1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 24, 2017

സ്വന്തം ലേഖകന്‍: ജെല്ലിക്കെട്ടിന് അനുമതി നല്‍കിക്കൊണ്ടുള്ള ബില്‍ തമിഴ്‌നാട് നിയമസഭ പാസാക്കി, മറീന ബീച്ചിലെ പ്രക്ഷോഭം അവസാനിപ്പിച്ചു. മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വമാണ് ബില്‍ അവതരിപ്പിച്ചത്. പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്നാണ് ബില്‍ പാസ്സാക്കിയത്. ജെല്ലിക്കെട്ടിന് ഏര്‍പ്പെടുത്തിയ നിരോധനം നിയമ നിര്‍മാണം വഴി നീക്കണമെന്ന പ്രക്ഷോഭകരുടെ ആവശ്യം ഇതോടെ വിജയത്തിലെത്തി. ഗവര്‍ണറും രാഷ്ട്രപതിയും ഒപ്പു വയ്ക്കുന്നതോടെ നിയമം പ്രാബല്യത്തിലാകും.

ദിവസങ്ങള്‍ പിന്നിട്ട ജെല്ലിക്കെട്ട് സമരം മറീനാ ബീച്ചില്‍ അക്രമാസക്തമാകുകയും പോലീസ് ഇടപെട്ടതോടെ സമരക്കാര്‍ കടലില്‍ ചാടുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത സാഹചര്യത്തിലാണ് ബില്ലിന് സഭ അംഗീകാരം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസും സമരക്കാരും ഏറ്റുമുട്ടിയിരുന്നു. സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ആരോപിച്ച സമരക്കാര്‍ ചെന്നൈയില്‍ പോലീസ് സ്‌റ്റേഷനും ഒട്ടേറെ വാഹനങ്ങള്‍ക്കും തീ വയ്ക്കുകയും പോലീസുകാര്‍ക്കു നേരെ ശക്തമായ ആക്രമണം അഴിച്ചു വിടുകയും ചെയ്തും

മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത ചെറുക്കാനായുള്ള 1960 ലെ കേന്ദ്ര നിയമത്തിലെ ഭേദഗതിയാണ് ബില്ലില്‍ ഉണ്ടാകുക. തമിഴ്‌നാട്ടില്‍ മാത്രമേ ഈ ഭേദഗതിയ്ക്ക് പ്രാബല്യം ഉണ്ടാകൂ.ജല്ലിക്കെട്ടിന് അനുമതി നല്‍കുന്ന ബില്ലിന് തമിഴ്‌നാട് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതോടെ മറീനയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം അവസാനിപ്പിച്ചു. മറീനയിലെ സമരം പിന്‍വലിച്ചതോടെ ചെന്നൈയിലെ ഗതാഗതം പുനഃസ്ഥാപിച്ചു. മറീന ബീച്ചിന് പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു വന്ന സമരങ്ങളും പിന്‍വലിച്ചിട്ടുണ്ട്.

മറീന ബീച്ചിലെ ഐതിഹാസിക സമരം ജയലളിതയുടെ മരണത്തോടെ തമിഴ്മക്കളെ നിയന്ത്രിക്കാന്‍ കഴിവുള്ള ഒരു രാഷ്ട്രീയ നേതാവിന്റെ അഭാവവും തുറന്നു കാട്ടി. മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിനോ, ശശികലക്കോ സമരക്കാരെ സ്വാധീനിക്കാനായില്ല. മറീന ബീച്ചിലേയ്ക്ക് പോലീസിനെ അയച്ച് സമരക്കാരെ വരുതിയിലാക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമം തിരിച്ചടിക്കുകയും ചെയ്തു. ഡിഎംകെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളേയും സമരക്കാര്‍ കാര്യമായി അടുപ്പിച്ചില്ല എന്നതും ശ്രദ്ധേയമായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.