1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2021

സ്വന്തം ലേഖകൻ: ലോകരാജ്യങ്ങള്‍ മുഴുവന്‍ ആകാംക്ഷയോടെ കാത്തിരുന്ന സ്ഥാനാരോഹണ ചടങ്ങ് പൂർത്തിയായതോടെ യുഎസിൽ ബൈഡൻ യുഗം തുടങ്ങി. കൊവിഡ് വ്യാപനത്തിന്റെ നിയന്ത്രണമുള്ളതിനാല്‍ കര്‍ശന ഉപാധികളോടെയായിരുന്നു ചടങ്ങുകള്‍. 46ാമത് പ്രസിഡന്റായി ജോ ബൈഡൻ അധികാരത്തിലേറിയപ്പോൾ വൈസ് പ്രസിഡന്റായി കമലാ ഹാരിസും സത്യവാചകം ചൊല്ലി.

അമേരിക്കയുടെയും ജനാധിപത്യത്തിന്റെയും വിജയദിനമാണിതെന്ന് സ്ഥാനമേറ്റശേഷം ബൈഡന്‍ പറഞ്ഞു. പരമ്പരാഗതമായി സ്ഥാനാരോഹണച്ചടങ്ങ് നടന്നുവരുന്ന കാപ്പിറ്റോള്‍ കെട്ടിടത്തിലെ വെസ്റ്റ് ഫ്രണ്ടില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബേര്‍ട്ട്‌സ് ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ ഭാര്യ ജില്‍ ബൈഡന്‍ വഹിച്ച 127 കൊല്ലം പഴക്കമുള്ള തന്റെ കുടുംബ ബൈബിളില്‍ തൊട്ട് ബൈഡന്‍ ഏറ്റുചൊല്ലി.

ചുമതലയേറ്റശേഷം നടത്തിയ പ്രസംഗത്തില്‍ കൊവിഡ് കാലത്തെ അമേരിക്കക്കാരുടെ മരണത്തെ രണ്ടാംലോകയുദ്ധകാലത്തെ സ്ഥിതിയുമായാണ് ബൈഡന്‍ താരതമ്യപ്പെടുത്തിയത്. താന്‍ എല്ലാവരുടെയും പ്രസിഡന്റായിരിക്കുമെന്നും ബൈഡന്‍ പറഞ്ഞു. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും പ്രായംകൂടിയ പ്രസിഡന്റെന്ന ചരിത്രവും ബൈഡന്‍ കുറിച്ചു.

സുപ്രീംകോടതിയിലെ ആദ്യ ലാറ്റിനംഗമായ ജസ്റ്റിസ് സോണിയ സൊട്ടൊമെയറാണ് യു.എസിലെ ആദ്യ വൈസ് പ്രസിഡന്റായ കമലയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. കുടുംബസുഹൃത്ത് രെഗിന ഷെല്‍റ്റണും സുപ്രീംകോടതിയിലെ ആദ്യ ആഫ്രിക്കന്‍-അമേരിക്കന്‍ ജസ്റ്റിസായ തര്‍ഗുഡ് മാര്‍ഷലും വഹിച്ച രണ്ട് ബൈബിളുകളില്‍ തൊട്ടായിരുന്നു കമലയുടെ സത്യപ്രതിജ്ഞ.

മുന്‍പ്രസിഡന്റുമാരായ ബരാക് ഒബാമ, ജോര്‍ജ് ഡബ്ല്യു. ബുഷ്, ബില്‍ ക്ലിന്റണ്‍, മുന്‍ പ്രഥമവനിതകളായ മിഷേല്‍ ഒബാമ, ലോറ ബുഷ്, ഹിലരി ക്ലിന്റണ്‍ എന്നിവരും സന്നിഹിതരായി. ബൈഡന്‍കുടുംബത്തിന്റെ അടുത്ത സുഹൃത്തായ ജെസ്യൂട്ട് പുരോഹിതന്‍ ജെറെമിയാ ഡൊണോവന്‍ മംഗളസ്തുതി ചൊല്ലിയാണ് ചടങ്ങ് തുടങ്ങിയത്. ലേഡി ഗാഗ ദേശീയഗാനവും കവയിത്രി അമാന്‍ഡ ഗോര്‍മാന്‍ താനെഴുതിയ കവിതയും ചൊല്ലി. നടിയും ഗായികയുമായ ജെനിഫര്‍ ലോപസിന്റെ ഗാനാലാപനവുമുണ്ടായിരുന്നു.

