1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 17, 2019

സ്വന്തം ലേഖകന്‍: ‘കെ.സുധാകരന്റെ വിവാദ പ്രചാരണ വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നത്,’ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് വീഡിയോ എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് സ്ത്രീവിരുദ്ധത നിറഞ്ഞ പരസ്യചിത്രവുമായി രംഗത്തെത്തിയത്. സ്ത്രീകള്‍ പോയാല്‍ ഒന്നും നടക്കില്ലെന്നും കാര്യം നടക്കണമെങ്കില്‍ ആണ്‍കുട്ടി പോകണമെന്നും പറഞ്ഞുവെക്കുന്നതാണ് പരസ്യം.

എതിര്‍സ്ഥാനാര്‍ത്ഥിയായ പി.കെ ശ്രീമതി ടീച്ചറെ പരോക്ഷമായി ലക്ഷ്യമിടുന്ന പരസ്യത്തില്‍ സ്ത്രീയെന്ന നിലയില്‍ മാത്രം എതിരാളിയെ ടാര്‍ഗറ്റ് ചെയ്യുന്നു. പി.കെ ശ്രീമതിയെന്ന എതിരാളി സ്ത്രീയാണെന്നും സ്ത്രീകളെക്കൊണ്ട് ഒന്നും നടക്കില്ലെന്നും അതിനാല്‍ ‘ആണ്‍കുട്ടിയായ ഓന്‍ പോണം’ എന്നുമാണ് പരസ്യ ചിത്രത്തിലൂടെ പറയുന്നു. പരസ്യ ചിത്രത്തിലെ ഡയലോഗായ ‘ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി’ എന്ന ക്യാപ്ഷനോടെയാണ് കെ. സുധാകരന്‍ ഈ വീഡിയോ അദ്ദേഹത്തിന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

ഓള് പോയി സംസാരിച്ചിട്ട് കാര്യം നടക്കൂല രാമാ, ഒരുവട്ടം പോയതല്ലേ, ആടപ്പോയിട്ട് ഓള് പറഞ്ഞത് ഓക്കും മനസിലായില്ല. അതാണെങ്കില്‍ ഓക്കൊട്ട് പിടീല്ല. ഓള പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി’ എന്നാണ് പി.കെ ശ്രീമതിയെ പരോക്ഷമായി സൂചിപ്പിച്ചുള്ള ഒരു പരാമര്‍ശം. ‘ഇനി ഓന്‍തന്നെ പോണം. ഓന്‍ ആണ്‍കുട്ടിയാണ് അനന്തേട്ടാ. ഓന്‍ പോയാല്‍ കാര്യം സാധിപ്പിച്ചിട്ടേ വരൂ’ എന്നു പറയുന്നിടത്താണ് പരസ്യം അവസാനിക്കുന്നത്.

അടുക്കളയില്‍ നിന്നും ചായയുമായെത്തുന്ന ഒരു പെണ്‍കുട്ടിയെ പ്രതീകാത്മകമായി നിര്‍ത്തിയാണ് ഈ പരസ്യം. പരസ്യത്തിനെതിരെ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിലെ വനിത നേതാക്കളെ അപമാനിക്കുന്നതാണ് വീഡിയോ എന്ന് സുഭാഷിണി പറഞ്ഞു. നേരത്തെയും കെ. സുധാകരന്റെ പ്രചരണ വീഡിയോ വിവാദമായിരുന്നു. ഇറച്ചിവെട്ടുന്നവരെ അധിക്ഷേപിക്കുന്ന വീഡിയോയ്‌ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.