1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 20, 2018

സ്വന്തം ലേഖകന്‍: ഇസ്രയേല്‍ ഇനി ജൂതരുടെ ദേശീയ രാഷ്ട്രം; വിവാദ നിയമത്തിന് ഇസ്രയേല്‍ പാര്‍ലമെന്റിന്റെ അംഗീകാരം. നിയമം രാജ്യത്തെ അറബ് ന്യൂനപക്ഷത്തിനെതിരെ തുറന്ന വിവേചനത്തിനു കാരണമാകുമെന്ന് കടുത്ത വിമര്‍ശനം ഉയരുന്നതിനിടെയാണ് പുതിയ വഴിത്തിരിവ്. ചൂടന്‍ ചര്‍ച്ചയ്‌ക്കൊടുവില്‍ 55നെതിരെ 62 വോട്ടുകള്‍ക്കാണു നിയമം പാസായത്.

ഹീബ്രു ഔദ്യോഗിക ഭാഷയാക്കുന്ന നിയമം, ‘ജൂതകുടിയേറ്റ വികസനം’ ദേശീയതാല്‍പര്യവുമായും നിര്‍വചിക്കുന്നു. നേരത്തേ ഹീബ്രുവിനൊപ്പം ഔദ്യോഗിക ഭാഷയായിരുന്ന അറബിക്കിന് ഇനി പ്രത്യേക പദവി മാത്രമായിരിക്കും ഉണ്ടാവുക. ഇസ്രയേല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ കുടിയേറ്റത്തെയാണ് ‘ജൂതകുടിയേറ്റ വികസനം’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് സൂചന.

ജൂതജനതയുടെ ചരിത്രപരമായ മാതൃദേശമാണ് ഇസ്രയേല്‍ എന്നും അവിടെ ജൂതര്‍ക്കു സ്വയം നിര്‍ണയാവകാശം ഉണ്ടെന്നും നിയമം അനുശാസിക്കുന്നു. ജൂതര്‍ക്കു മാത്രമായ പ്രദേശങ്ങള്‍ സ്ഥാപിക്കാന്‍ പ്രത്യേക നിയമം കൊണ്ടുവരണമെന്ന വിവാദ നിര്‍ദേശം ഇസ്രയേല്‍ പ്രസിഡന്റ് റൂവല്‍ റിവ്‌ളി അടക്കമുള്ളവര്‍ എതിര്‍ത്തതോടെ മാറ്റി.

പ്രതിപക്ഷത്തെ അറബ് ജോയിന്റ് ലിസ്റ്റ് സഖ്യം തലവന്‍ അയ്മന്‍ ഒദേഹ് നിയമത്തെ ‘ജനാധിപത്യത്തിന്റെ മരണം’ എന്നു വിശേഷിപ്പിച്ചു. വംശീയമെന്നു വിമര്‍ശിക്കപ്പെട്ട ബില്‍ കീറിയെറിഞ്ഞും കരിങ്കൊടി വീശിയും അറബ് അംഗങ്ങള്‍ സഭയില്‍ പ്രതിഷേധിച്ചു. ഇസ്രയേലിലെ 80 ലക്ഷത്തിലേറെ വരുന്ന ജനങ്ങളില്‍ 17.5 ശതമാനം അറബ് വംശജരാണ്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.