1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 29, 2017

 

സ്വന്തം ലേഖകന്‍: യുഎസ് പ്രസിന്ന്റ്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍, അന്വേഷണ സംഘം ട്രംപിന്റെ മരുമകനെ ചോദ്യം ചെയ്യും. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ റഷ്യന്‍ ബന്ധം അന്വേഷിക്കുന്ന കമ്മിറ്റിയാണ് ട്രംപിന്റെ മരുമകനും സഹായിയുമായ ജറാദ് കുഷ്‌നറെ ചോദ്യം ചെയ്യുക. കുഷ്‌നര്‍ സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റിക്കുമുമ്പാകെ ഹാജരാകുമെന്ന് വൈറ്റ്‌ഹൌസ് അറിയിച്ചു. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് റഷ്യയുടെ സഹായം തേടിയെന്ന ആരോപണത്തില്‍ സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റിയാണ് അന്വേഷണം നടത്തുന്നത്. എഫ്ബിഐയും അന്വേഷണം നടത്തുന്നുണ്ട്. ട്രംപിന്റെ മകള്‍ ഇവാന്‍ങ്കയുടെ ഭര്‍ത്താവാണ് ജറാദ് കുഷ്‌നര്‍.

ഹിലരി ക്ലിന്റനെ തോല്‍പ്പിക്കാന്‍ ട്രംപിനെ സഹായിക്കുന്നതിനായി റഷ്യ ചാരപ്പണി നടത്തിയിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ആരോപണത്തെ റഷ്യ നിഷേധിച്ചിരുന്നു. ആരോപത്തെ ‘വ്യാജ വാര്‍ത്ത’യാണെന്നായിരുന്നു ട്രംപിന്റെ മറുപടി. യു.എസ് കോണ്‍ഗ്രസിന്റെ രണ്ട് സമിതികളും എഫ്.ബി.ഐയും ആരോപണം അന്വേഷിക്കുന്നുണ്ട്. കുഷ്‌നര്‍ റഷ്യന്‍ അംബാസഡര്‍ സെര്‍ജി കിസ്‌കേയുമായി ന്യൂയോര്‍ക്കിലെ ട്രംപ് ടവറില്‍ വച്ചും റഷ്യന്‍ അധികൃതരുമായി റഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് ആസ്ഥാനത്തുവച്ചും കൂടിക്കാഴ്ച നടത്തിയെന്നാണ് ആരോപണം.

അതേസമയം, ആരോപണം അന്വേഷിക്കുന്ന കമ്മിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് റിപ്പബ്‌ളിക്കന്‍ അംഗം ഡെവിന്‍ നണ്‍സ് സ്വമേധയാ മാറിനില്‍ക്കണമെന്ന് ഡെമോക്രാറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. എങ്കില്‍മാത്രമേ ട്രംപും റഷ്യയും തമ്മിലുണ്ടായിരുന്ന ബന്ധം സത്യസന്ധമായി പുറത്തുകൊണ്ടുവരാന്‍ കഴിയൂവെന്ന് അവര്‍ പറഞ്ഞു. ട്രംപിന് വൈറ്റ് ഹൗസിലേക്കുള്ള പ്രവേശനം എളുപ്പമാക്കിയതില്‍ 35 കാരനായ കുഷ്‌നര്‍ക്കും നല്ലൊരു പങ്കുണ്ട്. 2015 ജൂണ്‍ മാസം യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനു വേണ്ടി ശ്രമം തുടങ്ങിയപ്പോള്‍ മുതല്‍ ട്രംപിനു വേണ്ടി രംഗത്തുണ്ടായിരുന്നു കുഷ്‌നര്‍.

പിന്നീട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാന്‍ പിടിച്ചതും കുഷ്‌നര്‍ തന്നെയായിരുന്നു. ട്രംപിനു വേണ്ടി പ്രസംഗം തയാറാക്കിയും, പ്രചാരണത്തെ സാങ്കേതിക തികവുള്ളതാക്കി മാറ്റുന്നതിലും കുഷ്‌നര്‍ പ്രത്യേകം ശ്രദ്ധിച്ചു. ട്രംപിന്റെ മകളുടെ ഭര്‍ത്താവ് എന്നതിലുപരി ജാരദ് റിയല്‍ എസ്റ്റേറ്റ് രംഗത്തെ അതികായനുമായ കുഷ്‌നര്‍ ന്യൂയോര്‍ക്ക് ഒബ്‌സര്‍വര്‍ എന്ന വീക്ക്‌ലി ന്യൂസ് പേപ്പറിന്റെ ഉടമയുമാണ്. ഹാര്‍വാര്‍ഡില്‍നിന്നും ബിരുദം നേടിയ കുഷ്‌നര്‍ വൈറ്റ് ഹൗസിലെ അധികാരത്തിന്റെ ഇടനാഴികളില്‍ കരുത്തുറ്റ സാന്നിധ്യമായി മാറുകയാണെന്ന് ട്രംപിനോട് അടുത്ത വൃത്തങ്ങള്‍ തന്നെ അടക്കം പറഞ്ഞു തുടങ്ങുമ്പോഴാണ് റഷ്യന്‍ ബന്ധ വിവാദം പുകഞ്ഞു കത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.