1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2012

പ്രത്യേക ലേഖകന്‍

ബ്രട്ടീഷ് പാര്‍ലമെന്റില്‍ സ്വീകരണമെന്നു പ്രലോഭിപ്പിച്ച് കേരളത്തിന്റെ ധനമന്ത്രിയും കേരള കോണ്‍ഗ്രസിന്റെ അനിഷേധ്യനേതാവുമായ കെ.എം.മാണിയെ ലണ്ടനില്‍ വിളിച്ചുവരുത്തി അപമാനിച്ച സ്വയംപ്രഖ്യാപിത കേരള കോണ്‍ഗ്രസ് നേതാവ് പ്രതിക്കൂട്ടില്‍.. ലണ്ടനിലെത്തിയ കേരളത്തിന്റെ ധനമന്ത്രി ഭാഗ്യംകൊണ്ടാണ് സ്വീകരണത്തിന്റെ പേരിലുണ്ടാകാമായിരുന്ന വന്‍വിവാദങ്ങളില്‍പ്പെടാതെ ജന്മനാട്ടില്‍ തിരിച്ചെത്തിയത്. യുകെയിലെത്തിയപ്പോഴാണ് ബ്രട്ടീഷ് പാര്‍ലമെന്റിലല്ല, മറിച്ച് പാര്‍ലമെന്റ് മന്ദിരത്തിലെ വാടകമുറിയില്‍ തനിക്ക് സ്വീകരണം നല്കുന്നതെന്ന് അദ്ദേഹം മനസിലാക്കുന്നത്.

അതിനും ആഴ്ചകള്‍ക്കുമുമ്പേ കെ.എം മാണിയെ ബ്രട്ടീഷ് പാര്‍ലമെന്റ് ആദരിക്കുന്നുവെന്ന തലക്കെട്ടില്‍ നാട്ടിലേയും വിദേശത്തേയും പത്രങ്ങള്‍ വെണ്ടയ്ക്ക നിരത്തിയതിനാല്‍ പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുന്നത് വലിയ അബദ്ധമാണെന്ന് അദ്ദേഹത്തിനു തോന്നുകയും ചെയ്തു. അതിനാല്‍ സ്വീകരണത്തില്‍ പങ്കെടുക്കുകയും അധ്വാനവര്‍ഗ്ഗ സിദ്ധാന്തത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയും ചെയ്തു. ഏതായാലും പരിപാടിയില്‍ പങ്കെടുത്തതാണ് വലിയ അബദ്ധമെന്ന് ധനമന്ത്രി കെ.എം മാണിക്ക് ഇപ്പോള്‍ തോന്നിയിരിക്കുകയാണ്. ബ്രട്ടീഷ് പാര്‍ലമെന്റിലെ ഒരു കൊച്ചുമുറിയിലാണെങ്കിലും തലയെടുപ്പോടെ നിന്ന് തന്റെ നിലപാടുകള്‍ വിശദീകരിച്ച കെ.എം.മാണി തിരിച്ചു പോയതോടെ അദ്ദേഹത്തിനു സ്വീകരണം നല്‍കിയെന്നതിന്റെ പേരില്‍ ചില കുഴിയാനകള്‍ എഴുന്നള്ളത്ത് തുടങ്ങിയിരിക്കുകയാണ്. പാര്‍ട്ടിയുടെ ഒരു സ്വയംപ്രഖ്യാപിത നേതാവാണ് ഇതില്‍ മുന്നില്‍.

ഇയാളുടെ പേരില്‍ തട്ടിപ്പുസംഘവുമായി ബന്ധമുള്ളയാളാണ് നേതാവെന്ന് നേരത്തെ ആരോപണമുണ്ട്. മന്ത്രി കെ.എം.മണിയുടെ ലണ്ടന്‍ പ്രഭാഷണവുമായി ബന്ധപ്പെട്ട് സംഘടനാതലത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നാണ് അണികളുടെ ആരോപണം. സംഘടനയോട് ആലോചിക്കാതെ കേരള ബിസിനസ് ഫോറം എന്ന സംഘടനയുമായി ചേര്‍ന്നാണ് സ്വയംപ്രഖ്യാപിത നേതാവ് സ്വീകരണം സംഘടിപ്പിച്ചത്. സാമ്പത്തികലാഭം മുന്‍നിര്‍ത്തി പാര്‍ട്ടിയുടെ പരമോന്നത നേതാവിനെ അവഹേളിച്ച പ്രവാസി കേരള കോണ്‍ഗ്രസ് പ്രസിഡന്റ്ിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും അണികള്‍ ആവശ്യപ്പെടുന്നു. വര്‍ഷങ്ങളായി പാര്‍ട്ടിയുടെ പ്രവര്‍ത്തനം യുകെയില്‍ നടക്കുന്നില്ല.

