1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2015

 

 

 

 

 

 

 

 

 

‘എന്താ ..ഒരു ചായ കുടിച്ചാലോ ..? ‘ എന്ന ചോദ്യം കേള്‍ക്കുമ്പോള്‍ മലയാളികള്‍ ഒന്നടങ്കം ഊറിച്ചിരിച്ചിരുന്ന ഒരു സമയം ഉണ്ടായിരുന്നു.കൃത്യമായി പറഞ്ഞാല്‍ ,കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കക്ഷി രാഷ്ട്രീയ ഭേദമന്യേ, എല്ലാ മലയാളികളും അതിരറ്റു സ്‌നേഹിച്ചിരുന്ന സഖാവ് ഇ കെ നായനാര്‍ കേരള മുഖ്യമന്ത്രി ആയിരുന്ന കാലം. അക്കാലത്ത് , മുഖ്യമന്ത്രി ഒരിക്കല്‍ പത്ര സമ്മേളനം നടത്തവേ കേരളത്തില്‍ സ്ത്രീകള്‍ക്ക് നേരെ വര്‍ദ്ധിച്ചു വരുന്ന ലൈംഗിക അക്രമങ്ങളെ ക്കുറിച്ച് ചോദിച്ച ഒരു പത്ര പ്രവര്‍ത്തകനോട്, കേരളത്തിലെ ജനങ്ങള്‍ അക്കാര്യത്തില്‍ വിദേശികളെ കണ്ടു പഠിക്കണം എന്നും അവര്‍ക്കത് നാം മലയാളികള്‍ ചായ കുടിക്കുന്നത് പോലെ സാധാരണ ഒരു സംഭവം മാത്രമാണെന്നും അദ്ദേഹം തമാശ രൂപേണേ മറുപടി നല്കി .സഖാവിന്റ്‌റെ സ്വത സിദ്ധമായ നര്‍മ്മം പൂണ്ട ആ മറുപടി ,മാധ്യമങ്ങള്‍ എല്ലാം തന്നെ അതേ രൂപത്തില്‍ ജനങ്ങളിലേക്ക് എത്തിച്ചു . ചായ കുടിക്കുക എന്നാല്‍ തമാശ കലര്‍ന്ന ഒരു അശ്ലീലച്ചുവയോടെ ജനങ്ങ ള്‍ കാണാന്‍ തുടങ്ങി. അങ്ങനെ ആയിടക്കെല്ലാം, വീട്ടിലെത്തുന്ന അതിഥികളോട് പോലും ‘ചായ കുടിക്കുക’ എന്ന വാക്ക് ഉപയോഗിക്കാനേ വീട്ടമ്മമാര്‍ വരെ മടിച്ചു എന്നതാണ് സത്യം. പറഞ്ഞു വരുന്നത് ചില പദ പ്രയോഗങ്ങള്‍ നമ്മളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന കാര്യമാണ് .നല്ല അര്‍ത്ഥങ്ങളും തെറ്റിദ്ധാരണ പരത്തുന്ന അര്‍ത്ഥങ്ങളും ചില പ്രയോഗങ്ങള്‍ക്കു കൈവന്നേക്കാം.

ഒരു പദപ്രയോഗം നല്ല അര്‍ത്ഥത്തില്‍ കേരളത്തിലെ കോളേജ് ക്യാമ്പസുകളില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന വിവരങ്ങളാണ് കൊച്ചി സൈന്റ്‌റ് ആല്‍ബര്‍ട്ട്‌സ് കോളേജിലെ ഒരുപറ്റം വിദ്യാര്‍ഥി സുഹൃത്തുക്കള്‍ക്ക് ഇപ്പോള്‍ പറയാനുള്ളത്.പ്രമേയം പ്രണയം തന്നെ.പക്ഷെ പ്രണയം എന്നാല്‍ മലയാളികള്‍ മറന്നു തുടങ്ങിയ കടല മുട്ടായി പോലെ നന്മകള്‍ നിറയുന്ന ഒരു വികാരം ആണ് എന്നാണ് ഈ യുവ കലാകാരന്മാര്‍ അണിയിച്ചൊരുക്കിയ ‘കടല മുട്ടായി ‘എന്ന കൊച്ചു സിനിമ പറയുന്നത്.യു ടുബിലൂടെ അസ്വാദകരിലേക്ക് എത്തിയ ഈ കഥ ഇപ്പോള്‍ കേരളത്തിലെ കലാലയങ്ങളില്‍ നിറഞ്ഞ ചര്‍ച്ച ആയി മാറിയിരിക്കുന്നു.യഥാര്‍ത്ഥ പ്രണയ ജോടികളെ ഇപ്പോള്‍ ‘കടല മുട്ടായികള്‍ ‘ എന്ന കോഡ് ഭാഷയില്‍ കൂട്ടുകാര്‍ വിളിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നു എന്നതാണ് ഈ സിനിമയുടെ വിജയം.

ഷോര്‍ട്ട് ഫിലിമുകളുടെ സാമ്പ്രദായിക രൂപഭാവങ്ങളെ ഉപേക്ഷിച്ച് നോണ്‍ ലീനിയര്‍ കഥാഖ്യാനത്തിന്റെ പുതുവഴികള്‍ തേടി വേറിട്ടൊരു കൊച്ചു സിനിമ സമ്മാനം  എന്ന് ഒറ്റവാക്കില്‍നമുക്കീ കൊച്ചുകലാസൃഷ്ട്ടിയെ നിര്‍വചിക്കാം. കടലമുട്ടായിയുടെ   അണിയറ പ്രവര്‍ത്തകരെല്ലാം കോളേജ് കുട്ടികളാണ്. പുതുതലമുറ മലയാളികള്‍ക്ക് അന്യമായി പോയ ഒന്നായ കടല മിഠായിയെ അടിസ്ഥാനപ്പെടുത്തിയാണ് കഥ വികസിപ്പിച്ചിരിക്കുന്നത്. പഴയതലമുറയുടെ മധുരിക്കുന്ന നൊസ്റ്റാള്‍ജിയകളില്‍ ഒന്നായ കടല മിഠായിയെ കഥാപുരോഗതിയില്‍ കൃത്യമായി ഉപയോഗിച്ചിരിക്കുന്നത് സംവിധായകനായ സഞ്ജു ജോസാണ്. 
 
സജിന്‍ ഗോപു, ആരതി എഡിസണ്‍, അതുള്‍ ശ്രീലത, നിതിന്‍ ജോസ് നിജൂള്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ടി കമ്പനിയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.   ഒരു കഥയെ സിനിമയാക്കുമ്പോള്‍,അതെങ്ങനെ  പുതു വഴികളിലൂടെ സഞ്ചരിച്ച്, ഹൃദ്യമായ ഒരനുഭവം ആക്കി മാറ്റാം എന്നതിന്റ്റെ ഉത്തമ ഉദാഹരണമാണ് , കൊച്ചിയില്‍ നിന്നും മലയാളികളുടെ മൊത്തം മനസ്സുകളിലേക്ക് കടല മുട്ടായി വില്‍ക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഈ കോളേജു കുട്ടികള്‍ നമുക്ക് കാട്ടിത്തരുന്നത്.
 
 
 ചിത്രത്തിന്‍റെ ലിങ്ക് താഴെ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.