1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 22, 2016

സ്വന്തം ലേഖകന്‍: ലോകമെങ്ങും കബാലി തരംഗം, സ്‌റ്റൈന്‍ മന്നന്റെ പുതിയ അവതാരം ഇന്ന് എത്തുന്നു. പാ രഞ്ജിത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം കബാലി ലോക്കമെങ്ങും ഇന്ന് റിലീസ് ചെയ്യുമ്പോള്‍ രജനീ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ വാനോളമാണ്. കബാലി ഒരു മാസ് ചിത്രമല്ല, മറിച്ച് റിയലിസ്റ്റിക്ക് ചിത്രമാണെന്ന് പാ രഞ്ജിത്ത് പറയുമ്പോഴും രജനീ ഫാന്‍സ് പ്രതീക്ഷിക്കുന്നത്, ‘വന്തിട്ടേന്ന് സൊല്ല്, തിരുമ്പി വന്തിട്ടേന്ന് സൊല്ല്’പോലുള്ള ഇടിവെട്ട് ഡയലോഗുകളാണ്.

നരച്ച താടിയും മുടിയും രോഷവും എല്ലാമായി ഇതുവരെ കാണാത്ത ഒരു രജിനി സ്‌റ്റൈലാണ് ചിത്രത്തിന്റെ ട്രെയിലര്‍ നല്‍കുന്നത്. തമിഴ്‌നാട്ടില്‍ ഇതിന് മുന്‍പും ട്രെന്‍ഡ് സെറ്ററുകള്‍ സൃഷ്ടിച്ചുള്ള രജനിയുടെ കബാലി സ്‌റ്റൈല്‍ ഇപ്പോള്‍ തന്നെ ഹിറ്റാണ്. തമിഴ്‌നാട്ടില്‍ ബാഷ ഉണ്ടാക്കിയതിനെക്കാള്‍ വലിയ പ്രകമ്പനമാണ് കബാലി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പാ രഞ്ജിത്ത് എന്ന സംവിധായകനകാട്ടെ അട്ടകത്തി, മദ്രാസ് എന്നീ സിനിമകളിലൂടെ സംവിധായകന്‍ എന്ന നിലയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചയാളാണ്. രഞ്ജിത്തിന്റെ മൂന്നാമത്തെ ചിത്രമായിട്ടുകൂടി രജിനി സമ്മതം മൂളിയെന്നത് കബാലിയുടെ തിരക്കഥയുടെ മികവാണെന്നും തമിഴകത്ത് സംസാരമുണ്ട്. എന്‍. ലിങ്കസ്വാമിയുടെയും വെങ്കട്പ്രഭുവിന്റെയുമൊക്കെ അസിസ്റ്റന്റായി ജോലി ചെയ്തിട്ടുള്ള രഞ്ജിത്തിന്റെ സിനിമകളില്‍ റിയലിസ്റ്റിക്ക് ടച്ചും കൊമേഴ്‌സ്യല്‍ ചേരുവകളും ചേരുമ്പടി ചേരാറുണ്ട്.

കബാലിയുടെ ഓരോ ഫ്രെയ്മിലും നിറഞ്ഞ് നില്‍ക്കുന്നത് രജനീകാന്ത് തന്നെ ആയിരിക്കുമെങ്കിലും ബോളിവുഡ് അഭിനയ റാണിയായ രാധികാ ആപ്‌തെ, ഇന്ത്യയില്‍ പോലും പ്രശസ്തനായ തായ്‌വാനീസ് നടന്‍ വിന്‍സ്റ്റണ്‍ ചാവോ, രഞ്ജിത്തിന്റെ ആദ്യ സിനിമയിലൂടെ പ്രശസ്തനായ ദിനേശ് രവി എന്നിവരും ചിത്രത്തില്‍ മികച്ച പ്രകടനവുമായെത്തുന്നു.

നെരുപ്പ് ഡാ എന്ന ടീസര്‍ ഗാനത്തിലൂടെ സന്തോഷ് നാരായണന്‍ എന്ന സംഗീത സംവിധായകനും താരമാകുകയാണ്. ഇതിനകം തന്നെ യുവതലമുറയിലെ ശ്രദ്ധേയനായ സംഗീത സംവിധായകനെന്ന് പേരെടുത്ത സന്തോഷിന്റെ മറ്റൊരു മുഖമാണ് കബാലിയിലെ പാട്ടും പശ്ചാത്തല സംഗീതവും സമ്മാനിക്കുന്നത്. കേരളമുള്‍പ്പടെ 1500 ഓളം സ്‌ക്രീനുകളില്‍ ഇന്നു മുതല്‍ കബാലി പടയോട്ടം തുടങ്ങുകയാണ്.

തമിഴ്‌നാടിനെപ്പോലും കടത്തിവെട്ടുന്ന രീതിയിലാണ് കേരളത്തിലും തിയ്യറ്ററുകളില്‍ കബാലിക്ക് ലഭിക്കുന്ന സ്വീകരണം. പുലര്‍ച്ചെ അഞ്ചു മണിക്കുള്ള ആദ്യ ഷോയ്ക്ക് നാല് മണിക്ക് മുന്‍പ് തന്നെ ആരാധകര്‍ എത്തിത്തുടങ്ങിയിരുന്നു കോഴിക്കോട് കൈരളി തിയ്യറ്ററില്‍. കൊച്ചിയിലും തിരുവനന്തപുരത്തും പാലക്കാട്ടുമെല്ലാം സ്ഥിതി വ്യത്യസ്തമല്ല.റിലീസിന് മുന്‍പേ റെക്കോഡുകള്‍ ഒട്ടനവധി ഭേദിച്ചുകഴിഞ്ഞു പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഈ രജനി ചിത്രം. കലൈപ്പുലി എസ്. താണുവാണ് നിര്‍മാണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.