1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 29, 2015

സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി ബ്രിട്ടനില്‍ നിന്നു സിറിയയിലേക്കു കടന്ന മൂന്നു പെണ്‍കുട്ടികള്‍ വീട്ടുകാരുമായി ബന്ധപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരിയില്‍ കാണാതായതിനു ശേഷം ആദ്യമായാണ് പെണ്‍കുട്ടികള്‍ ബന്ധുക്കള്‍ക്ക് സന്ദേശമയക്കുന്നത്. ഇന്റര്‍നെറ്റ് വഴി ബന്ധപ്പെട്ടതായാണ് സൂചന.

ഷമീമ ബീഗം (15), കാദിശ സുല്‍ത്താന (16), അമീറ അബാസ് (15) എന്നിവരാണ് ഈസ്റ്റ് ലണ്ടനില്‍നിന്നു തുര്‍ക്കിയിലേക്കു കഴിഞ്ഞ ഫെബ്രുവരിയില്‍ ഒളിച്ചു കടന്നത്. അവിടെനിന്നു സിറിയയിലേക്കു കടന്ന ഇവര്‍ ഇപ്പോള്‍ ഇസ്ലാമിക് സ്റ്റേറ്റ് പോരാളികളുടെ കൂടെയാണെന്നാണ് നിഗമനം.

സുരക്ഷിതരും ആരോഗ്യവതികളുമായിരിക്കുന്നു എന്നും എന്നാല്‍ നാട്ടിലേക്കു മടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മൂന്നുപേരും ഇന്റര്‍നെറ്റിലൂടെ വീട്ടുകാരെ അറിയിച്ചു. ബ്രിട്ടിഷ് പൊലീസിനു ലഭിച്ച നിര്‍ണായകവിവരം യഥാസമയം കൈമാറിയിരുന്നെങ്കില്‍ പെണ്‍കുട്ടികള്‍ രാജ്യംവിടുന്നതു തടയാമായിരുന്നുവെന്നാണു വീട്ടുകാരുടെ പരാതി.

ഭീകരവാദ കുറ്റം ചുമത്തുമെന്ന പേടിയില്ലാതെ മൂന്നു പെണ്‍കുട്ടികള്‍ക്കും സ്വരാജ്യത്തേക്കു മടങ്ങാന്‍ അവസരമുണ്ടെന്നു സ്‌കോട്‌ലന്‍!!!!ഡ് യാര്‍ഡ് മേധാവി അറിയിച്ചു. സിറിയന്‍ നഗരമായ റാഖയിലെ ഇന്റര്‍നെറ്റ് കഫേയാണു ഇസ്ലാമിക് സ്റ്റേറ്റ് ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം.

വിദേശികളായ ചെറുപ്പക്കാരോടു രാജ്യംവിട്ട് ഇസ്ലാമിക് സ്റ്റേറ്റിനൊപ്പം ചേരാന്‍ ആഹ്വാനം ചെയ്തു വന്‍ പ്രചാരണമാണ് ഇന്റര്‍നെറ്റിലൂടെ നടത്തുന്നത്. പാശ്ചാത്യരാജ്യങ്ങളില്‍നിന്ന് 5000 ലേറെ ചെറുപ്പക്കാര്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നിട്ടുണ്ടെന്നാണു കണക്ക്. ഇതില്‍ 550 പേര്‍ സ്ത്രീകളാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.