1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 29, 2016

സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളം അടുത്ത വര്‍ഷം പകുതിയോടെ കമ്മീഷന്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ഉത്തര മലബാറിന്റെ വികസനത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ വിമാനത്താവളത്തിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ മറ്റു വിമാനത്താവള പദ്ധതികളില്‍നിന്ന് വ്യത്യസ്തമായി വളരെയധികം ചെലവു വരുന്ന ഗ്രീന്‍ഫീല്‍ഡ് ഗണത്തില്‍ പെടുന്നതാണ് കണ്ണൂര്‍ വിമാനത്താവളം. വിമാനത്താവളത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ വികസിപ്പിക്കേണ്ടി വരുന്നു എന്നുള്ളതു കൊണ്ടാണ് ഇത്. സ്വാഭാവികമായും ഇത് ഏറേ സമയം ആവശ്യമായി വരുന്ന ഒരു പ്രക്രിയയാണ്.

കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ വിമാനത്താവളം ലാഭകരമാകുകയുള്ളൂ. ഇക്കാരണത്താല്‍, വിമാനത്താവള പദ്ധതി ലാഭകരമാകുന്നത് വരെ സാമ്പത്തികമായ സഹായം (വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ്) നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു എങ്കിലും സംസ്ഥാനത്തിന്റെ ഈ ആവശ്യം കേന്ദ്രസര്‍ക്കാര്‍ നിരാകരിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കണ്ണൂര്‍ വിമാനത്താവളത്തിനാവശ്യമായ വായുഗതാഗത നിയന്ത്രണ, സുരക്ഷാ, കസ്റ്റംസ് സേവനങ്ങള്‍ ലഭ്യമാക്കേണ്ടത് അവയുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളാണ്. ഇതുമായി ബന്ധപ്പെട്ടിട്ടുള്ള ഉപകരണങ്ങള്‍, മനുഷ്യവിഭവശേഷി, പലിശ എന്നിവയെല്ലാം ഉള്‍പ്പെടുന്ന ഈ ചെലവ് വിമാനത്താവളത്തില്‍ നിന്നാണ് ഈടാക്കേണ്ടത്. എന്നാല്‍ ചുരുങ്ങിയ വരുമാനവും ഉയര്‍ന്ന മൂലധനച്ചെലവുമുള്ള കണ്ണൂര്‍ വിമാനത്താവള പദ്ധതിക്ക് ആദ്യ വര്‍ഷങ്ങളില്‍ ഈ ചെലവു താങ്ങാന്‍ പറ്റില്ല.

അതുകൊണ്ട്, കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളുടെ കോസ്റ്റ് റിക്കവറിയില്‍നിന്ന് ആദ്യ അഞ്ചു വര്‍ഷത്തേക്ക് കണ്ണൂര്‍ വിമാനത്താവളത്തെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്രസര്‍ക്കാരിന് കത്തയച്ചിട്ടുണ്ടെന്നും പിണറായി വിജയന്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.