നദ്ധപ്രവര്‍ത്തകര്‍ നിര്‍മ്മിച്ചു നല്‍കിയ താല്‍ക്കാലിക ക്യാമ്പിലാണ് ഇപ്പോള്‍ എല്ലാവരും. തീവ്രവാദികളുടെയും യുദ്ധത്തിന്റെയും ഇടയില്‍ പെട്ട് വേര്‍പിരിഞ്ഞു പോയപ്പോഴും മകളുടെ വിവരമെല്ലാം ഇതിനിടയില്‍ പലരില്‍ നിന്നും ചോദിച്ചറിഞ്ഞു കൊണ്ടിരുന്ന അയ്ഡ ഒരിക്കലും മകളെ നേരിട്ടു കാണാന്‍ കൂട്ടാക്കിയില്ല. വ്യാഴാഴ്ച രാത്രി ക്രിസ്റ്റീനയുടെ കുടുംബം കഴിയുന്ന മൊസൂളിലേക്ക് നഗരത്തിന്റെ മറ്റൊരിടത്ത് നിന്നും സഹോദരിയെ കൂട്ടിക്കൊണ്ടുവരാന്‍ ആവശ്യപ്പെട്ടുകൊണ്ട് സഹോദരന്‍ ഏലിയാസിന് ഒരു ഫോണ്‍കോള്‍ വരികയായിരുന്നു.

ശനിയാഴ്ച താല്‍ക്കാലികമായി തയ്യാറാക്കിയ ജനങ്ങള്‍ നിറഞ്ഞ ക്യാമ്പില്‍ ക്രിസ്റ്റീനയുടെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം സന്തോഷത്തില്‍ ആണെങ്കിലും മകള്‍ അയ്ഡയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തനിക്കൊന്നും ഓര്‍മ്മയില്ലെന്നും താന്‍ കഴിഞ്ഞു വന്ന കുടുംബത്തിനൊപ്പം കഴിയാനാണ് താല്‍പ്പര്യമെന്നും ക്രിസ്റ്റ്യാന പറയുന്നു. എന്നാല്‍ മകളുടെ പഴയ ഓര്‍മ്മകളെ മടക്കിക്കൊണ്ടു വരാനുള്ള കഠിന ശ്രമത്തിലാണ് അമ്മ.

രണ്ടു വര്‍ഷം മുമ്പ് ഒരു മോസ്‌ക്കിന് സമീപത്തിരുന്ന് കരയുന്ന രീതിയിലാണ് ക്രിസ്റ്റീനയെ കണ്ടെത്തിയതെന്ന് അവളെ സംരക്ഷിച്ചിരുന്ന കുടുംബം പറഞ്ഞു. 2014 ആഗസ്റ്റില്‍ ഐഎസ് മൊസൂള്‍ പിടിച്ചെടുത്തപ്പോള്‍ കിഴക്കുള്ള ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയായ നിനേവായില്‍ നിന്നും പാലായനം ചെയ്തത് 120,000 ക്രിസ്ത്യാനികള്‍ ആണെന്നാണ് എകദേശ കണക്ക്. ഇവരില്‍ പലരും ഇപ്പോള്‍ തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.