1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 30, 2016

സ്വന്തം ലേഖകന്‍: ഇസ്രായേലി വ്യോമസേനയുടെ രഹസ്യങ്ങള്‍ ബ്രിട്ടനും അമേരിക്കയും ചോര്‍ത്തിയതായി വെളിപ്പെടുത്തല്‍. ഇസ്രയേലിന്റെ വ്യോമസേനാ രഹസ്യങ്ങളും സൈനിക നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങളും മറ്റ് സൈനിക ആശയവിനിമയങ്ങളും 18 വര്‍ഷം മുമ്പ് അമേരിക്കന്‍, ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സികള്‍ ഹാക്ക് ചെയ്തുവെന്നാണ് സൂചന.

മുന്‍ അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന എഡ്വേഡ് സ്‌നോഡന്‍ പുറത്തുവിട്ട പുതിയ രേഖകളിലാണ് 1998 ല്‍ നടന്ന ഓപറേഷനെക്കുറിച്ച് സൂചനകളുള്ളത്. രണ്ടു പ്രധാന വാര്‍ത്താ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച പുതിയ വെളിപ്പെടുത്തലിനെക്കുറിച്ച് നിരാശയുണ്ടെന്ന് ഇസ്രായേല്‍ പ്രതികരിച്ചു.

അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സിയും ബ്രിട്ടന്റെ കമ്യൂണിക്കേഷന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്‌സും ചേര്‍ന്ന് ഗസ്സക്കും സിറിയക്കും ഇറാനുമെതിരായ ഇസ്രായേലിന്റെ നീക്കങ്ങള്‍ ചോര്‍ത്തുകയായിരുന്നുവെന്ന് ഇസ്രായേലിലെ പ്രമുഖ പത്രമായ യെദിയോത് അഹ്രോനോത് റിപ്പോര്‍ട്ട് ചെയ്തു.

അനാര്‍ക്കിസ്റ്റ് എന്നു പേരിട്ട ഓപറേഷനിലൂടെ മറ്റു പശ്ചിമേഷ്യന്‍ രാജ്യങ്ങളെയും ലക്ഷ്യം വച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മെഡിറ്ററേനിയന്‍ ദ്വീപായ സൈപ്രസിലെ കുന്നിന്‍മുകളില്‍നിന്ന് ഇസ്രായേലി ഡ്രോണുകളുടെ ചിത്രങ്ങളെടുത്തതായി ഓണ്‍ലൈന്‍ പോര്‍ട്ടലായ ദി ഇന്റര്‍സെപ്റ്ററില്‍ പറയുന്നു.

എന്നാല്‍, സായുധ ഡ്രോണുകള്‍ തങ്ങളുടെ കൈവശമുണ്ടെന്ന കാര്യം ഇസ്രായേല്‍ സ്ഥിരീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്തിട്ടില്ല. സ്‌നോഡന്റെ ആരോപണങ്ങളെക്കുറിച്ച് ഇസ്രായേലിലെ അമേരിക്കന്‍ എംബസി പ്രതികരിച്ചില്ല. ഇത്തരം സുരക്ഷാ കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാനാവില്ലെന്ന് ഇസ്രയേലിലെ ബ്രിട്ടീഷ് എംബസിയുടെ പ്രതിനിധി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.