1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 25, 2017

സ്വന്തം ലേഖകന്‍: ജപ്പാനില്‍ കൈക്കുഞ്ഞുമായി നഗരസഭാ സമ്മേളനത്തിനെത്തിയ വനിതാ അംഗത്തെ ചേംബറില്‍ നിന്ന് പുറത്താക്കിയ അംഗങ്ങളുടെ നടപടി വിവാദമാകുന്നു. യുക ഒകാറ്റയാണ് ഏഴുമാസം പ്രായമുള്ള മകനെയുമായി തെക്കന്‍ കുമാമോടൊ സിറ്റി നഗരസഭയിലെത്തിയത്. എന്നാല്‍ കൈക്കുഞ്ഞുമായി സമ്മേളനത്തിനെത്തിയ ഒകാറ്റയോട് ചേംബറില്‍ നിന്ന് പുറത്തു പോകണമെന്ന് മറ്റ് അംഗങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു.

നിയമ പ്രകാരം, അംഗങ്ങള്‍ക്കും സ്റ്റാഫംഗങ്ങള്‍ക്കും സിറ്റി ഉദ്യോഗസ്ഥര്‍ക്കും മാത്രമേ സഭയില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളൂ. അതിനാലാണ് കുഞ്ഞിനെയുമായി എത്തിയ അംഗത്തോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. 40 മിനുട്ടോളം സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്തു. തുടര്‍ന്ന് കുഞ്ഞിനെ സുഹൃത്തിന്റെ കൈയിലേല്‍പ്പിച്ച് ഒകാറ്റ തിരികെ സഭയിലെത്തുകയായിരുന്നു.

സ്ത്രീ സൗഹൃദപരമായ തൊഴിലവസരം സൃഷ്ടിക്കണമെന്ന് സഭാധ്യക്ഷനോട് താന്‍ ആവശ്യപ്പെട്ടിരുന്നു. കുഞ്ഞിനെ കൂടെ കൊണ്ടു വരുന്നതിന് അനുവദിക്കുകയോ ഡേ കെയര്‍ സൗകര്യം നല്‍കുകയോ വേണമെന്നും അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടായില്ല. തുടര്‍ന്നാണ് ഏഴുമാസം പ്രായമായ കുഞ്ഞിനെ നഗരസഭയില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചതെന്ന് ഒകാറ്റ പറഞ്ഞു. സംഭവം സമൂഹ മാധ്യമങ്ങളില്‍ അടക്കം ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.