1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2018

സ്വന്തം ലേഖകന്‍: ഹിതപരിശോധനയില്‍ ഗര്‍ഭച്ഛിദ്രത്തെ അനുകൂലിച്ച് വിധിയെഴുതി ഐറിഷ് ജനത; ഡോ. സവിത ഹാലപ്പനാവറിന്റെ ഓര്‍മകളുണര്‍ത്തി ഫലപ്രഖ്യാപനം. ഇന്ത്യന്‍ വംശജനും ഡോക്ടറുമായ അയര്‍ലന്‍ഡ് പ്രധാനമന്ത്രി ലിയോ വരദ്കറാണു വിജയപ്രഖ്യാപനം നടത്തിയത്. ഹിതപരിശോധനയുമായി ബന്ധപ്പെട്ടു നടത്തിയ രണ്ട് എക്‌സിറ്റ് പോളുകളും ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്നവര്‍ വന്‍ വിജയം നേടുമെന്നാണു പ്രവചിച്ചതിനു പിന്നാലെയാണു പ്രധാനമന്ത്രിയുടെ വിജയ പ്രഖ്യാപനം. വോട്ടെണ്ണി ആദ്യഘട്ട ഫലം പുറത്തു വന്നപ്പോള്‍ 66 ശതമാനം വോട്ടോടെ ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്നവര്‍ മുന്നിലെത്തിയിരുന്നു.

‘ജനങ്ങള്‍ പറഞ്ഞിരിക്കുന്നു. അവര്‍ക്ക് ഈ പുതിയ രാജ്യത്തിനു വേണ്ടി ഒരു പുതിയ ഭരണഘടന വേണം’, പ്രധാനമന്ത്രി വ്യക്തമാക്കി. സ്വന്തം ആരോഗ്യം സംബന്ധിച്ച് രാജ്യത്തെ ഓരോ വനിതയ്ക്കും ഉചിതമായ തീരുമാനങ്ങളെടുക്കുന്ന കാര്യത്തില്‍, അവരെ വിശ്വാസത്തിലെടുത്തു, ബഹുമാനിച്ചാണ് ഐറിഷ് ജനത വോട്ടു ചെയ്തത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി അയര്‍ലന്‍ഡില്‍ ഉടലെടുത്തു കൊണ്ടിരിക്കുന്ന നിശബ്ദ വിപ്ലവത്തിന്റെ തുടര്‍ച്ചയാണിത്,’ ഫലം പുറത്തുവിട്ടുകൊണ്ട് ലിയോ വരദ്കര്‍ പറഞ്ഞു.

ഭരണഘടനയുടെ എട്ടാം ഭേദഗതി മാറ്റുന്നതിനെ അനുകൂലിച്ചവര്‍ക്കാണു ഹിതപരിശോധനയില്‍ വിജയം. വൈകാതെ തന്നെ ഐറിഷ് പാര്‍ലമെന്റ് പുതിയ നിയമവും കൊണ്ടു വരും. അമ്മയ്ക്കും ഗര്‍ഭസ്ഥ ശിശുവിനും ജീവിക്കാനുള്ള തുല്യ അവകാശം നല്‍കുന്ന ഭരണഘടനാഭേദഗതി 1983ലാണ് രാജ്യത്തുണ്ടായത്. പല ദശകങ്ങള്‍ക്കിടയില്‍ ഈ വിഷയത്തില്‍ മൂന്നുവട്ടം ഐറിഷ് ജനത വോട്ട് ചെയ്തുകഴിഞ്ഞു. ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായി നിരോധിച്ചിട്ടുള്ള അയര്‍ലന്‍ഡില്‍ 2013ല്‍ മാത്രമാണ് അമ്മയുടെ ജീവന്‍ അപകടത്തിലാണെങ്കില്‍ മാത്രം ഗര്‍ഭച്ഛിദ്രമാകാം എന്ന ഭേദഗതി വന്നത്. ഇന്ത്യക്കാരിയായ യുവതി ഡോ. സവിത ഹാലപ്പനാവറിന്റെ മരണത്തെത്തുടര്‍ന്നായിരുന്നു അത്.

അയര്‍ലന്‍ഡിലെ വോട്ടെടുപ്പ് ഗര്‍ഭച്ഛിദ്രത്തിന് അനുകൂലമാകുന്നതില്‍ സവിതയുടെ മാതാപിതാക്കളും സന്തോഷം പ്രകടിപ്പിച്ചു. ‘സവിതയ്ക്കു നീതി ലഭിച്ചു. എന്റെ മകള്‍ക്കു സംഭവിച്ചത് മറ്റാര്‍ക്കും ഇനി സംഭവിക്കരുത്. ഈ ചരിത്ര നിമിഷത്തില്‍ അയര്‍ലന്‍ഡിലെ ജനങ്ങളോട് എത്ര നന്ദി പറഞ്ഞാലും തീരില്ല,’ സവിതയുടെ പിതാവ് അന്ദനപ്പ യാലഗി പറഞ്ഞു. ‘നമ്മുടെ ഉത്തരം യെസ്,’ എന്ന പോസ്റ്ററുകള്‍ രാജ്യത്ത് വന്‍ പ്രചാരം നേടിയിരുന്നു. ഗര്‍ഭച്ഛിദ്രത്തെ എതിര്‍ക്കുന്ന ‘Savethe8th’ എന്ന സംഘടനയും ശക്തമായ പ്രചാരണവുമായി രംഗത്തിറങ്ങി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.