1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 13, 2016

സുജു ജോസഫ്: സ്വതന്ത്രഭാഷണം ശക്തിപ്രാപിച്ചിരിക്കുന്ന ഈ കാലത്ത് അഭിപ്രായആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ക്ക് ഭരണകൂട സംവിധാനങ്ങള്‍ കൂച്ചുവിലങ്ങിടുന്ന പ്രവണത ലോകമെമ്പാടും വര്‍ദ്ധിച്ചുവരുന്നതായി ഓര്‍മ്മിപ്പിച്ചുകൊണ്ട് ‘ജ്വാല’ നവംബര്‍ ലക്കം പുറത്തിറങ്ങി. ജ്വാല മാസികയുടെ 25ാം ലക്കമാണ് ഈ മാസം പുറത്തിറങ്ങിയിരിക്കുന്നത്. എല്ലാ സ്വാതന്ത്ര്യത്തിന്റേയും അടിത്തറ അഭിപ്രായ സ്വാതന്ത്ര്യമാണെന്ന സത്യത്തിന് വേണ്ടത്ര പരിഗണന ലഭിക്കാതെ പോകുന്നത് നമുക്ക് ലഭിച്ചിരിക്കുന്ന ഭരണഘടനാ ആനൂകുല്യങ്ങള്‍ ഒരോന്നായി നിഷേധിക്കപ്പെടാന്‍ ഇടയാക്കുമെന്ന ദി ഇക്കണോമിസ്റ്റിന്റെ പഠനം ഉദ്ധരിച്ചുകൊണ്ടാണ് നമുക്ക് ലഭിച്ചിരിക്കുന്ന അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്യത്തെ ഏത് വിലകൊടുത്തും നിലനിര്‍ത്തണമെന്ന് എഡിറ്റര്‍ ശ്രീ. റജി നന്തിക്കാട്ട് എഴുതിയ എഡിറ്റോറിയലില്‍ എടുത്ത് പറയുന്നു. അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് എതിരേയുള്ള ഒരോ നീക്കത്തിനെതിരേയും നാം പ്രതികരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു. ഇക്കുറിയും ഒട്ടേറെ പുതുമകളുമായിട്ടാണ് ജ്വാലയുടെ പുതിയ ലക്കം പുറത്തിറങ്ങുന്നത്.
മലയാളിയെ എന്നും വാക്കുകള്‍കൊണ്ട് ഭാവനയുടെ സ്വര്‍ഗ്ഗങ്ങളിലേക്ക് കൂട്ടികൊണ്ടുപോയ കമലാ സുരയ്യയുടെ ‘ശരറാന്തലുകള്‍ കത്തുന്ന മനസ്സ്’ എന്ന ലേഖനമാണ് ഈ ലക്കത്തിലെ മുഖ്യ ആകര്‍ഷണം. ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും വേണ്ടിയല്ലാതെ സ്വതന്ത്രമായി സംസാരിക്കുന്ന മനുഷ്യര്‍ക്ക് വേണ്ടിയാണ് താനെഴുതിയതെന്ന് കമല സുരയ്യ പറയുന്നു. പലരുടേയും മനസ്സില്‍ ഗുഢതന്ത്രങ്ങളും മലിനമായ ആഗ്രഹവുമുണ്ടാകുമ്പോള്‍ താന്‍ മനസ്സില്‍ കത്തിച്ചുവെയ്ക്കുന്നത് പ്രതീക്ഷകളുടെ ശരറാന്തലുകളാണെന്നും കൊയ്യാനുള്ളതെല്ലാം താന്‍ തന്റെ വാക്കുകള്‍ കൊണ്ട് കൊയ്‌തെടുത്തെന്നും കമല എഴുതുന്നു.

സംഗീതാ നായര്‍ എഴുതിയ ‘ശ്രീകുമാരന്‍ തമ്പി എന്ന ചലച്ചിത്ര പ്രതിഭ’ എന്ന ലേഖനമാണ് ഈ ലക്കത്തിലെ മറ്റൊരു ആകര്‍ഷണം. പാട്ടെഴുത്തില്‍ അന്‍പത് വര്‍ഷം പിന്നിടുന്ന ശ്രീകുമാരന്‍ തമ്പി എന്ന ഗാനരചയിതാവിനേയും അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്ന അനുഭവസുന്ദരമായ ഗാനങ്ങളേയും കണ്ടെടുക്കാനുള്ള ലേഖികയുടെ വൈഭവം ലേഖനത്തിലുടനീളം കണ്ടെത്താനായി സാധിക്കും. ശ്രീകുമാരന്‍ തമ്പി മലയാള സിനിമാഗാനശാഖയ്ക്കായി സംഭാവന ചെയ്ത മൂവായിരത്തോളം ഗാനങ്ങളിലെ അദ്ദേഹത്തിന്റെ മാജിക്കല്‍ ടച്ച് കേള്‍ക്കുന്നവരില്‍ കാല്‍പ്പനികമായ അനൂഭൂതിയുണര്‍ത്തുന്നു. അതുകൊണ്ട് തന്നെയാണ് കാലം കടന്നുപോയിട്ടും ഇന്നും ഈ ഗാനങ്ങള്‍ അനശ്വരമായി നിലനില്‍ക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നു.

