1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 18, 2017

സ്വന്തം ലേഖകന്‍: 150 ഓളം കൊലപാതകങ്ങള്‍ക്ക് ഉത്തരവാദിയായ ഇറ്റലിയിലെ കുപ്രസിദ്ധ അധോലോക രാജാവ് ജയിലില്‍ മരിച്ച നിലയില്‍. മാഫിയാ തലവനായ സാല്‍വത്തോറെ ടോട്ടോ റൈന (87) യാണ് അര്‍ബുദ രോഗത്തെ തുടര്‍ന്ന് ജയിലില്‍ വച്ചു മരിച്ചത്. 1993 ല്‍ ജയിലിലാകുമ്പോള്‍ 26 ജീവപര്യന്തങ്ങളാണ് റൈനയ്ക്ക് കോടതി വിധിച്ചത്. 150 ലധികം കൊലപാതകങ്ങള്‍ക്കു റൈന ഉത്തരവിട്ടിട്ടുണ്ടെന്നാണു വിശ്വസിക്കപ്പെടുന്നത്.

25 വര്‍ഷത്തോളം ഇയാള്‍ ഇറ്റാലിയന്‍ പൊലീസിനെ വെട്ടിച്ചു നടക്കുകയായിരുന്നു. ജയിലഴിക്കുള്ളില്‍വച്ചുപോലും കൊലപാതകങ്ങള്‍ക്കു റൈന ഉത്തരവിട്ടിട്ടുണ്ട്. വൃക്കയെ ബാധിച്ച അര്‍ബുദത്തിനു പിന്നാലെ മോശമായ ഹൃദയാരോഗ്യവും പാര്‍ക്കിന്‍സണ്‍സ് അസുഖവും മൂലം ഏറെ നാളായി അവശനായിരുന്നു റൈന.

വടക്കന്‍ ഇറ്റലിയിലെ പാര്‍മയിലുള്ള ആശുപത്രിയില്‍ കഴിഞ്ഞിരുന്ന റൈനെയെ സന്ദര്‍ശിക്കാന്‍ കുടുംബാംഗങ്ങളെ കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. ഇറ്റലിയിലെ സിസിലിയിലുള്ള കോര്‍ലിയോണില്‍ ദരിദ്ര കര്‍ഷക കുടുംബത്തില്‍ 1930 നവംബര്‍ 16 ന് ജനിച്ച റൈനയ്ക്ക് 13 വയസ്സുള്ളപ്പോള്‍ പിതാവിനേയും സഹോദരനേയും നഷ്ടപ്പെട്ടു. 19 ആം വയസ്സില്‍ പ്രദേശത്തെ മാഫിയ സംഘത്തില്‍ ചേര്‍ന്ന റൈന പിന്നെ തിരിഞ്ഞു നോക്കിയില്ല.

1970 കളില്‍ കോസ നോസ്ട്ര എന്ന മാഫിയാ സംഘത്തിന്റെ തലപ്പെത്തിയ റൈന തന്നിക്കെതിരെ നില്‍ക്കുന്ന എല്ലാവരേയും കൊന്നുതള്ളി. എന്നാല്‍ പ്രശസ്തരായ രണ്ട് ജഡ്ജിമാരെ വധിച്ച സംഭവത്തില്‍ അധികൃതര്‍ റൈനയെ പിടികൂടി ജയിലിലടച്ചു. ജയിലില്‍ കിടന്നും റൈന തന്റെ കിരാത ഭരണം തുടര്‍ന്നു. ക്രൂരതയുടെ അങ്ങേയറ്റത്തെ പര്യായമായിരുന്ന റൈനയുടെ വിളിപ്പേര് ‘ദി ബീസ്റ്റ്’ എന്നായിരുന്നു. ആരോഗ്യം വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന കുടുംബത്തിന്റെ അഭ്യര്‍ഥന കോടതി തള്ളിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.