1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 13, 2018

സ്വന്തം ലേഖകന്‍: ഇന്ത്യ കണ്ട ഏറ്റവും ചെലവേറിയ വിവാഹമാമാങ്കത്തിന് ഒടുവില്‍ ആനന്ദ് ഇഷ അംബാനിയ്ക്ക് താലി ചാര്‍ത്തി; ആഘോഷങ്ങള്‍ക്കായി അംബാനി പൊടിച്ചത് നൂറു കോടിയോളമെന്ന് റിപ്പോര്‍ട്ടുകള്‍. മുകേഷ് അംബാനിയുടെ മകള്‍ ഇഷാ അംബാനിയും വ്യവസായി ആനന്ദ് പിരാമലും വിവാഹിതരായി. തെക്കന്‍ മുംബൈയിലുള്ള മുകേഷ് അംബാനിയുടെ ആഡംബര വസതിയായ ആന്റിലിയയില്‍ ബുധനാഴ്ച രാത്രി വിവാഹച്ചടങ്ങുകള്‍ നടന്നു.

ഒരാഴ്ചയായി നീളുന്ന വിവാഹാഘോഷങ്ങള്‍, വെള്ളിയാഴ്ച നടക്കാനിരിക്കുന്ന റിസപ്ഷനോടെ അവസാനിക്കുമ്പോള്‍, െചലവ് നൂറുകോടി രൂപ കടക്കും. സ്വര്‍ണനാണയവും ചെയിനും ചേര്‍ത്തു നല്‍കിയ വിവാഹക്ഷണക്കത്ത് ആദ്യംതന്നെ വാര്‍ത്തയില്‍ ഇടംപിടിച്ചിരുന്നു. ഡിസംബര്‍ ഏഴ് മുതല്‍ ഒമ്പത് വരെ രാജസ്ഥാനിലെ ഉദയ്പുരില്‍ നടന്ന വിവാഹപൂര്‍വ ചടങ്ങുകളില്‍ രണ്ടായിരത്തോളം അതിഥികളാണ് പങ്കെടുത്തത്. ഇന്ത്യയുടെ അകത്തുംപുറത്തും നിന്ന് പ്രമുഖരുടെ നീണ്ടനിരയാണ് അംബാനിയുടെ ആതിഥ്യം സ്വീകരിച്ച് എത്തിച്ചേര്‍ന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉദയ്പുരിലേക്ക് അതിഥികളെ എത്തിച്ചത് നൂറിലധികം ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളിലാണ്. നാലുദിവസം നീണ്ട ഉദയ്പുരിലെ സത്കാരങ്ങളില്‍ അയ്യായിരത്തിലധികം പ്രദേശവാസികള്‍ക്ക് മൂന്നുനേരത്തെ ഭക്ഷണവും അംബാനി നല്‍കി. മുംബൈയിലെ ഒബ്‌റോയ് ഹോട്ടലില്‍ നടന്ന ആഘോഷത്തില്‍ അതിഥികളെ ആസ്വദിപ്പിക്കാന്‍ എത്തിയത് ലോകത്ത് ഏറ്റവും പ്രതിഫലം കൈപ്പറ്റുന്ന ഗായികമാരില്‍ ഒരാളായ ബിയോണ്‍സാണ്. അമേരിക്കന്‍ പോപ്പ് ഗായികയ്ക്ക് 28 കോടിരൂപയോളം നല്‍കിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ച വൈകീട്ട് മൂന്നിനാണ് ചടങ്ങുകള്‍ തുടങ്ങിയത്. അലങ്കരിച്ച കുതിരപ്പുറത്തെത്തിയ വരന്‍ ആനന്ദിനെ ഇഷയുടെ സഹോദരങ്ങളും കുടുംബാംഗങ്ങളും ചേര്‍ന്നു സ്വീകരിച്ചു. രാത്രി 8.30ഓടെയാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്. യു.എസ്. മുന്‍ പ്രഥമവനിത ഹില്ലരി ക്ലിന്റണ്‍, വ്യവസായി ഹെന്റി ക്രാവിസ് തുടങ്ങി കടല്‍ കടന്നെത്തിയ പ്രമുഖര്‍ക്കൊപ്പം രാജ്യത്തെ രാഷ്ട്രീയസാംസ്‌കാരിക മേഖലയില്‍ നിന്നുള്ള ഒട്ടുമിക്ക ആളുകളും വിവാഹത്തില്‍ പങ്കെടുത്തു.

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്, മുന്‍ ധനമന്ത്രി പി. ചിദംബരം, ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഹര്‍ഭജന്‍ സിങ്, സിനിമാതാരങ്ങളായ രജനീകാന്ത്, അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, ഷാരൂഖ് ഖാന്‍, പ്രിയങ്ക ചോപ്ര, നിക്ക് ജൊനാസ്, ആമിര്‍ ഖാന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.