1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 23, 2015

മൂന്നു ബ്രിട്ടീഷ് മുസ്ലീം പെണ്‍കുട്ടികള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി സിറിയയിലേക്ക് കടന്നുവെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വന്തം കുട്ടികളുടെ മേലും അവരുടെ പാസ്‌പോര്‍ട്ടിലും ഒരു കണ്ണു വക്കാന്‍ യുകെ മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ്. സ്വന്തം കുട്ടികള്‍ ഏതെങ്കിലും തരത്തില്‍ ഭീകരാശയങ്ങളുടെ സ്വാധീനത്തില്‍ അകപ്പെട്ടു എന്നു തോന്നുകയാണെങ്കില്‍ അവരുടെ പാസ്‌പോര്‍ട്ടുകള്‍ എടുത്തുമാറ്റി ഒളിച്ചു വക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

പക്വതയില്ലാത്ത കുട്ടികളെ ഭീകരതയിലേക്ക് ആകര്‍ഷിക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് ശക്തമായ ഓണ്‍ലൈന്‍ പ്രചാരണമാണ് അഴിച്ചു വിടുന്നതെന്ന് മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ദി ഹെഡ് ഓഫ് ഇന്‍സ്പയര്‍ എന്ന സംഘടന പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റിനേയും ജിഹാദിനേയും കുറിച്ചുള്ള കാല്‍പ്പനിക സ്വപ്നങ്ങളില്‍ നിന്ന് കുട്ടികളെ മോചിപ്പിക്കാന്‍ കഴിയാവുന്നതെല്ലാം ചെയ്യണമെന്നും സംഘടന സ്‌കൂളുകളോട് ആഹ്വാനം ചെയ്തു.

ചെറു പ്രായക്കാരായ പെണ്‍കുട്ടികളെ ജിഹാദികള്‍ക്ക് വിവാഹം കഴിച്ചു കൊടുക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് ഇസ്ലാമിക് സ്റ്റേറ്റ് അവരെ സിറിയയിലേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ പുറപ്പെട്ടു പോകുന്നവരില്‍ മിക്കവാറും പേര്‍ എത്തിപ്പെടുന്നത് അടിമ വേലയിലോ ലൈംഗിക പീഡകരുടെ കയ്യിലോ ആകും.

അതേസമയം സിറിയയിലേക്ക് പോയ മൂന്നു പെണ്‍കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ആശങ്ക പങ്കു വച്ചു. മതഭ്രാന്തിനെതിരെയുള്ള പോരാട്ടം പോലീസിന്റേതോ അതിര്‍ത്തി രക്ഷാ സേനയുടേതോ മാത്രമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഓരോ സ്‌കൂളും ഓരോ കോളെജും ഓരോ യൂണിവേഴ്‌സിറ്റിയും ഭീകരതക്കെതിരായ പോരാട്ടത്തില്‍ തങ്ങളുടെ സ്ഥാനം തിരിച്ചറിയണം എന്ന് അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.