രണ്ടാഴ്ചമുമ്പ് ഡൊണാള്‍ഡ് ട്രംപ് അനുകൂലികളില്‍നിന്നുണ്ടായ അനിഷ്ടസംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്ന ഭീതിയില്‍ അഭൂതപൂര്‍വമായ രീതിയില്‍ 25,000 സൈനികരെയാണ് സുരക്ഷയ്ക്കായി യു.എസിലൊരുക്കിയത്. അധികാരക്കൈമാറ്റത്തിന് കാക്കാതെ ഭാര്യ മെലാനിയക്കൊപ്പം ട്രംപ് ബുധനാഴ്ച വൈറ്റ്ഹൗസിന്റെ പടികളിറങ്ങിയിരുന്നു.

ബൈഡനെ അംഗീകരിക്കാൻ തയാറാ​യില്ലെങ്കിലും തന്‍റെ പിൻഗാമിക്കായി കത്ത്​ എഴുതിവെച്ചാണ്​ ​മുൻ പ്രസിഡന്‍റ്​ ​ഡോണൾഡ്​ ട്രംപിന്‍റെ വൈറ്റ്​ ഹൗസിൽ നിന്നുള്ള പടിയിറക്കം. അമേരിക്കൻ പ്രസിഡന്‍റിന്‍റെ വർക്കിങ്​ ഓഫിസായ ഓവൽ ഓഫിസിൽ ‘വളരെ മാഹാത്മ്യമുള്ള’ കത്ത്​ തനിക്കായി ട്രംപ്​ എഴുതിവെച്ചിരുന്നുവെന്ന്​ ബൈഡന്‍ പറഞ്ഞു. ഭരണകൈമാറ്റത്തിൽ പരമ്പരാഗതമായി നടന്നുവന്ന മര്യാദകളിൽ ട്രംപ്​ പാലിച്ചതും ഇതുമാത്രം.

സ്വകാര്യകത്തായതിനാൽ, ട്രംപുമായി സംസാരിക്കുന്നതുവരെ താൻ കത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ച്​ സംസാരിക്കില്ലെന്ന്​ വൈറ്റ്​ഹൗസിൽവെച്ച്​ മാധ്യമപ്രവർത്തകരോ​ട്​ ബൈഡന്‍ പറഞ്ഞു. ബൈഡന്‍റെ വിജയത്തിൽ ഒൗദ്യോഗികമായി അഭിനന്ദിക്കാനോ, സ്​ഥാനമേറ്റെടുക്കൽ ചടങ്ങിൽ പ​ങ്കെടുക്കാനോ ട്രംപ്​ തയാറായിരുന്നില്ല. അതിനാൽതന്നെ മുൻഗാമികൾക്ക്​ പ്രസിഡന്‍റ്​ കൈമാറുന്ന കത്ത്​ ട്രംപ്​ കാത്തുവെച്ചിട്ടുണ്ടോയെന്ന കാര്യം ബുധനാഴ്​ച ബൈഡൻ വെളിപ്പെടുത്തുന്നതു​വരെ വ്യക്തമല്ലായിരുന്നു.

“ജോ, അറിയാമല്ലോ, ഞാനാണു വിജയി,” എന്ന് എഴുതിവച്ചാണ് ട്രംപ് പോയതെന്നുവരെ സമൂഹമാധ്യമങ്ങളിൽ തമാശ ഉയർന്നു. പല ഊഹക്കത്തുകളും പ്രചരിച്ചു. മികച്ച ഒരു കത്താണ് ട്രംപ് എഴുതിയതെന്നാണ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചത്. അപ്പോഴും, അതിലെ ഉള്ളടക്കം എന്തായിരിക്കും എന്ന ആകാംക്ഷയ്ക്കു വിരാമമായിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.