1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2017

സ്വന്തം ലേഖകന്‍: ഐഎസില്‍ ചേര്‍ന്നെന്നു കരുതുന്ന മലയാളികളില്‍ ഒരാള്‍ കൂടി മരിച്ചതായി സന്ദേശം, മരണം അഫ്ഗാനിസ്ഥാനില്‍ യു.എസ്. നടത്തിയ ബോംബാക്രമണത്തില്‍. കാസര്‍കോട് നിന്നു കാണാതായവരുടെ ബന്ധുക്കള്‍ക്കാണ് സന്ദേശം ലഭിച്ചത്. പാലക്കാട്ട് സ്വദേശി യഹിയ എന്നയാള്‍ കൊല്ലപ്പെട്ടതായാണ് സന്ദേശത്തിലുള്ളത്. മലയാളികള്‍ ഐ.എസില്‍ ചേര്‍ന്നതായി സംശയിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ മുംബൈ സ്വദേശി ആര്‍ഷി ഖുറേഷി, പാലക്കാട് യാക്കര സ്വദേശി യഹിയ എന്ന ബാസ്റ്റിന്‍ എന്നിവരായിരുന്നു ഒന്നും രണ്ടും പ്രതികള്‍.

ഇതില്‍ യഹിയ കൊല്ലപ്പെട്ടതായാണ് ഐ.എസില്‍ ചേര്‍ന്നതായി സംശയിക്കുന്ന കാസര്‍കോട് സ്വദേശികളുടെ കുടുംബത്തിന് സന്ദേശം ലഭിച്ചത്. പാലക്കാട് യാക്കരക്കു സമീപം താമസിക്കുന്ന വിന്‍സെന്റിന്റെ ഇളയമകനാണ് യഹിയ (ബെറ്റ്‌സണ്‍23). കാസര്‍ഗോഡ് ജില്ലയിലെ പടന്നയില്‍ നിന്ന് ഐ.എസില്‍ ചേരാന്‍ പോയ ഒരാള്‍ കഴിഞ്ഞയാഴ്ച മരിച്ചതായി ബന്ധുക്കള്‍ക്ക് സന്ദേശം ലഭിച്ചിരുന്നു. ഇതേ ആള്‍ക്കാര്‍ക്ക് തന്നെയാണ് യഹിയയുടെ മരണ വിവരമറിയിച്ച് വീണ്ടും സന്ദേശമെത്തിയത്.

പടന്ന വടക്കേപ്പുറം ടി.കെ. മുര്‍ഷിദ് മുഹമ്മദ് മരിച്ചതായാണ് കഴിഞ്ഞയാഴ്ച സന്ദേശമെത്തിയിരുന്നത്. എന്നാല്‍, ഈ മരണത്തെക്കുറിച്ചും ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല. ഭീകരസംഘടനയായ ഐ.എസില്‍ ചേര്‍ന്ന ഒമ്പതു മലയാളികളും മരിച്ചതായി ഈയിടെ വാര്‍ത്ത പരന്നിരുന്നു. എന്നാല്‍, ഇതു തെറ്റാണെന്ന് അറിയിച്ച് ഇയാള്‍ സന്ദേശം അയച്ചതായി റിപ്പോര്‍ട്ടുണ്ട്. അതിനു പിന്നാലെയാണ് ഇപ്പോള്‍ യഹിയയുടെ മരണവിവരം അറിയിച്ചുള്ള സന്ദേശം.

ഞങ്ങള്‍ ജൂതനെന്ന് കരുതുന്ന യഹിയ അമേരിക്കന്‍ കാഫീറുകളുടെ അക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് തൃക്കരിപ്പൂര്‍ സ്വദേശി അഫ്താഖ് മജീദ് അയച്ച് സന്ദേശത്തില്‍ പറയുന്നത്. യുദ്ധമുന്നണിയില്‍ വച്ചായിരുന്നു സംഭവമെന്നും സന്ദേശത്തിലുണ്ട്. കഴിഞ്ഞ വര്‍ഷം മേയ് 15 മുതലാണ് യഹിയയുടെ മൂത്ത സഹോദരന്‍ ഈസ(ബെക്‌സണ്‍31), ഭാര്യ തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിനി ഫാത്തിമ(നിമിഷ), യഹിയയുടെ ഭാര്യ എറണാകുളം സ്വദേശിനി മറിയം(മെറിന്‍ ജേക്കബ്) എന്നിവരെ കാണാതായത്.

ഈസയും യഹിയയും മതംമാറിയവരാണ്. രണ്ടുപേരും ശ്രീലങ്കയില്‍ ബിസിനസ് ചെയ്യുകയായിരുന്നു. അവിടെ കച്ചവടം നടത്താനെന്ന് പറഞ്ഞാണ് ഇരുവരും കുടുംബസമേതം നാട്ടില്‍ നിന്ന് മെയ് 15 ന് പോയത്. ഈസയുടെ ഭാര്യ ഫാത്തിമ ഹിന്ദു കുടുംബത്തിലാണ് ജനിച്ചത്. നിമിഷയെന്നായിരുന്നു ആദ്യത്തെ പേര്. മതം മാറിയാണ് ഫാത്തിമയെന്ന പേര് സ്വീകരിച്ചത്. തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിനിയായ നിമിഷ തമിഴ്‌നാട്ടില്‍ ബി.ഡി.എസ് വിദ്യാര്‍ഥിനിയായിരിക്കേയാണ് ഈസയെ വിവാഹം കഴിച്ചത്.

രണ്ടു ദിവസത്തെ പരിചയം മാത്രമാണ് ഇവര്‍ തമ്മിലുണ്ടായിരുന്നത്. വിവാഹത്തെത്തുടര്‍ന്ന് നിമിഷയുടെ അമ്മ ബിന്ദു കേസ് നല്‍കിയെങ്കിലും ഈസയോടൊപ്പം നിമിഷയെ വിടാനായിരുന്നു കോടതി ഉത്തരവ്. സംഭവത്തില്‍ ആദ്യം പരാതിയുമായെത്തിയ മെറിന്റെ സഹോദരന്‍ എബിനെ മുംബൈയില്‍ വെച്ച് മതംമാറ്റത്തിന് നിര്‍ബന്ധിച്ചവരില്‍ യഹിയയും ഉള്‍പെടുന്നതായി കണ്ടെത്തിയിരുന്നു. മെറിന്റെ മതംമാറ്റത്തിന് പിന്നിലും ഇവരുടെ പങ്കുണ്ടെന്ന് എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.