1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 23, 2020

സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുക്മ സാംസ്‌കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ- മാഗസിന്റെ 2020 ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചു. പ്രസിദ്ധീകരണത്തിൽ അഞ്ച് വർഷം പൂർത്തീകരിച്ച ജ്വാല ഇ-മാഗസിൻ ലോക പ്രവാസി മലയാളി സാഹിത്യരംഗത്തിന് അഭിമാനമായി മാറികഴിഞ്ഞിട്ടുണ്ട്. അറുപതാം ലക്കം പ്രസിദ്ധീകരിച്ചുകൊണ്ട് അഭിമാനകരമായൊരു നാഴികക്കല്ല് പിന്നിടാൻ ജ്വാലക്ക് കഴിഞ്ഞത് വായനയെ സ്നേഹിക്കുന്ന എല്ലാവർക്കും ഒരു സന്തോഷ വർത്തമാനം തന്നെയാണ്.

വേറിട്ടതും ഈടുറ്റതുമായ രചനകളാൽ സമ്പന്നമായ ഫെബ്രുവരി ലക്കത്തിന്റെ എഡിറ്റോറിയലിൽ ഇന്ത്യൻ വിദ്യാഭാസ രംഗത്തെ അപചയത്തെക്കുറിച്ചു ചീഫ് എഡിറ്റർ റജി നന്തികാട്ട് എഴുതുന്നു. കലാപങ്ങളും സംഘർഷങ്ങളും ഇന്ത്യൻ വിദ്യാഭാസത്തെ കലുഷിതമാക്കുന്നു. ജീവിത മൂല്യങ്ങൾ പഠിപ്പിക്കുന്നതിന് പകരം മത്സരപ്പരീക്ഷകൾ പാസാകാനുള്ള കുറുക്കുവഴികൾ പഠിപ്പിക്കുന്ന കേന്ദ്രങ്ങളായി ഇന്ത്യൻ വിദ്യാഭാസ രംഗം മാറിയിരിക്കുന്നതായി റജി നന്തികാട്ട് പത്രാധിപക്കുറിപ്പിൽ നിരീക്ഷിക്കുന്നു.

മലയാള സിനിമക്ക് മാത്രമല്ല ഇന്ത്യൻ സിനിമക്ക് തന്നെ അഭിമാനമായി മാറിയ ചലച്ചിത്ര സംവിധായകനും ചിത്രകാരനുമായ ജി അരവിന്ദന്റെ ജീവിതത്തിലൂടെയുള്ള സഞ്ചാരമാണ് ആർ. ഗോപാലകൃഷ്ണൻ എഴുതിയ അരവിന്ദൻ എന്ന ലേഖനം. ഫെബ്രുവരി ലക്കത്തിന്റെ മുഖചിത്രവും അരവിന്ദൻ തന്നെയാണ്. പച്ചയായ ജീവിതാനുഭവങ്ങൾ വിവരിക്കുന്ന ജോർജ്ജ് അരങ്ങാശ്ശേരിയുടെ സ്മരണകളിലേക്ക് ഒരു മടക്കയാത്രയിൽ താൻ നേരിട്ട ഒരു ജീവിതാനുഭവം മനോഹരമായി വിവരിക്കുന്നു.

വിനോയ് തോമസിന്റെ “മലയാള പാഠപുസ്തകങ്ങൾ മലയാള സാഹിത്യത്തോട് ചെയ്തത്” എന്ന ലേഖനം വിമർശനപരമായി നല്ലൊരു രചനയാണ്‌. സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്ന കവിയാണ് എം ബഷീർ. അദ്ദേഹത്തിന്റെ കവിതകൾ ജീവിതത്തിന്റെ അകത്തളങ്ങളിലെ കാഴ്ചകൾ നമ്മെ കാണിക്കുന്നു. എം. ബഷീറിന്റെ “ഗാന്ധിയെ കൊന്നതിന്റെ പിറ്റേന്ന്” എന്ന കവിത ഈ ലക്കത്തിലെ ശക്തമായ രചനകളിൽ ഒന്നാണ്. യു കെ മലയാളിയായ ബീനാ റോയി എഴുതിയ ഇംഗ്ലീഷ് കവിതയും അതിന്റെ മലയാള പരിഭാഷയും അടങ്ങിയ ” സമയത്തിന്റെ അന്ത്യം വരേയ്ക്കും ” എന്ന രചനയും കെ. വിഷ്ണുനാരായണൻ രചിച്ച ” സമ്മാനം ” എന്ന കവിതയും ഈ ലക്കത്തിലെ മനോഹര രചനകളാണ്.

വൈഖരീ ഈശ്വർ എഴുതിയ അച്ഛൻ എന്ന കഥയും ബിനു ആർ എഴുതിയ സന്യാസം ഒരു മരീചികയാണ് എന്ന കഥയും ആർ ഗോപാലകൃഷ്ണന്റെ “ഇളമുളച്ചി – ഒരു ശാസ്ത്ര കൗതുകം” എന്ന രചനയും വായനക്കാരുടെ പ്രിയ കൃതികൾ ആയിരിക്കും. റോയി സി ജെയുടെ ചിത്രങ്ങൾ രചനകളെ മനോഹരമാക്കുന്നു. ജ്വാല ഇ മാഗസിന്റെ ഫെബ്രുവരി ലക്കം വായിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.