1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2017

സ്വന്തം ലേഖകന്‍: ഇര്‍മ ഭീമാകാരനായ രാക്ഷസനാണെന്ന് ട്രംപ്, ജനങ്ങളുടെ സംരക്ഷണത്തിനായി എന്തിനും തയ്യാറെന്നും പ്രഖ്യാപനം, ആളൊഴിഞ്ഞു പോയ മിയാമി നഗരത്തില്‍ കള്ളന്മാരുടെ വിളയാട്ടം, ഒഴിഞ്ഞു പോകുന്നവര്‍ക്ക് വഴിക്കാട്ടാന്‍ ഗൂഗിള്‍ മാപ്പ്. ഫ്‌ളോറിഡ തീരത്ത് ആഞ്ഞ് വീശുന്ന ഭീമാകാരനായ രാക്ഷസനാണ് ഇര്‍മ ചുഴലിക്കാറ്റെന്ന് പറഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി ശക്തമാക്കിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

ഇവിടത്തെ നാശനഷ്ടം വളരെ വലുതാണ്. എന്നാല്‍ ഇപ്പോള്‍ ഇവിടത്തെ ജനങ്ങളുടെ ജീവനാണ് സര്‍ക്കാരിന് മുന്നിലുള്ളത്. ഉടന്‍ സ്ഥലം സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നതായും ട്രംപ് പറഞ്ഞു. കോസ്റ്റ് ഗാര്‍ഡും, മറ്റ് അടിയന്തര സംവിധാനങ്ങളും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എന്ത് സഹായവും നല്‍കും. ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞാല്‍ മറ്റ് പ്രതിരോധ പ്രവര്‍ത്തനവുമായി മുന്നോട്ട് പോവാം.

ജനങ്ങളുടെ ജീവിതവും സ്വത്തും പഴയ രീതിയില്‍ തിരിച്ച് കൊണ്ട് വരാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങുമെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും ചൂണ്ടിക്കാട്ടി. യുഎസിലെ പ്യൂര്‍ട്ടോ റൈസോ ഭാഗത്തെ ദുരന്ത കേന്ദ്രമായി ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. അതോടൊപ്പം ദുരന്ത നിവാരണ ഫണ്ട് വര്‍ധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. അതിനിടെ സുരക്ഷിത കേന്ദ്രങ്ങള്‍ തേടി ജനങ്ങള്‍ നീങ്ങിയതോടെ മിയാമി, ഫോര്‍ട് ലോഡര്‍ഡെയ്ല്‍, ടാംപ തുടങ്ങിയവ ‘പ്രേതനഗര’ങ്ങളായി.

ദുരിതം മുതലെടുത്ത് മോഷണവും പിടിച്ചുപറിയും വ്യാപകമായി. ഇതുവരെ 28 പേരെ ഈ കുറ്റങ്ങള്‍ക്ക് അറസ്റ്റ് ചെയ്തതായി മിയാമി പൊലീസ് അറിയിച്ചു. എപ്പോഴും വിനോദസഞ്ചാരികള്‍ നിറഞ്ഞ മിയാമി ബീച്ച് പൂര്‍ണമായും വിജനമായി. ഇര്‍മ അപകടങ്ങളില്‍ യുഎസില്‍ ഇതുവരെ നാലു പേര്‍ മരിച്ചു.ഫ്‌ലോറിഡയില്‍ 65 ലക്ഷം ജനങ്ങളോടാണ് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടത്.

കാറ്റഗറി രണ്ടിലേക്കു താഴ്‌ന്നെങ്കിലും ഇര്‍മയുടെ പ്രഹരശേഷിക്ക് കുറവില്ല. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. വെസ്റ്റ്–സെന്‍ട്രല്‍ ഫ്‌ലോറിഡയിലാണ് ഇപ്പോള്‍ ഇര്‍മയുള്ളത്. തിങ്കളാഴ്ച രാവിലെയോടെ പടിഞ്ഞാറന്‍ ഫ്‌ലോറിഡ മുനമ്പിലേക്കു ചുഴലിക്കാറ്റ് നീങ്ങുമെന്നാണു പ്രവചനം. വൈദ്യുതി ബന്ധം തകറാലിലായതോടെ 40 ലക്ഷം ജനങ്ങള്‍ ഇരുട്ടിലായതായാണ് റിപ്പോര്‍ട്ട്.

യുഎസിലെ ഇന്ത്യന്‍ എംബസി മുഴുവന്‍സമയ ഹെല്‍പ്‌ലൈന്‍ ഏര്‍പ്പെടുത്തി. അറ്റ്‌ലാന്റയിലെ ഇന്ത്യക്കാര്‍ ദുരിതബാധിതര്‍ക്കായി വീടുകള്‍ തുറന്നുകൊടുത്തു. സേവ ഇന്റര്‍നാഷനല്‍ 300 കുടുംബങ്ങള്‍ക്കു താമസമൊരുക്കി. മറ്റു സംഘടനകള്‍ ചേര്‍ന്ന് 2000 കുടുംബങ്ങള്‍ക്കു താമസവും ഭക്ഷണവും നല്‍കുന്നുണ്ട്. നാലു ക്ഷേത്രങ്ങളും ദുരിതബാധിതര്‍ക്കായി തുറന്നു.

ഇര്‍മ ചുഴലിക്കാറ്റ് കാരണം മിക്ക റോഡുകളും തകര്‍ന്നു കിടക്കുകയാണ്. ഈ റോഡുകളെ കുറിച്ചുളള തല്‍സമയ വിവരങ്ങള്‍ നല്‍കാന്‍ ഗൂഗിള്‍ വലിയ സഹായമാണ് നല്‍കുന്നത്. ഫ്‌ലോറിഡയിലെ പ്രാദേശിക ഭരണകൂടങ്ങളും ഗൂഗിള്‍ മാപ്‌സും ചേര്‍ന്ന് നാശം വിതച്ച വഴികളെല്ലാം അടച്ചിട്ടതായി അറിയിക്കുകയായിരുന്നു. ഇതോടൊപ്പം സുരക്ഷിത വഴികള്‍ കാണിച്ചു കൊടുക്കാനും ഗൂഗിള്‍ മാപ്പ് സഹായിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.