1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 18, 2015

സ്വന്തം ലേഖകന്‍:ഇസ്രയേല്‍ തെരഞ്ഞെടുപ്പു മാമാങ്കം അവസാനിക്കുമ്പോള്‍ ഇരു കക്ഷികളും ഒപ്പത്തിനൊപ്പമെന്ന് എക്‌സിറ്റ് പോള്‍. നിലവിലുള്ള ബഞ്ചമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയും പ്രതിപക്ഷമായ ഇടത് സിയോണിസ്റ്റ് യൂണിയനും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് എന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന.

കൂട്ടുകക്ഷി മന്ത്രിസഭയുണ്ടാക്കാന്‍ തങ്ങള്‍ക്കൊപ്പം അണിചേരാന്‍ നെതന്യാഹു മറ്റ് വലതുപക്ഷ കക്ഷികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തു വന്ന രണ്ട് ടെലിവിഷന്‍ എക്‌സിറ്റ് പോളുകളും ഭരണകക്ഷിയായ ലികുഡ് പാര്‍ട്ടിക്ക് നേരിയ ഭൂരിപക്ഷം മാത്രം പ്രവചിച്ചതോടെയാണ് നെതന്യാഹുവിന്റെ പുതിയ നീക്കം.

അടുത്ത ബുധനാഴ്ചയോടെ മാത്രമേ പൂര്‍ണമായ തെരെഞ്ഞെടുപ്പു ഫലങ്ങള്‍ പുറത്തു വരൂ. ഇസ്രയേലിന്റെ 67 വര്‍ഷത്തെ ചരിത്രത്തില്‍ ഇന്നേവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഒറ്റക്ക് കേവല ഭൂരിപക്ഷം നേടി അധികാരത്തില്‍ കയറിയിട്ടില്ല.

എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് തന്റെ പാര്‍ട്ടി വിജയം വരിച്ചതായി എക്‌സിറ്റ് പോളുകള്‍ക്കുള്ള പ്രതികരണമെന്നോണം നെതന്യാഹു ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ യാഥാര്‍ഥ ഫലം വരുന്നതുവരെ കാത്തിരിക്കാമെന്നും എല്ലാം എല്ലാവര്‍ക്കും കാണാവുന്നതാണെന്നും സിയോണിസ്റ്റ് യൂണിയന്‍ നേതാവ് ഐസക് ഹെര്‍സോഗ് തിരിച്ചടിച്ചു.

എന്നാല്‍ കൂട്ടുകക്ഷി മന്ത്രിസഭക്കുള്ള സാധ്യത മുന്നില്‍ കണ്ട് ഇരു വിഭാഗവും സഖ്യകക്ഷികള്‍ക്കായുള്ള വലവിരിച്ചു തുടങ്ങിയതായാണ് സൂചന. മുന്‍ മന്ത്രിയായ മോശെ കാലോണ്‍ പുതുതായി രൂപവല്‍ക്കരിച്ച രാഷ്ട്രീയ പാര്‍ട്ടിയാണ് ഇത്തവണ കറുത്ത കുതിരകള്‍ ആകുകയെന്ന് നിരീക്ഷകര്‍ കരുതുന്നു. കാലോണാകട്ടെ ഇരു വിഭാഗവുമായും കൂട്ടുകക്ഷി മന്ത്രിസഭയുണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയുന്നുമില്ല.

ഇസ്രയേലിലെ ന്യൂനപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന അറബ് കക്ഷികളാണ് മറ്റൊരു നിര്‍ണായയ ശക്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.