രണ്ടുവര്‍ഷം മുന്‍പ് തോമസ്‌ ചാഴികാടന്‍ സംഘടനയുടെ ഉദ്ഘാടനം നടത്തിയപ്പോള്‍ സ്വയം പ്രസിഡണ്ടായി അവരോധിച്ചു മുങ്ങിയ നേതാവ്‌ പിന്നീട് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത് കഴിഞ്ഞ ദിവസം മാണി സാറിനൊപ്പമാണ്.പാര്‍ട്ടിയുടെ നാഷണല്‍ കമ്മിറ്റി കൂടുവാനോ മെമ്പര്‍ഷിപ്പ് വിതരണം പൂര്‍ത്തിയാക്കാനോ ഈ നേതാവിന് സമയം ലഭിക്കാറില്ല. എന്തിന് കൂടുതല്‍ പറയണം, ലണ്ടന്‍ റീജിയന്‍ കെ.എം.മാണിക്കു നല്കിയ സ്വീകരണത്തില്‍ മറ്റു റീജിയണുകളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍പോലും ഈ നേതാവിന് കഴിഞ്ഞിട്ടില്ല. സംഘടനാ തലത്തില്‍ നാണംകുണുങ്ങിയാണെങ്കിലും നേതാവ് തട്ടിപ്പുപ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുമ്പോള്‍ സ്വഭാവംവേറെയാണ്.ബ്രിട്ടനിലെ ഒരു മഞ്ഞപ്പത്രക്കാരന്റെ ബിനാമിയായ ഇയാളുടെ പ്രധാന ഹോബി സംഘടനകളെ പിളര്‍ത്തലാണ്.കഴിഞ്ഞവര്‍ഷം മാഞ്ചസ്റ്ററിലെ ക്നാനായ സംഘടനയെ മൂന്നായി പിളര്‍ത്തിയതിനു പിന്നില്‍ ഇയാളുടെയും ആശാന്റെയും കുടിലതന്ത്രങ്ങള്‍ ആയിരുന്നു.

ഏതായാലും 12 തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി പാലായെ പ്രതിനിധാനംചെയ്ത,പ്രതിപക്ഷം പോലും ബഹുമാനിക്കുന്ന മാണിസാറിനെത്തന്നെ ഇയാള്‍ ഇത്തരത്തില്‍ കബളിപ്പിച്ചുവല്ലോ എന്നാണ് പ്രവര്‍ത്തകരുടെ സംശയം. 47 കൊല്ലത്തെ നിയമസഭാ പ്രവര്‍ത്തനത്തിനിടയില്‍ 20 കൊല്ലം മന്ത്രി. ധനമന്ത്രിയായിരുന്ന് ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ച, ഏറ്റവും കൂടുതല്‍ കാലം നിയമമന്ത്രിയായിരുന്ന, ആഭ്യന്തരം ഉള്‍പ്പെടെ ഒട്ടുമിക്ക വകുപ്പുകളും ഭരിച്ച ചരിത്രമുള്ള മാണിസാറിനെയാണ് ബ്രട്ടീഷ് പാര്‍ലമെന്റിന്റെ സ്വീകരണമെന്ന പേരില്‍ തട്ടിപ്പുകാര്‍ പ്രലോഭിപ്പിച്ചത്. ഏതായാലും കുഴിയാന നേതാക്കന്മാരുടെ എഴുന്നള്ളത്ത് അവസാനിക്കുകയാണ്. അധ്വാനവര്‍ഗ്ഗസിദ്ധാന്തത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന മാണി സാര്‍ നേതൃത്വം നല്കുന്ന പാര്‍ട്ടിക്കുവേണ്ടി ഒരിക്കല്‍പ്പോലും അധ്വാനിക്കാതെ സ്വയംപ്രഖ്യാപിത നേതാക്കന്മാരായ ഇത്തരക്കാര്‍ക്കെതിരേ നടപടി വേണമെന്ന ആവശ്യമാണ് അണികളില്‍ ഭൂരിഭാഗത്തിനും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.