ഒരു കാലത്ത് നാടകവേദികളിലെ രാജാവായിരുന്ന ഗീഥാ സലാമെന്ന അഭിനയ പ്രതിഭയെ കുറിച്ച് സെയ്ഫ് ചക്കുവള്ളി എഴുതിയ ‘ഗീഥാ സലാമിന്റെ ഗാഥകള്‍’ എന്ന ലേഖനം വിസ്മൃതിയിലേക്ക് ഒഴുകിനീങ്ങുന്ന നാടകമെന്ന കലയെ കുറിച്ചുള്ള ഒരു ഓര്‍മ്മക്കുറിപ്പ് കൂടിയാണ്. നാടകകൃത്തില്‍ തുടങ്ങി നാടകത്തിന്റെ എല്ലാ കൈവഴികളിലൂടേയും ഒഴുകി സിനിമകളിലും സീരിയലുകളിലും എത്തി നില്‍ക്കുന്ന ഗീഥാ സലാം എന്ന നടന്‍ ശ്വാസതടസ്സമൂലമുള്ള ഒരു താല്‍ക്കാലിക വിശ്രമത്തിലാണ.് മുഖത്ത് ചായം തേക്കാതിരിക്കുന്ന കാലം ചിന്തയ്ക്കും അപ്പുറത്തുള്ള തനിക്ക് ഇന്നും എഴുപതിന്റെ ചെറുപ്പമാണെന്നും ഒരു തലമുറയില്‍ നാടകാഭിനിവേശത്തിന്റെ പ്രതീകമായി മാറിയ ഗീഥാ സലാം പറയുന്നു.

കമല മീര എഴുതിയ വിത്തെന്ന കവിത, അനാമിക സജീവിന്റെ കഥയല്ലിത് ജീവിതമെന്ന കഥ, ആകര്‍ഷ വയനാട് എഴുതിയ വിശപ്പ്, ദിവ്യാലക്ഷ്മിയുടെ പെയ്‌തൊഴിഞ്ഞ മഞ്ചാടികള്‍, ഷിലിന്‍ പരമേശ്വരന്റെ ആരൂഢം, ഇ. ഹരികുമാര്‍ എഴുതിയ ഒരു തേങ്ങലോടെ മാത്രം എന്ന അനുഭവം, ബീന റോയയുടെ ലീവ്‌സ് ഓഫ് ഓട്ടം എന്ന കവിത എന്നിവയാണ് ഈ ലക്കത്തിലെ മറ്റ് വിഭവങ്ങള്‍. മാഞ്ചസ്റ്ററിലെ റോയി മാത്യൂവിന്റെ മകള്‍ ലിയോണ റോയിയാണ് ഈ ലക്കത്തിലെ മുഖചിത്രമായിരിക്കുന്നത്.

യു.കെ. മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ സാംസ്‌ക്കാരിക വിഭാഗമായ യുക്മ സാംസ്‌ക്കാരിക വേദിയാണ് എല്ലാമാസവും ‘ജ്വാല’ അണിയിച്ചൊരുക്കുന്നത്. യുകെയിലെ പ്രവാസി മലയാളികളുടെ സര്‍ഗ്ഗാത്മകമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് ‘ജ്വാല’ ഇമാഗസിന്‍ പ്രശംസനീയമായ ഒരു മാതൃകയാണ് എന്ന് യുക്മ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സീസ് കവളക്കാട്ടില്‍ അറിയിച്ചു. ആഴത്തിലുള്ള വായനയ്ക്കും അര്‍ത്ഥ പൂര്‍ണ്ണമായ ആസ്വാദനത്തിനും ‘ജ്വാല’യുടെ ഓരോ ലക്കവും പ്രചോദനമാകട്ടെ എന്ന് യുക്മ ജനറല്‍ സെക്രട്ടറിയും ജ്വാല ഇമാഗസിന്‍ മാനേജിങ് എഡിറ്ററുമായ ശ്രീ. സജീഷ് ടോം ആശംസിച്ചു. യുക്മ സാംസ്‌കാരിക വേദി പ്രവര്‍ത്തകരുടെ നിസ്സീമമായ സഹകരണത്തിന് യുക്മ ദേശീയ സമിതി നന്ദി അറിയിച്ചു.

എല്ലാ മാസവും പത്താം തീയതിപ്രസിദ്ധീകരിക്കുന്ന ജ്വാല ഇമാഗസിനിലേക്ക് പുതുമയുള്ളതും മൗലികവുമായ സൃഷ്ടികള്‍ jwalaemagazine@gmail.com എന്ന വിലാസത്തിലേക്ക് അയക്കാവുന്നതാണ്.

ജ്വാല നവംബര്‍ ലക്കം ഇവിടെ വായിക്കാം

https://issuu.com/jwalaemagazine/docs/november_2016

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.