1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 8, 2017

സ്വന്തം ലേഖകന്‍: ജറുസലേമിലേക്കുള്ള ഇസ്രയേലിന്റെ തലസ്ഥാന മാറ്റം; ട്രംപിനെതിരെ നിലപാട് കടുപ്പിച്ച് അറബ് രാഷ്ട്രങ്ങള്‍. അമേരിക്കയുടെ നടപടി സമാധാന ശ്രമങ്ങളെ തുരങ്കം വയ്ക്കുമെന്നാണ് അറബ് രാജ്യങ്ങളുടെ പ്രധാന ആരോപണം. അതിനിടെ ഇസ്രയേലിനെതിരെ വീണ്ടും പോരാട്ടം ആരംഭിക്കുമെന്ന് ഹമാസ് പ്രഖ്യാപിച്ചു.

ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ നിലപാട് രാജ്യാന്തര ധാരണകളുടെയും യുഎന്‍ ചട്ടങ്ങളുടെയും ലംഘനമാണെന്നാണ് അറബ് ഗള്‍ഫ് രാജ്യങ്ങളുടെ നിലപാട്. അമേരിക്കയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സൌദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രസിഡന്റ് ട്രംപിനെ നേരിട്ട് പ്രതിഷേധം അറിയിച്ചു.

കുവൈത്തും യുഎഇയും യുഎസ് നടപടിയെ അപലപിച്ചു. മധ്യപൂര്‍വദേശ മേഖലയുടെ സമാധാനത്തെ തകിടം മറിക്കുന്നതാണ് പുതിയ നടപടിയെന്ന് ഈ രാജ്യങ്ങള്‍ കുറ്റപ്പെടുത്തി. ബഹ്‌റൈന്‍, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളും അമേരിക്കന്‍ നിലപാടിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അതിനിടെ ഇസ്രയേലിനെതിരെ പുതിയ പോരാട്ടം ആരംഭിക്കാന്‍ ആഹ്വാനം ചെയ്ത് ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയ രംഗത്തെത്തി.

അമേരിക്കന്‍ നടപടി യുദ്ധപ്രഖ്യാപനമാണെന്ന് ഹമാസ് കുറ്റപ്പെടുത്തി. അമേരിക്കന്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് വെസ്റ്റ് ബാങ്ക് മേഖലയില്‍ ഇസ്രയേല്‍ സൈന്യവും പലസ്തീനികളും തമ്മില്‍ വ്യാപക ഏറ്റുമുട്ടലുണ്ടായി. ജറുസലേമിനെ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ നടപടിയ്ക്ക് എതിരെ പലസ്തീന്‍ ജനത സ്‌കൂളുകളും സ്ഥാപനങ്ങളും അടച്ചിട്ട് പ്രതിഷേധിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.