1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 25, 2020

സ്വന്തം ലേഖകൻ: അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരെ സമാധാന നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്തു. യുഎഇയും ഇസ്രയേലും തമ്മിൽ ചരിത്രപരമായ സമാധാന ഉടമ്പടിയിലേർപ്പെട്ടതിനാണ് നാമനിർദേശം.

സമാധാന നൊബേൽ ജേതാവ് ഡേവിഡ് ട്രിംബിൾ ഷെയ്ഖ് മുഹമ്മദിന്റെയും നെതന്യാഹുവിന്റെയും പേരുകൾ നൊബേൽ കമ്മിറ്റിക്ക് സമർപ്പിച്ചതായി ഇസ്രയേലി പ്രധാനമന്ത്രിയുടെ ഒാഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു. നോർതേൺ അയർലൻഡിന്റെ ആദ്യ മന്ത്രി ട്രിംബിൾ നോർതേൺ അയർലൻഡിന്റെ പ്രശ്നം സമാധാനപരമായി പരിഹരിച്ചതിനാണ് 1998 ൽ നൊബേൽ നേടിയത്. മധ്യപൂർവദേശത്തെ സമാധാന നീക്കത്തിന് പിന്നിൽ പ്രവർത്തിച്ചതിന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ ഇപ്രാവശ്യത്തെ നൊബേൽ സമാധാന സമ്മാനത്തിന് നാമനിർദേശം ചെയ്തിരുന്നു.

മധ്യപൂർവദേശത്തു സമാധാനത്തിന്റെ പുതിയ പുലരിയെന്ന പ്രഖ്യാപനത്തോടെ സെപ്റ്റംബറിൽ വൈറ്റ്ഹൗസിൽ നടന്ന ചടങ്ങിലാണ് ഇസ്രയേലുമായി യുഎഇ സമാധാനക്കരാർ ഒപ്പിട്ടത്. മധ്യസ്ഥത വലിയ ബഹുമതിയെന്നു വിശേഷിപ്പിച്ച് ഡോണൾഡ് ട്രംപ് ആതിഥേയനായി. അറബ് –ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ സഹായിക്കുന്നതും സാമ്പത്തികപുരോഗതി ഉണ്ടാക്കുന്നതുമാണു പുതിയ സമാധാനക്കരാറുകളെന്ന് ബെന്യാമിൻ നെതന്യാഹു പറഞ്ഞു.

യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ബഹ്റൈൻ വിദേശകാര്യ മന്ത്രി അബ്ദുൽലത്തീഫ് അൽ സയാനിയുമാണ് പ്രതിനിധികളായി കരാറുകളി‍ൽ ഒപ്പിട്ടത്. കരാർ ഒപ്പിടുന്നതിനു മുൻപു നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയ ട്രംപ്, ഇസ്രയേലുമായി സമാധാനക്കരാറിനായി കുറഞ്ഞത് 6 രാജ്യങ്ങളെങ്കിലും തയാറായി വരിനിൽക്കുകയാണെന്നും പറഞ്ഞിരുന്നു.

ബഹ്റൈൻ സന്ദർശിക്കുമെന്ന് നെതന്യാഹു

നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കുന്നതിന്റെ ഭാഗമായി ബഹ്റൈൻ സന്ദർശിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. മധ്യപൂർവദേശത്തെ സമാധാന ശ്രമങ്ങൾ സംബന്ധിച്ച് ബഹ്റൈൻ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ സൽമാൻ ബിൻ ഹമദുമായി ഫോണിൽ സംസാരിച്ചെന്നും അദ്ദേഹത്തിന്റെ അഭ്യർഥന പ്രകാരം രാജ്യം സന്ദർശിക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി പ്രസ്താവനയിൽ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.