1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 14, 2019

സ്വന്തം ലേഖകന്‍: റിലയന്‍സ് ജിയോ ജിഗാ ഫൈബര്‍ ബ്രോഡ്ബാന്റ് സേവനം സെപ്തംബര്‍ അഞ്ച് മുതല്‍ ആരംഭിക്കും. റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡ് വാര്‍ഷിക പൊതുയോഗത്തിലാണ് മുകേഷ് അംബാനി ഇത് പ്രഖ്യാപിച്ചത്. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ അമ്പതിനായിരത്തോളം ഉപഭോക്താക്കള്‍ക്ക് ജിയോ ജിഗാ ഫൈബര്‍ സേവനം ലഭ്യമാകുന്നുണ്ട്. ഇപ്പോള്‍ തന്നെ ഒന്നരക്കോടിയിലേറെ ആളുകള്‍ ഇത് ബുക്ക് ചെയ്തിട്ടുണ്ട്.

ബ്രോഡ്ബാന്റ്, ടെലിവിഷന്‍, ലാന്‍ ഫോണ്‍ എന്നീ മൂന്ന് സേവനങ്ങള്‍ക്കായി 700 മുതല്‍ 10,000 രൂപ വരെയായിരിക്കും മാസനിരക്ക്. 100 എം.ബി.പി.എസ് മുതല്‍ 1 ജി.ബി.പി.എസ് വരെയാണ് ഡാറ്റാ സ്പീഡ്. വരിസംഖ്യ ഒരു വര്‍ഷത്തേക്ക് ഒന്നിച്ചടക്കുന്നവര്‍ക്ക് ഒരു എച്ച്.ഡി ടെലിവിഷന്‍ അല്ലെങ്കില്‍ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍, 4കെ സെറ്റ്, സെറ്റ്‌ടോപ് ബോക്‌സ്, ലാന്‍ലൈന്‍ ഫോണ്‍ എന്നിവ സൌജന്യമായി ലഭിക്കും. ഈ ലാന്‍ലൈനില്‍ നിന്നും ഇന്ത്യയൊട്ടാകെ എത്ര വേണമെങ്കിലും കോളുകള്‍ ചെയ്യാം.

മാസം 500 രൂപ കൂടുതല്‍ അടച്ചാല്‍ അമേരിക്ക, കാനഡ, എന്നിവടങ്ങളിലേക്കും വിളിക്കാം. കൂടുതല്‍ പേരുമായി വീഡിയോ കോണ്‍ഫറന്‍സിങ്ങ് നടത്താന്‍ സാധിക്കുന്ന സേവനവും ഇതിലുണ്ടാവും. രാജ്യത്ത് റിലീസ് ചെയ്യുന്ന പല ചിത്രങ്ങളും അതേ സമയം ടെലിവിഷനിലും കാണാനുള്ള സൌകര്യം ജിയോ ഫൈബര്‍ 2020ഓടെ ഒരുക്കും. ഇതോടൊപ്പം നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പോലുള്ള ഓവര്‍ ദി ടോപ് സൌകര്യങ്ങളും ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. റിലയന്‍സിന്റെ സെറ്റ്‌ടോപ് ബോക്‌സിലൂടെ ആവശ്യമെങ്കില്‍ പ്രദേശത്തെ കേബിള്‍ ഓപ്പറേറ്റര്‍മാരുടെ സിഗ്‌നലുകളും ലഭ്യമാക്കാം.

കേരളത്തില്‍ എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ എന്നീ ജില്ലകളിലായിരിക്കും പ്രാരംഭഘട്ടത്തില്‍ ജിയോ ഫൈബര്‍ സേവനം ലഭ്യമാകുക. പരീക്ഷണാടിസ്ഥാനത്തില്‍ നേരത്തെ തന്നെ ഈ നഗരങ്ങളിലെ 3,000 വീടുകളില്‍ സേവനം ലഭ്യമാക്കിയിരുന്നു. വാണിജ്യാടിസ്ഥാനത്തില്‍ സേവനം ആരംഭിച്ച് ആറോ പത്തോ മാസം കൊണ്ട് സംസ്ഥാനത്ത് അഞ്ച് ലക്ഷം വരിക്കാരെ നേടാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.