1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2016

സ്വന്തം ലേഖകന്‍: അറുപതു വര്‍ഷത്തെ കോണ്‍ക്രീറ്റ് തടവറ ജീവിതം അവസാനിപ്പിച്ച് ജപ്പാനിലെ ആന മുത്തശി യാത്രയായി. മൃഗശാലയുടെ മതില്‍ കെട്ടിനുള്ളില്‍ അറുപതു വര്‍ഷം ജീവിച്ച ജപ്പാനിലെ ഏറ്റവും പ്രായം കൂടിയ ആനകളിലൊന്നായ ഹനാക്കോ ചരിഞ്ഞു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞായിരുന്നു ടോക്കിയോയിലെ ഇനോകഷിറ മൃഗശാലയുടെ തലയെടുപ്പായി നിന്ന വെള്ളയാന ചരിഞ്ഞത്.

അവസാന നിമിഷങ്ങളില്‍ എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ കിടന്ന ഹനാക്കോയുടെ അവസ്ഥ ജീവനക്കാരെയും വിഷമത്തിലാഴ്ത്തിയിരുന്നു. 69 വയസുള്ള ഹനാക്കോയുടെ ആരോഗ്യ സ്ഥിതി കഴിഞ്ഞ ഒന്നര മാസമായി മോശമായിരുന്നു. മരത്തണല്‍ പോലുമില്ലാതെ മൃഗശാലയുടെ കോണ്‍ക്രീറ്റ് വേലിക്കെട്ടിനുള്ളില്‍ കഴിയുന്ന ആനയുടെ ജീവിതം നേരിട്ടറിഞ്ഞ കനേഡിയന്‍ ബ്ലോഗര്‍ ഇതേക്കുറിച്ച് കോണ്‍ക്രീറ്റ് തടവറ എന്ന പേരില്‍ ലേഖനം എഴുതിതോടെയാണ് ഹനാക്കോ ലോകശ്രദ്ധ നേടുന്നത്.

സംഭവത്തില്‍ നിരവധി മൃഗസ്‌നേഹികള്‍ പ്രതിഷേധിച്ചതോടെ മൃഗശാലയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനമായി. ഹനാക്കോയെ വനത്തിലേക്ക് തിരികെ വിടണമെന്ന് 20,000 ആളുകള്‍ ഒപ്പുവച്ച ഓണ്‍ലൈന്‍ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രായാധിക്യം മൂലം ഹനാക്കോയെ തിരികെ വനത്തിലേക്ക് വിടാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു.

അനേക വര്‍ഷങ്ങള്‍ ഒറ്റയ്ക്ക് ജീവിച്ചതിനാല്‍ വനത്തില്‍ മറ്റു ആനകളെ കാണുമ്പോള്‍ സംഭ്രമിക്കുമെന്നുമായിരുന്നു മൃഗശാല അധികൃതരുടെ വാദം. 1947 ല്‍ തായ്‌ലന്‍ഡിലാണ് ഹനാക്കോ എന്ന വെള്ള പിടിയാന ജനിച്ചത്. പിന്നീട് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം പിടിക്കപ്പെടുകയും മൃഗശാലയിലേക്ക് മാറ്റുകയുമായിരുന്നു. ഏതാണ്ട് 60 വര്‍ഷം ഇനോഷികറ മൃഗശാലയിലെ സന്ദര്‍ശകരുടെ മുഖ്യ ആകര്‍ഷണമായിരുന്നു ഹനാക്കോ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.