1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2015

സ്വന്തം ലേഖകന്‍: ഫാസ്റ്റ് ഫുഡ് കാന്‍സറിലേക്കും പൊണ്ണത്തടിയിലേക്കുമുള്ള എളുപ്പ വഴിയെന്ന് പഠനം. അനുദിനം പടരുന്ന ഫാസ്റ്റ് ഫുഡ് സംസ്‌ക്കാരം ചെറുപ്പക്കാരില്‍ പൊണ്ണത്തടിക്കും കാന്‍സറിനുമുള്ള കാരണങ്ങളില്‍ ഒന്നാമതാണെന്ന് സമീപകാലത്തെ പഠനങ്ങള്‍ വ്യക്തമാക്കുന്നു. വിവിധ രുചികള്‍ക്കായി രാസവസ്തുക്കള്‍ ചേര്‍ത്ത ഭക്ഷണത്തിന്റെ സ്ഥിരമായ ഉപയോഗമാണ് വില്ലനാകുന്നത്.

ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങളിലെ പരിശോധനയാകട്ടെ ഒട്ടും ഫലപ്രദമല്ലതാനും. ഷവര്‍മ്മയും ഏറെ നേരം വച്ചിരുന്നാല്‍ കേട് വരുന്ന മയോണൈസും മരണത്തിന് വരെ കാരണമാകുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിരോധനത്തിനുളള നീക്കങ്ങള്‍ സംസഥാന സര്‍ക്കാര്‍ കൈകൊണ്ടിരുന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല.

ചെറുപ്പക്കാരുടെ മെനുവില്‍ ഒന്നാം സ്ഥാനത്താണ് ഇപ്പോഴും ഷവര്‍മ്മ. ഷവര്‍മ്മക്ക് പുറമെ സാന്റ് വിച്ച്, ബര്‍ഗര്‍, പോലുളള ജങ്ക് ഫുഡ് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ഇത്തരം ഭക്ഷണം കഴിക്കുമ്പോള്‍ സാച്ചുറേറ്റഡ് ഫാറ്റ് അഥവാ പൂരിത കൊഴുപ്പുകള്‍ കൂടുതലായി ശരീരത്തിലെത്തുന്നു.

ആഹാരം സമീകൃതമായെത്തുന്നതിന് പകരം കൊഴുപ്പ് അടിഞ്ഞ് കൂടുന്നതോടെ രക്തസമ്മര്‍ദ്ദം, അമിതവണ്ണം, പ്രമേഹം എന്നീ അസുഖങ്ങള്‍ക്ക് കാരണമാകുന്നുവെന്നാണ് വിദഗ്ദരുടെ മുന്നറിയിപ്പ്. ഫാസ്റ്റ് ഫുഡില്‍ രുചി കൂട്ടാന്‍ ഉപയോഗിക്കുന്ന വസ്തുക്കളാകട്ടെ കാന്‍സറിന് വരെ കാരണമാകുന്നു.

ഇത്തരം വസ്തുക്കളും ഭക്ഷണ പദാര്‍ഥങ്ങളും യാതൊരു വിധ നിയന്ത്രണമോ പരിശോധനകളോ കൂടാതെയാണ് മിക്ക ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങളിലും വിളമ്പുന്നത്. ഇവക്കൊപ്പം സോഫ്റ്റ് ഡ്രിങ്ക്‌സ് കൂടിയാകുമ്പോള്‍ അത് കിഡ്‌നിയുടെയും എല്ലിന്റെയും പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. നാം രോഗികളുടെ ഒരു തലമുറയായി മാറുകയാണെന്ന് സാരം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.