1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 22, 2019

സ്വന്തം ലേഖകന്‍: 2020 ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും; സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് കമല ഹാരിസ്. 2020ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് കമല ഹാരിസ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്ററായിരുന്നു കമലാ ഹാരിസ്. ജമൈക്ക, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നായി അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്ത ദമ്പതികളുടെ മകളാണ് 53കാരിയായ കമല ഹാരിസ്.

സെനറ്റിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജ കൂടിയാണ്. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കമല മത്സരിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന്റെ ജന്മദിനമാഘോഷിക്കുന്ന വേളയിലാണ് കമലാ ഹാരിസ് തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. കാലിഫോര്‍ണിയയില്‍ നിന്ന് ആദ്യ ടേമില്‍ സെനറ്ററായിരുന്ന കമല ഹാരിസ് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ വളര്‍ന്നുവരുന്ന താരമാണ്.

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കുടിയേറ്റ നയങ്ങളെ നിശിതമായി വിമര്‍ശിച്ചതിലൂടെയാണ് കമല ശ്രദ്ധിക്കപ്പെടുന്നത്. സെനറ്ററാകുന്നതിന് മുമ്പ് കാലിഫോര്‍ണിയയിലെ അറ്റോര്‍ണി ജനറലായിരുന്നു. ഭരണതലത്തിലെ ട്രംപിന്റെ പല നിയമനങ്ങളേയും കമല ഹാരിസ് ശക്തമായി ചോദ്യം ചെയ്തിരുന്നു. യു.എസ് കോണ്‍ഗ്രസില്‍ അറ്റോര്‍ണി ജനറലായ ജെഫ് സെഷന്‍സിന്റെ രൂക്ഷ വിമര്‍ശകയുമായിരുന്നു.

യു.എസ് സെനറ്റിലെ കാലിഫോര്‍ണിയയില്‍ നിന്നുള്ള ഏറ്റവും ജൂനിയറായ അംഗം കൂടിയായിരുന്നു കമലാ ഹാരിസ്. അമേരിക്കയിലെ മധ്യവര്‍ഗക്കാരുടെ വര്‍ധിച്ചുവരുന്ന നികുതി ഭാരവും ജീവിതച്ചെലവുമാണ് കമലയുടെ പ്രധാന പ്രചാരണായുധങ്ങള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.