1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 14, 2018

സ്വന്തം ലേഖകന്‍: സൗദി മാധ്യമ പ്രവര്‍ത്തകന്‍ ഖഷോഗിയുടെ തിരോധാനം; കടുത്ത മുന്നറിയിപ്പുമായി ട്രംപ്; സൗദി സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍. ഖഷോഗിയെ സൗദി കൊലപ്പെടുത്തിയെന്നു കണ്ടെത്തിയാല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പു നല്കി. സൗദിയിലെ അബ്ദുള്ള രാജാവുമായി ഫോണില്‍ സംസാരിക്കുമെന്നും ട്രംപ് പറഞ്ഞു. സത്യം പുറത്തുവരണമെന്നാവശ്യപ്പെട്ടു യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെരസും രംഗത്തുവന്നു.

വിവാഹമോചന സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ഈ മാസം രണ്ടിനു തുര്‍ക്കിയിലെ ഇസ്താംബൂളിലുള്ള സൗദി കോണ്‍സുലേറ്റില്‍ പ്രവേശിച്ച ഖഷോഗിയെ പിന്നീടാരും കണ്ടിട്ടില്ല. ഖഷോഗി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടുവെന്നും ഇതിന് വീഡിയോ, ഓഡിയോ തെളിവുകളുണ്ടെന്നും തുര്‍ക്കി ആരോപിക്കുന്നു. സൗദി സ്വദേശിയായ ഖഷോഗി അവിടെ ഭരണം നിയന്ത്രിക്കുന്ന മുഹമ്മദ് ബിന്‍ സല്‍മാര്‍ രാജകുമാരന്റെ കടുത്ത വിമര്‍ശകനായിരുന്നു.

അമേരിക്കയിലേക്കു കടന്ന അദ്ദേഹം വാഷിംഗ്ടണ്‍ പോസ്റ്റ് പത്രത്തില്‍ ലേഖകനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. സൗദിയില്‍നിന്നെത്തിയ 15 അംഗ സംഘമാണ് കൊല നടത്തിയതെന്നു തുര്‍ക്കി പറയുന്നു. പീഡിപ്പിച്ചു കൊന്നശേഷം ശരീരം കഷണങ്ങളാക്കി അഴുക്കുചാലിലൂടെ ഒഴുക്കിക്കളഞ്ഞിരിക്കാമെന്നു സംശയിക്കുന്നു. ഖഷോഗി ധരിച്ചിരുന്ന സ്മാര്‍ട്ട്‌വാച്ച് റിക്കാര്‍ഡ് ചെയ്ത ശബ്ദങ്ങള്‍ അടക്കമുള്ളതെളിവുകള്‍ തുര്‍ക്കിയുടെ പക്കലുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ആരോപണങ്ങളെല്ലാം സൗദി നിഷേധിച്ചിട്ടുണ്ട്.

സല്‍മാന്‍ രാജാവിനെ വിളിച്ചു വിഷയം ചര്‍ച്ച ചെയ്യുമെന്നും സത്യം പുറത്തുകൊണ്ടുവരുമെന്നും തെരഞ്ഞെടുപ്പു പരിപാടിക്കിടെ ട്രംപ് പറഞ്ഞു. ഒരു തെരഞ്ഞെടുപ്പു പരിപാടിയിലും സിബിഎസ് ചാനലിനു നല്കിയ അഭിമുഖത്തിലുമാണ് അദ്ദേഹം നിലപാടു വ്യക്തമാക്കിയത്. ആരോപണപ്രകാരം മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടുവെങ്കില്‍ അതു ഘോരവും അറപ്പുളവാക്കുന്നതുമായ പ്രവൃത്തിയാണ്. സൗദിയുടെ പങ്ക് വ്യക്തമായാല്‍ കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്നു ട്രംപ് മുന്നറിയിപ്പു നല്കി.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.