1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2018

സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് ഉപഗ്രങ്ങളുമായി ഐ.എസ്.ആര്‍.ഒയുടെ പി.എസ്.എല്‍.വി റോക്കറ്റ് ബഹിരാകാശത്ത്; ഫ്രാന്‍സുമായി സഹകരിച്ചും ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കും. ഭൗമനിരീക്ഷണത്തിനുള്ള രണ്ട് ബ്രിട്ടീഷ് ഉപഗ്രങ്ങളുമായി ഐ.എസ്.ആര്‍.ഒയുടെ പി.എസ്.എല്‍.വി റോക്കറ്റ് ഞായറാഴ്ച രാത്രി 10.08ന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്നും വിജയകരമായി വിക്ഷേപിച്ചു. പി.എസ്.എല്‍.വി റോക്കറ്റിന്റെ 44ആമത് വിക്ഷേപണത്തിലൂടെ ഇന്ത്യയ്ക്ക് 200 കോടിയോളം രൂപ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐ.എസ്.ആര്‍.ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സിന്റെ പൂര്‍ണ വാണിജ്യ വിക്ഷേപണമാണിത്. രണ്ട് ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനായി മുഴുവന്‍ റോക്കറ്റും വിദേശ കമ്പനി വാടകയ്ക്ക് എടുക്കുകയായിരുന്നു. പൂര്‍ണമായും വാണിജ്യ അടിസ്ഥാനത്തിലുള്ള പി.എസ്.എല്‍.വി റോക്കറ്റിന്റെ അഞ്ചാമത്തെ വിക്ഷേപണമാണിതെന്ന് തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ ഡയറക്ടര്‍ ഡോ. എസ്. സോംനാഥ് പറഞ്ഞു.

പി.എസ്.എല്‍.വിയുടെ ഉയര്‍ന്ന വിശ്വാസ്യതയും സമയക്രമം പാലിച്ച് വിക്ഷേപണം നടത്തുന്നതുമാണ് വിദേശ രാജ്യങ്ങളെ ആകര്‍ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സറേ സാറ്റ് ലൈറ്റ് ടെക്‌നോളജി ലിമിറ്റഡിന്റെ(എസ്.എസ്.ടി.എല്‍) നോവ എസ്.എ.ആര്‍, എസ്14 എന്നീ ഉപഗ്രഹങ്ങളാണ് ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ചത്. വനഭൂപട നിര്‍മാണം, സര്‍വേ, വെള്ളപ്പൊക്കം ഉള്‍പ്പെടെയുള്ള ദുരന്തങ്ങളുടെ വിശകലനം എന്നിവയ്ക്ക് വേണ്ടിയുള്ള ഉപഗ്രഹങ്ങളാണിവ.

889 കിലോഗ്രാം ഭാരമുള്ളതാണ് നോവ എസ്.എ.ആര്‍, എസ് 14 എന്നീ ഉപഗ്രഹങ്ങള്‍. രാത്രി, പകല്‍ വ്യത്യാസമില്ലാതെ ഈ ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തിക്കും. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിരീക്ഷണം ശക്തമാക്കുന്നതിനായി ഫ്രാന്‍സുമായി സഹകരിച്ച് ഇന്ത്യ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബംഗളൂരുവിലെത്തിയ ഫ്രഞ്ച് ബഹിരാകാശ ഏജന്‍സി തലവന്‍ ജീന്‍ വീസ് ലാ ഗാല്‍ ആണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയുമായി സഹകരിച്ച് 10 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് പദ്ധതിയിടുന്നത്. ഐഎസ്ആര്‍ഒ ബഹിരാകാശത്ത് നടത്തുന്ന സുപ്രധാന പര്യവേക്ഷണങ്ങളിലും ഫ്രാന്‍സ് സഹകരിക്കുമെന്നും ജീന്‍ വീസ് ലാ ഗാല്‍ പറഞ്ഞു. സ്‌പേസ് എക്‌സ്‌പോ 2018ല്‍ പങ്കെടുക്കാനാണ് അദ്ദേഹം ബംഗളൂരുവില്‍ എത്തിയത്.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.