1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2018

സ്വന്തം ലേഖകന്‍: ഐഎസ്ആര്‍ഒ ചാരക്കേസില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി വിധി; നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം. കേസിലെ പൊലീസ് നടപടികള്‍ ദുരുദ്ദേശപരമെന്ന് 32 പേജുള്ള വിധിയില്‍ സുപ്രീം കോടതി വിമര്‍ശിച്ചു. 50 ദിവസം നമ്പി നാരായണന് കസ്റ്റഡിയില്‍ യാതനകള്‍ അനുവഭിക്കേണ്ടി വന്നത്. പൊലീസ് നമ്പി നാരായണനെ വലുതായി ഉപദ്രവമേല്‍പ്പിച്ചു. സിബിഐ അന്വേഷണത്തില്‍ തന്നെ അറസ്റ്റിനെ ഗുരുതരമായി വിമര്‍ശിച്ചിട്ടുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.

കസ്റ്റഡി പീഡനം എന്നാല്‍ ഇടുങ്ങിയ കാഴ്ച്ചപ്പാടില്‍ കാണേണ്ട കാര്യമല്ലെന്ന് കോടതി പറഞ്ഞു. ഹൈക്കോടതി നടപടി ലളിതവല്‍ക്കരിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. നമ്പി നാരാരായണനെ കസ്റ്റഡിയില്‍ എടുത്തതിലൂടെ മനുഷ്യാവകാശത്തിന്റെ അടിസ്ഥാനമായ അന്തസ്സും സ്വാതന്ത്ര്യവും തകിടം മറിച്ചു. അതുകൊണ്ട് നഷ്ടപരിഹാരം നല്‍കുന്നതിന് തടസമില്ല. കസ്റ്റഡി പീഡനം എന്നാല്‍ ഇടുങ്ങിയ കാഴ്ചപ്പാടില്‍ കാണേണ്ട കാര്യമല്ല.ഭൂതകാലത്തെ എല്ലാ മഹത്വംവും വെടിഞ്ഞ് അറപ്പുണ്ടാക്കും വിധമുള്ള പെരുമാറ്റം നമ്പി നാരാരായണന് നേരിടേണ്ടി വന്നു.

പൊലീസ് സ്റ്റേഷന്റെ നാലു ചുമരിനകത്തോ ലോക്കപ്പിലോ ആയ ആളുടെ മാനസിക പീഡനവും പരിഗണിക്കണം. ശാരീരിക വേദനകള്‍ മാത്രമല്ല, മാനസിക പീഡനവും പരിഗണിക്കപ്പെടണം. ഒരാളുടെ പ്രശസ്തി എന്നത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ അടിസ്ഥാന ഘടകമാണ്. നമ്പി നാരായണന് ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശം ഗുരുതരമായി ലംഘിക്കപ്പെട്ടു. പൊലീസിന്റെ അമിത ബലപ്രയോഗം സംബന്ധിച്ച വിധിയില്‍ സുപ്രീം കോടതി ഇതേപ്പറ്റി കൃത്യമായി പറഞ്ഞിട്ടുണ്ട്.

ദേശീയ തലത്തില്‍ പ്രശസ്തനായ ശാസ്ത്രജ്ഞന് കടുത്ത അപമാനത്തിലൂടെ കടന്നുപോകേണ്ടി വന്നു എന്നതിന് തരിമ്പു പോലും സംശയമില്ല. ആരെയും അറസ്റ്റ് ചെയ്തു കസ്റ്റഡിയില്‍ വയ്കാമെന്ന പൊലീസിന്റെ നിരുത്സാഹ കാര്യമായ നിലപാട് കാരണം നമ്പി നാരായണന് അപകീര്‍ത്തി അനുഭവിക്കേണ്ടി വന്നു. സിവില്‍ കോടതിയില്‍ നഷ്ടപരിഹാരത്തിനായി സ്യൂട്ട് ഉണ്ടെങ്കിലും ഭരണഘടനാ കോടതിക്ക് പൊതു നിയമപ്രകാരം നഷ്ടപരിഹാരം നല്‍കുന്നതിന് തടസ്സമില്ല.

നമ്പി നാരായണന്റെ തെറ്റായ തടവിനും ദുരുദ്ദേശപരമായ പ്രോസിക്യൂഷനു അപമാനത്തിനും അപകീര്‍ത്തിക്കും നേരെ കോടതിക്ക് കണ്ണടക്കാന്‍ ആകില്ല. അതുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. 8 ആഴ്ചയ്ക്കകം തുക നല്‍കണം. കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള സിവില്‍ സ്യൂട്ടുമായി നമ്പി നാരായണന് മുന്നോട്ട് പോകാമെന്നും കോടതി ചൂണ്ടിക്കാട്ടി.

കുറ്റക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തേണ്ടതുണ്ട്. അതിനായി സുപ്രീംകോടതി മുന്‍ ജഡ്ജി ഡി.കെ.ജെയിന്‍ അധ്യക്ഷനായ മൂന്നംഗസമിതിയെ നിയോഗിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഓരോ പ്രതിനിധികളെ ശുപാര്‍ശ ചെയ്യാം. മുന്‍ ഡി.ജി.പി: സിബി മാത്യൂസ്, പൊലീസ് ഉദ്യോഗസ്ഥരായിരുന്ന കെ.കെ.ജോഷ്വ, എസ്.വിജയന്‍ എന്നിവര്‍ക്കെതിരെ നടപടിയുണ്ടാകണമെന്നായിരുന്നു നമ്പി നാരായണന്റെ ആവശ്യം.

ഐസ്ആര്‍ഒ ചാരക്കേസില്‍ നിര്‍ണ്ണായക വിധിയോടെ പ്രതികരിക്കവെ എന്തു ചെയ്താലും രക്ഷപെടാം എന്ന പൊലീസിന്റെ ചിന്ത മാറാന്‍ ഈ വിധി വഴിയൊരുക്കുമെന്ന് നമ്പി നാരായണന്‍ പറഞ്ഞു. ചരിത്രവിധിയാണ് ഉണ്ടായത്. സുപ്രീംകോടതിവിധിയില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.