1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 3, 2020

സ്വന്തം ലേഖകൻ: കേരള തീരത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികരെ വിചാരണ ചെയ്യാനുള്ള അവകാശം ഇന്ത്യയ്ക്ക് നഷ്ടമായത് കനത്ത തിരിച്ചടിയാകുന്നു. അന്താരാഷ്ട്ര തര്‍ക്ക പരിഹാര ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ഇന്ത്യയ്ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് വിധിച്ചെങ്കിലും നാവികരെ വിചാരണ ചെയ്യാനുള്ള അവകാശം ഇന്ത്യയ്ക്ക് നഷ്ടമാവുകയുമാണ് ചെയ്തത്. കോടതി വിധി വിശദമായി പഠിച്ചുകൊണ്ടിരിക്കുകയാണ് എന്നായിരുന്നു വിധി വന്നതിനു ശേഷമുള്ള ഇന്ത്യയുടെ പ്രതികരണം.

2012ലാണ് കേരളതീരത്തോട് ചേര്‍ന്ന് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ കപ്പല്‍ എന്റിക ലെക്‌സിയിലെ നാവികരായ മാസിമിലിയാനോ ലത്തോറെ, സാല്‍വത്തോറെ ജിറോണ്‍ എന്നിവര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഇറ്റാലിയന്‍ നാവിക ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ സാധിച്ചില്ലെന്ന് കാണിച്ച് നിരവധി പ്രതിഷേധങ്ങള്‍ അന്ന് തന്നെ ഉടലെടുത്തിരുന്നു. ഇപ്പോള്‍ അന്താരാഷ്ട്ര ട്രൈബ്യൂണലിന്റെ വിധി കൂടി വന്നതോടെ വിചാരണ നടപടിക്കു മേല്‍ ഇന്ത്യയ്ക്ക് ഒരു അധികാരവും ഇല്ലാതെയാവുകയാണ്.

നാവികര്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ച് ഐക്യരാഷ്ട്ര സഭയുടെ സമുദ്രനിയമങ്ങള്‍ ലംഘിക്കുകയായിരുന്നുവെന്നും അതിനാല്‍ ഇന്ത്യയ്ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട് എന്ന ട്രൈബ്യൂണലിന്റെ വിധി മാത്രമാണ് കേസില്‍ ഇന്ത്യയ്ക്ക് അനൂകൂലമായി ഉണ്ടായിരിക്കുന്നത്. അതേസമയം ഇന്ത്യന്‍ സമുദ്രതീരത്ത് നടന്ന പ്രശ്‌നത്തില്‍ വിചാരണ നടപടികള്‍ക്കുള്ള അവകാശം ഇന്ത്യയ്ക്ക് നഷ്ടമാവുകയുമാണ് ചെയ്തത്. നാവികരെ കുറ്റവാളികളായി വിധിക്കില്ലെന്ന് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തിരുന്നു.

വിചാരണ നടപടികള്‍ ഇന്ത്യയിലാകരുത് എന്ന് കാണിച്ച് ഇറ്റലിയായിരുന്നു അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്. സംഭവം നടന്നത് ഇന്ത്യയുടെ അധികാര പരിധിയില്‍ ആണെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. എന്നാല്‍ അന്താരാഷ്ട്ര ട്രൈബ്യൂണല്‍ ഇന്ത്യയുടെ വാദം നിരാകരിക്കുകയാണ് ചെയ്തത്. അതേസമയം നാവികരെ തടവിലിട്ടതിന് ഇന്ത്യ നഷ്ടപരിഹാരം നല്‍കണമെന്ന് ഇറ്റലിയുടെ വാദം കോടതി അംഗീകരിച്ചില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.