1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2018

സ്വന്തം ലേഖകന്‍: പലസ്തീനിലെ ഗസയില്‍ ആദ്യമെത്തിയത് മോദിയോ നെഹ്‌റുവോ സമൂഹ മാധ്യമങ്ങളില്‍ തര്‍ക്കം പൊടിപൊടിക്കുന്നു ആദ്യമായി ഒരിന്ത്യന്‍ പ്രധാനമന്ത്രി പലസ്തീനിലെത്തി എന്ന രീതിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പശ്ചിമേഷ്യന്‍ പര്യടനത്തിലെ ഫലസ്തീന്‍ സന്ദര്‍ശനം വിശേഷിപ്പിക്കപ്പെട്ടത്. സന്ദര്‍ശനത്തിനുമുമ്പ് വിദേശകാര്യ മന്ത്രാലയം ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലും ഇത് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ അവകാശവാദത്തെ ചോദ്യം ചെയ്യുന്ന ചര്‍ച്ചയാണ് പുതുതായി ഉയര്‍ന്നുവന്നിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളില്‍ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു 1960 ല്‍ പലസ്തീന്റെ ഭാഗമായ ഗാസയില്‍ എത്തിയ ചിത്രങ്ങളും വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. ലണ്ടനില്‍ നടന്ന കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങവെയാണ് നെഹ്‌റു ഗസയിലിറങ്ങിയത്. ലബനാനിലെ ബൈറൂത്തില്‍നിന്ന് ഗസയിലെത്തിയ നെഹ്‌റു യു.എന്‍ അടിയന്തര സേനാംഗങ്ങളുമായി കൂടിക്കാഴ്ചയും നടത്തി. മടങ്ങുന്നതിനിടെ ഇസ്രായേല്‍ ജെറ്റ് വിമാനങ്ങള്‍ നെഹ്‌റു സഞ്ചരിച്ച യു.എന്‍ വിമാനം താഴെയിറക്കാന്‍ ശ്രമവും നടത്തിയിരുന്നു. എന്നാല്‍, അത് പരാജയപ്പെട്ടു.

തിരിച്ച് ഇന്ത്യയിലെത്തിയ നെഹ്‌റു തന്റെ വിമാനം ഇസ്രായേല്‍ റാഞ്ചാന്‍ ശ്രമിച്ചതായി പറയുകയുമുണ്ടായി. ഇതാണ് പലസ്തീന്‍ മണ്ണില്‍ ആദ്യമായി കാലുകുത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നെഹ്‌റുവാണെന്ന വാദത്തിനു പിന്നില്‍. എന്നാല്‍ നെഹ്‌റു സന്ദര്‍ശിക്കുമ്പോള്‍ ഗസ ഈജിപ്ത് നിയന്ത്രണത്തിലായിരുന്നുവെന്നും പലസ്തീനെ രാഷ്ട്രമായി ഇന്ത്യ അംഗീകരിക്കുന്നത് 1988 ലാണെന്ന് മറുപക്ഷം വാദിക്കുന്നു. അതിനാല്‍ നെഹ്‌റുവിന്റേത് ഔദ്യോഗിക സന്ദര്‍ശനമല്ലെന്നും ആദ്യമായി പലസ്തീനിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയാണെന്നും ഈ പക്ഷക്കാര്‍ ഉറപ്പിച്ചു പറയുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.