1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 16, 2021

സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഇറ്റലിയിൽ പൊതുജനങ്ങൾ അനുവർത്തിക്കേണ്ട പുതിയ നിയന്ത്രണങ്ങൾ ഇന്നു മുതൽ (ജനുവരി -16) നിലവിൽ വരും. ഇതു സംബന്ധിച്ച ഉത്തരവിൽ പ്രധാനമന്ത്രി ജൂസപ്പേ കോൺതെ ഇന്നലെ ഒപ്പുവച്ചു. നിയന്ത്രണങ്ങൾ മാർച്ച് അഞ്ചു വരെ തുടരും.

റീജിയനുകൾക്ക് പുറത്തേക്ക് യാത്ര ചെയ്യുന്നതിനുള്ള നിരോധനം ഫെബ്രുവരി 15 വരെ തുടരും. സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് കൈവശമുണ്ടെങ്കിൽ ജോലി, ആരോഗ്യ സംബന്ധമായ കാര്യങ്ങൾ എന്നിവയ്ക്കായി യാത്ര അനുവദിക്കും. ഒറ്റയ്ക്ക് താമസിക്കുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള സഹായം ആവശ്യമുണ്ടെങ്കിൽ അത്തരക്കാരെ സന്ദർശിക്കുന്നതിനും ഇളവ് ലഭിക്കും.

കളർ-കോഡ് നിയന്ത്രണ സംവിധാനത്തിൽ നിലവിലുള്ള ചുവപ്പ്, ഓറഞ്ച്, മഞ്ഞ മേഖലകൾക്കു പുറമേ സർക്കാർ പുതിയ ‘വൈറ്റ്’ സോൺ’ കൂടി ഉൾപ്പെടുത്തി. കൊവിഡ് 19 കേസുകൾ ഏറ്റവും കുറവുള്ള പ്രദേശങ്ങളാണ് വൈറ്റ് സോണിൽ വരുന്നത്. നിലവിൽ ഒരു പ്രദേശവും വൈറ്റ് സോണിൽ ഉൾപ്പെടുവാൻ യോഗ്യത നേടിയിട്ടില്ല.

ബാറുകളും റസ്റ്ററന്റുകളും വൈകിട്ട് ആറിനു ശേഷം ടേക്ക്-എവേ രീതിയിൽ ഭക്ഷണപാനീയങ്ങൾ വിൽക്കുന്നത് നിരോധിച്ചിരിക്കുന്നു, എന്നാൽ നിയന്ത്രണങ്ങളോടെ ഹോം ഡെലിവറി അനുവദിക്കും. റെഡ് സോണിന് പുറത്തുള്ള ഹൈസ്കൂൾ വിദ്യാർഥികൾ അവരുടെ പാഠഭാഗങ്ങളുടെ 50% പoനങ്ങൾക്കായി ക്ലാസ് റൂമുകളിൽ എത്തണം. ബാക്കിയുള്ള പാഠഭാഗങ്ങൾ വിദൂരപഠന രീതിയിൽ പൂർത്തിയാക്കാവുന്നതാണ്.

ഞ്ഞ, വെള്ള സോണുകളിലെ മ്യൂസിയങ്ങളും പുരാവസ്തു സൈറ്റുകളും തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ തുറന്നു പ്രവർത്തിപ്പിക്കാവുന്നതാണ്. ഇവിടങ്ങളിൽ സന്ദർശനം നടത്തുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തും. പ്രവേശനത്തിന് മുൻ‌കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും. സന്ദർശകർ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.

വീടുകളിൽ പരമാവധി രണ്ട് അതിഥികളെ മാത്രമേ സ്വീകരിക്കാവൂ. 14 വയസ്സിന് താഴെയുള്ള കുട്ടികളോ അംഗപരിമിതരോ മറ്റു വീടുകളിൽ സന്ദർശനം നടത്തരുത്. സിനിമാശാലകളും കൾച്ചറൽ സെന്ററുകളും തുറന്നു പ്രവർത്തിക്കാൻ അനുമതിയില്ല. മാർച്ച് അഞ്ചുവരെ നീന്തൽക്കുളങ്ങളും ജിമ്മുകളും തുറക്കില്ല, സ്കീ റിസോർട്ടുകൾ ഫെബ്രുവരി 15 വരെ അടച്ചിടും.

രാത്രി 10 മുതൽ രാവിലെ അഞ്ചുവരെ രാജ്യവ്യാപകമായി രാത്രി കർഫ്യൂ ഇപ്പോഴും പ്രാബല്യത്തിലുണ്ട്. കൂടാതെ രാജ്യത്തെ കൊവിഡ് അടിയന്തരാവസ്ഥ ഏപ്രിൽ 30 വരെ നീട്ടിയിട്ടുണ്ട്. ആവശ്യമെങ്കിൽ അടിയന്തിര തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനും പരിഷ്കരിക്കുന്നതിനും റദ്ദാക്കുന്നതിനും അധികൃതർക്ക് അധികാരമുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.