1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 9, 2018

സ്വന്തം ലേഖകന്‍: കണ്ണൂരിന്റെ ചിറകില്‍ ഇന്ന് നവകേരളം പറക്കും; കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കും; ഉദ്ഘാടന ദിവസം ഗോ എയര്‍ വിമാനം പറത്താന്‍ കണ്ണൂരുകാരനായ അശ്വിന്‍ നമ്പ്യാര്‍. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്നാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്യുക. രാവിലെ പത്ത് മണിക്കാണ് ഉദ്ഘാടന ചടങ്ങ്. ഒമ്പതരയ്ക്ക് ഡിപ്പാര്‍ച്ചര്‍ ഹാളില്‍ നിലവിളക്ക് കൊളുത്തിയ ശേഷം 9.55ന് ഇരുവരും ചേര്‍ന്ന് വിമാനം ഫ്‌ലാഗ് ഓഫ് ചെയ്യും.

കാത്തിരുന്ന പദ്ധതിയുടെ ഉദ്ഘാടവം വന്‍വിജയമാക്കാന്‍ ആവേശകരമായ ഒരുക്കങ്ങളാണ് മട്ടന്നൂരിലും പരിസരപ്രദേശങ്ങളിലും നടക്കുന്നത്. മുന്‍ മുഖ്യമന്ത്രിമാരായ വി എസ് അച്യുതാനന്ദനേയും ഉമ്മന്‍ചാണ്ടിയേും ചടങ്ങിലേക്ക് ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ച് ബിജെപി വേദിയിലേക്ക് മാര്‍ച്ചും മന്ത്രിമാരെ തടയലും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് വിമാനത്താവളത്തിലും പരിസരത്തും പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്കാണ് ആദ്യ സര്‍വീസ്. ഇന്ന് രാവിലെ പത്തിന് പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനം രാത്രി ഏഴിന് തിരിച്ചെത്തും. തുടര്‍ന്നുളള ദിവസങ്ങളില്‍ ഈ വിമാനം രാവിലെ ഒന്‍പതിന് പുറപ്പെട്ട് രാത്രി 8.20ന് തിരിച്ചെത്തും. ദോഹ, ഷാര്‍ജ, റിയാദ് എന്നിവടങ്ങളിലേക്കും എയര്‍ ഇന്ത്യ സര്‍വീസുണ്ടാകും. ഇതിന് പുറമേ മസ്‌ക്കറ്റിലേക്കുള്ള സര്‍വീസും ആരംഭിക്കും.

തുടക്കത്തില്‍ ആഴ്ച്ചയില്‍ നാല് ദിവസമുളള ഷാര്‍ജ സര്‍വീസ് പിന്നീട് ദിവസേനയാക്കാനും എയര്‍ ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. അബുദാബി, ദമാം, മസ്‌ക്കറ്റ്, ദോഹ, കുവൈറ്റ് എന്നിവടങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ ഗോ എയറും താത്പര്യം അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന ദിവസം കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് പറക്കുന്ന ഗോ എയര്‍ വിമാനത്തില്‍ പൈലറ്റായി മലയാളിയുമുണ്ടാവും. അശ്വിന്‍ നമ്പ്യാരാവും വിമാനത്തിന്റെ ഫസ്റ്റ് ഓഫീസര്‍.

രണ്ടുവര്‍ഷം മുമ്പ് കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യമിറങ്ങിയ ഡോണിയര്‍ വിമാനം പറത്തിയ കണ്ണൂര്‍ സ്വദേശി എയര്‍ മാര്‍ഷല്‍ രഘു നമ്പ്യാരുടെ മകനാണ് അശ്വിന്‍. 12.20 ന് ബെംഗളൂരുവില്‍നിന്നുള്ള ഗോ എയര്‍ വിമാനമെത്തും. തിരുവനന്തപുരത്തേക്കുള്ള സര്‍വീസില്‍ ചെറിയ മാറ്റം വരുത്തിയാണ് ഇന്ന് കണ്ണൂരില്‍ ഇറങ്ങുന്നത്. പിന്നീട് ഈ വിമാനം തിരുവനന്തപുരത്തേക്ക് പോകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.