1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 11, 2018

സ്വന്തം ലേഖകന്‍: ഇഷ അംബാനി, ആനന്ദ് വിവാഹമാമാങ്കം; ഉദയ്പുരിലേക്ക് താരങ്ങളുടെ ഒഴുക്ക്; വിമാനങ്ങള്‍ 24 മണിക്കൂറില്‍ സര്‍വീസ് നടത്തിയത് 1007 തവണ. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകള്‍ ഇഷയുടെ വിവാഹപൂര്‍വ ആഘോഷങ്ങളാണ് ഉദയ്പുരിനു നക്ഷത്രശോഭ പകര്‍ന്നത്. വ്യവസായ കുടുംബാംഗമായ ആനന്ദ് പിരാമലുമായുള്ള ഇഷയുടെ വിവാഹം മുംബൈയിലെ അംബാനിയുടെ വസതിയില്‍ നാളെയാണെങ്കിലും ആഘോഷങ്ങള്‍ ദിവസങ്ങള്‍ക്കുമുമ്പേ തുടങ്ങിയിരുന്നു.

ക്ഷണിക്കപ്പെട്ട 1200ല്‍ അധികം അതിഥികള്‍ക്കാണു ചടങ്ങുകളിലേക്കു ക്ഷണം. ശനി, ഞായര്‍ ദിവസങ്ങളിലായി നടന്ന ആഘോഷം ഉദയ്പുരിന്റെ ചരിത്രത്തില്‍ ഇന്നോളം കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും വലുതാണെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബോളിവുഡ് താരരാജാക്കന്‍മാരും റാണിമാരും മാത്രമല്ല, രാഷ്ട്രീയ, സാമൂഹിക, വ്യവസായിക, സാംസ്‌കാരിക മണ്ഡലങ്ങളിലെ പ്രമുഖര്‍ തടാകനഗരമെന്ന് അപരനാമധേയമുള്ള ഉദയ്പുരിലേക്ക് ഒഴുകിയെത്തി.

ഒരു പരിപാടിയില്‍ ബോളിവുഡിന്റെ ‘കിങ്’ ഷാരൂഖ് ഖാന്‍ ഭാര്യ ഗൗരിക്കൊപ്പം ചടുല നൃത്തച്ചുവടുകളുമായി രംഗത്തെത്തിയത് ആവേശം വാനോളമുയര്‍ത്തി. ധീരുഭായ് അംബാനിയുടെ ജീവിതകഥയെ ആസ്പദമാക്കി പുറത്തിറങ്ങിയ ‘ഗുരു’വിലെ ഗാനത്തിനു ചുവടുവയ്ക്കാനെത്തിയത് ചിത്രത്തിലെ നായകനായ അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനുമായിരുന്നു. പോപ് താരം ബിയോണ്‍സിന്റെ സംഗീതനിശയായിരുന്നു ആഘോഷരാവിലെ മറ്റൊരു ആകര്‍ഷണം.

യു.എസ്. മുന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ഉള്‍പ്പെടെയുള്ള ലോകനേതാക്കള്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍ അടക്കമുള്ള കായികപ്രതിഭകള്‍, ലക്ഷ്മി മിത്തല്‍ ഉള്‍പ്പെടെയുള്ള വ്യവസായികള്‍, ബോളിവുഡില്‍നിന്നു സല്‍മാന്‍ ഖാന്‍, വിദ്യാ ബാലന്‍, ആമിര്‍ഖാന്‍, കിരണ്‍ റാവു, പ്രിയങ്ക ചോപ്ര ഉള്‍പ്പെടെയുള്ളവര്‍ക്കു ക്ഷണമുണ്ട്.
ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യവസായിയുടെ മകളുടെ വിവാഹത്തിന്റെ ഭാഗമായി മുംബൈ വിമാനത്താവളം ശനിയാഴ്ച സാക്ഷ്യംവഹിച്ചത് റെക്കോഡ് വിമാന ഗതാഗതത്തിനായിരുന്നു.

24 മണിക്കൂറില്‍ 1,007 വട്ടമാണ് ഛത്രപതി ശിവജി വിമാനത്താവളം കേന്ദ്രീകരിച്ച് വിമാനങ്ങള്‍ സര്‍വീസ് നടത്തിയത്. ഇതോടെ കഴിഞ്ഞ ജൂണിലെ 1003 തവണയെന്ന റെക്കോഡും തിരുത്തിയെഴുതി. ബുധനാഴ്ച അംബാനിയുടെ വസതിയില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.