1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2016

സ്വന്തം ലേഖകന്‍: ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ചാവേര്‍ ആക്രമണം, 41 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്. വിമാനത്താവളത്തിലേക്ക് ഇരച്ചുകയറിയ മൂന്നു ഭീകരര്‍ തുരുതുരാ നിറയൊഴിക്കുകയായിരുന്നു. വെടിവപ്പ് നടത്തിയ ശേഷം മൂന്നു ചാവേറുകളും പൊട്ടിത്തെറിക്കുകയും ചെയ്തു.

ആക്രമണത്തില്‍ 36 പേര്‍ കൊല്ലപ്പെടുകയും 150 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. പലരുടെയും നില ഗുരുതരമാണ്. മരിച്ചവരില്‍ ഏറെയും തുര്‍ക്കി പൗരന്മാരാണ്. വിദേശികളും ഇരയായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.

വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ ഹാളിലെത്തിയാണ് ആദ്യം ഒരു ചാവേര്‍ വെടിയുതിര്‍ത്തത്. പ്രദേശിക സമയം രാത്രി 9.50 ഓടെയായിരുന്നു ഇത്. തുടര്‍ന്ന് മൂന്നു ചാവേറുകളും അറൈവല്‍ ഹാളിന്റെ പരിസരങ്ങളിലായി പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. രണ്ട് ഭീകരരെ ചെക്ക്‌പോയിന്റില്‍ പോലീസ് തടഞ്ഞുവെങ്കിലും അവര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

ബ്രസ്സല്‍സ് വിമാനത്താവളത്തിലും ബെല്‍ജിയം തലസ്ഥാനത്തെ മെട്രോ ട്രെയിനിലും ഐ.എസ് നടത്തിയ ആക്രമണത്തിന് സമാനമായ രീതിയിലാണ് ഇവിടെയും ആക്രമണമെന്ന് അധികൃതര്‍ വ്യക്തമാക്കി. തുര്‍ക്കിയിലെ ഏറ്റവും വലിയ വിമാനത്താവളമാണ് ആക്രമണത്തിന് ഇരയായ ഇസ്താംബൂളിലെ അത്താതുര്‍ക്.

യൂറോപിലെ മൂന്നാമത്തെ തിരക്കേറിയ വിമാനത്താവളവുമാണിത്. തുര്‍ക്കിയില്‍ നടക്കുന്ന ഏറ്റവും ഭീകരമായ ചാവേര്‍ സ്‌ഫോടന പരമ്പരകളിലൊന്നുമാണിത്. ആക്രമണത്തിനു പിന്നില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ആണെന്നതില്‍ സംശയമില്ലെന്ന് പ്രധാനമന്ത്രി ബിനാലി യില്‍ദിറിം പറഞ്ഞു. ഭീകരവാദം ആഗോള ഭീഷണിയാണെന്ന് ഈ സംഭവത്തിലൂടെ കൂടുതല്‍ വ്യക്തമായതായും പ്രധാനമന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.